*പ്രസിഡന്റ്സ് ട്രോഫി വള്ളംകളി ജനുവരി 10ന്*

Keralanewsmedia

*പ്രസിഡന്റ്സ് ട്രോഫി വള്ളംകളി ജനുവരി 10ന്*

കേരള ന്യൂസ്‌ മീഡിയ 

PRESS RELEASE 03/01/2026

*പ്രസിഡന്റ്സ് ട്രോഫി വള്ളംകളി ജനുവരി 10ന്*

പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയും ചാംപ്യന്‍സ് ബോട്ട് ലീഗ് ഫൈനലും ജനുവരി 10ന് അഷ്ടമുടിക്കായലില്‍ നടക്കും. ഇതുമായി ബന്ധപ്പെട്ട സംഘാടകസമിതി യോഗം കലക്ടറേറ്റില്‍ ചേര്‍ന്നു. മത്സരങ്ങള്‍ സുഗമമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഉറപ്പാക്കാന്‍ ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍ദേശം നല്‍കി.

വനിതകളുടെ വള്ളങ്ങള്‍ ഉള്‍പ്പെടെ ഒമ്പത് വള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. തേവള്ളി കൊട്ടാരത്തിന് സമീപത്തു നിന്നുള്ള സ്റ്റാര്‍ട്ടിങ് പോയിന്റ് മുതല്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിനു സമീപത്തെ ബോട്ട് ജെട്ടി വരെ 1,100 മീറ്ററിലാണ് മത്സരം. ഫലപ്രഖ്യാപനത്തില്‍ കൃത്യത ഉറപ്പാക്കാന്‍ ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകളാണ് സജ്ജമാക്കുക.

പരിപാടിയുടെ പ്രചരണാര്‍ഥം കലാ- കായിക പരിപാടികള്‍ നടത്തും. കഥാപ്രസംഗം, വഞ്ചിപ്പാട്ട് ഉള്‍പ്പെടെ സാംസ്‌കാരിക ഘോഷയാത്ര സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തി. എം.പി, എം.എല്‍.എ, ജില്ലാ കലക്ടര്‍ തുടങ്ങിയവരുടെ ടീമുകള്‍ പങ്കെടുക്കുന്ന ഫുട്ബോള്‍, വടംവലി, കബഡി മത്സരങ്ങളും വരുംദിവസങ്ങളില്‍ സംഘടിപ്പിക്കും.

യോഗത്തില്‍ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് അധ്യക്ഷനായി. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, എം നൗഷാദ് എം.എല്‍.എ, മേയര്‍ എ.കെ ഹഫീസ്, എ.ഡി.എം ജി നിര്‍മ്മല്‍കുമാര്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എക്സ്. ഏണസ്റ്റ്, റേസ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.കെ കുറുപ്പ്, സംഘാടക സമിതി അംഗങ്ങള്‍, വിവിധ ഉപസമിതി കണ്‍വീനര്‍മാര്‍, അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.കെ നമ്പര്‍ 10/2026)

*നിയമസഭാ തിരഞ്ഞെടുപ്പ്: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധനയ്ക്ക് തുടക്കമായി*

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കന്റോണ്‍മെന്റ് കോമ്പൗണ്ടിലുള്ള ഇ.വി.എം വെയര്‍ഹൗസില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസിന്റെ നേതൃത്വത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധനയ്ക്ക് തുടക്കമായി. അംഗീകൃത രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

25 മുതല്‍ 30 ദിവസം വരെയാണ് ആദ്യഘട്ട പരിശോധന. എല്ലാ യൂണിറ്റുകളുടെയും പ്രവര്‍ത്തനക്ഷമത, മെഷീന്‍ വൃത്തിയാക്കല്‍ തുടങ്ങി ഭൗതികവും സാങ്കേതികവുമായ പരിശോധനയാണ് ഭാരതീയ ഇലക്ട്രോണിക് ലിമിറ്റഡ് അംഗീകൃത എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ നടക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഫസ്റ്റ് ലെവല്‍ ചെക്കിങ് നേരിട്ട് കണ്ട് വിലയിരുത്താനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്.

തഹസില്‍ദാര്‍ ബോസ് ഫ്രാന്‍സിസാണ് ചാര്‍ജ് ഓഫീസര്‍. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബി. ജയശ്രീ, സൂപ്രണ്ട് കെ സുരേഷ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.കെ നമ്പര്‍ 11/2026)

*അക്ഷരോന്നതി പുസ്തക ശേഖരണത്തിന് തുടക്കമായി*

അക്ഷരോന്നതി പുസ്തക ശേഖരണത്തിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് നിര്‍വഹിച്ചു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളില്‍ വായനാശീലം വളര്‍ത്തുന്നതിനും പുസ്തകങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനും തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ആര്‍.ജി.എസ്.എ യുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണിത്. തദ്ദേശ സ്ഥാപനങ്ങളില്‍ സ്ഥിതിചെയ്യുന്ന എട്ട് സാമൂഹിക പഠനമുറികളിലേക്കും 22 വിജ്ഞാനവാടികളിലേക്കും എട്ട് പ്രീ മെട്രിക് ഹോസ്റ്റലിലേക്കുമുള്ള പുസ്തക ശേഖരണമാണ് നടത്തുന്നത്. 'വായനയിലൂടെ ഉന്നതിയിലേക്ക്' എന്ന ആശയത്തിലൂടെ പട്ടിക വിഭാഗങ്ങളില്‍ വായനാ സംസ്‌കാരം വളര്‍ത്തുകയാണ് ലക്ഷ്യം.

എ.ഡി.എം ജി നിര്‍മല്‍ കുമാര്‍, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ എസ് സുബോധ്, ഡെപ്യൂട്ടി ഡയറക്ടര്‍ ബി അജയകുമാര്‍, ജില്ലാ പ്രോജക്ട് മാനേജര്‍ എസ് എസ് ജിന്‍സി, ജില്ലാ പട്ടികവര്‍ഗ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍, ജില്ലാ സാക്ഷരത പ്രേരക് കോര്‍ഡിനേറ്റര്‍, ആര്‍ ജി എസ് എ കോര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

(പി.ആര്‍.കെ നമ്പര്‍ 12/2026)

*സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനുവരി അഞ്ച് മുതല്‍ ഏഴ് വരെ*

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനുവരി അഞ്ച് മുതല്‍ ഏഴ് വരെ നടക്കും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുടെയും അധ്യക്ഷരുടെയും തിരഞ്ഞെടുപ്പ് ചുമതല അതാത് വരണാധികാരികള്‍ക്കാണ്. ജില്ലാ പഞ്ചായത്തില്‍ ജനുവരി ആറിനും കോര്‍പറേഷനില്‍ ജനുവരി ഏഴിനുമാണ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ്.

മുഖത്തല, ഇത്തിക്കര ബ്ലോക്കുകളില്‍ ജനുവരി അഞ്ചിനും ശാസ്താംകോട്ട, ഓച്ചിറ, ചവറ, അഞ്ചല്‍, ചടയമംഗലം, കൊട്ടാരക്കര, ചിറ്റുമല, പത്തനാപുരം എന്നീ ബ്ലോക്കുകളിലും കൊട്ടാരക്കര നഗരസഭയിലും ജനുവരി ആറിനും തിരഞ്ഞെടുപ്പ് നടക്കും. പുനലൂര്‍, പരവൂര്‍, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റികളിലും വെട്ടിക്കവല ബ്ലോക്കിലും ജനുവരി ഏഴിനാണ് തിരഞ്ഞെടുപ്പ്.

ജില്ലാ പഞ്ചായത്തുകളിലെയും കോര്‍പറേഷനുകളിലെയും സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗങ്ങളുടെയും സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരുടെയും തിരഞ്ഞെടുപ്പിനുള്ള വരണാധികാരിയുടെ ചുമതല എഡിഎമ്മിനാണ്. മുനിസിപ്പാലിറ്റികളിലെ തിരഞ്ഞെടുപ്പിനുള്ള ചുമതല അതാത് മുനിസിപ്പാലിറ്റി വരണാധികാരികള്‍ക്കാണ്.

  ഗ്രാമ, ബ്ലോക്ക്പഞ്ചായത്തുകളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യവിദ്യാഭ്യാസകാര്യം എന്നിങ്ങനെ നാല് സ്റ്റാന്‍ഡിംഗ് കമ്മിറ്റികളും ജില്ലാ പഞ്ചായത്തില്‍ ധനകാര്യം, വികസനകാര്യം, പൊതു മരാമത്ത് കാര്യം, , ആരോഗ്യ വിദ്യാഭ്യാസകാര്യം, ക്ഷേമകാര്യം എന്നിങ്ങനെ അഞ്ച് സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുമാണ് രൂപീകരിക്കേണ്ടത്.

മുനിസിപ്പാലിറ്റികളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്ത് കാര്യം, വിദ്യാഭ്യാസ കലാകായികകാര്യം എന്നിങ്ങനെ ആറ് സ്റ്റാന്‍ഡിംഗ് കമ്മിറ്റികളും കോര്‍പ്പറേഷനുകളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്ത് കാര്യം, നഗരാസൂത്രണകാര്യം, നികുതി അപ്പീല്‍കാര്യം, വിദ്യാഭ്യാസ കായികകാര്യം എന്നിങ്ങനെ എട്ട് സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുമാണുള്ളത്.

(പി.ആര്‍.കെ നമ്പര്‍ 13/2026)

   

*പ്രതിഭാസംഗമവും സമ്മാനവിതരണവും*  

വിദ്യാര്‍ഥികളില്‍ സ്വയംപഠനത്തെ പ്രോത്സാഹിപ്പിച്ച് ശാസ്ത്രബോധം വളര്‍ത്തുന്നതിനായി സോഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് ഫോര്‍ സയന്‍സ് ടെക്‌നോളജി ആന്‍ഡ് ഹ്യൂമാനിറ്റി ഇന്‍ റൂറല്‍ ഏരിയാസ് (ശാസ്ത്ര) നടത്തിയ ബാലശാസ്ത്ര പരീക്ഷയിലെ വിജയികളായ പ്രതിഭകളുടെ സംഗമവും സമ്മാനവിതരണവും നടന്നു. ക്രേവണ്‍ എല്‍.എം.എസ്.എച്ച്.എസില്‍ ജില്ലാ പ്രതിഭാസംഗമം മേയര്‍ എ.കെ.ഹഫീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.ആര്‍. ലതാദേവി സമ്മാനവിതരണം നടത്തി. മുന്‍ കൗണ്‍സിലറും ശാസ്ത്രസാഹിത്യ പ്രചാരകനുമായ കെ.ഭാസ്‌കരന്‍ അധ്യക്ഷനായി. ബാലശാസ്ത്ര പരീക്ഷാ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കരീപ്ര എന്‍ രാജേന്ദ്രന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.ഐ.ലാല്‍, എച്ച്.എസ് റാം ബിനോയ്, കൊട്ടാരക്കര എ.ഇ.ഒ ബന്ദു ഒ, ശാസ്ത്ര സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ വി.ആര്‍ വി ഏഴോം, റിട്ട. ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ നീലേശ്വരം സദാശിവന്‍, കാണ്‍ഫെഡ് ഡയറക്ടര്‍ എം.കെ.ജയ, ജില്ലാ സാക്ഷരതാമിഷന്‍ അസി.കോ-ഓര്‍ഡിനേറ്റര്‍ ബി സജീവ്, യുവകവി അജേഷ് പെരുമ്പുഴ, സ്‌കൂള്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ അഞ്ജന ഉദയന്‍, സംഗീത എന്നിവര്‍ സംസാരിച്ചു.

 (പി.ആര്‍.കെ നമ്പര്‍ 14/2026)

*കേബിള്‍ ടിവി നെറ്റ് വര്‍ക്കുകള്‍ക്ക് അപേക്ഷിക്കാം*

ജില്ലയിലെ പ്രാദേശിക കേബിള്‍ ടിവി നെറ്റ്വര്‍ക്കുകള്‍ക്ക് സര്‍ക്കാര്‍ പരസ്യം ലഭിക്കുന്നതിന് അപേക്ഷിക്കാം. ഓരോ നെറ്റ്വര്‍ക്കിലും നല്‍കുന്ന പരസ്യങ്ങളുടെ രീതിയും അതിന് അനുസൃതമായ താരിഫും ഒരു ദിവസത്തേക്ക് കണക്കാക്കിയാണ് വിവരം നല്‍കേണ്ടത്. നെറ്റ്വര്‍ക്കിന്റെ പൂര്‍ണമായ വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐഡി എന്നിവ ഉള്‍പ്പെടുത്തി prdkollam@gmail.com ലേക്ക് ജനുവരി 5 ഉച്ചയ്ക്ക് മൂന്നിനകം വിവരങ്ങള്‍ നല്‍കണം.

(പി.ആര്‍.കെ നമ്പര്‍ 15/2026)

*റെക്കോര്‍ഡ് വരുമാന നേട്ടവുമായി അവധിക്കാല ഉല്ലാസയാത്രകള്‍ : 9,24,000 രൂപയുമായി കൊല്ലം ഡിപ്പോ*

ക്രിസ്മസ് -പുതുവത്സര അവധിക്കാല യാത്രകളിലൂടെ കെഎസ്ആര്‍ടിസി നേടിയത് ലക്ഷങ്ങളുടെ വരുമാനം. ജില്ലയിലെ 9 ഡിപ്പോകളില്‍ നിന്നുമായി 38 ലക്ഷം രൂപയാണ് ഉല്ലാസ യാത്രകളിലൂടെ ബജറ്റ് ടൂറിസം സെല്‍ നേടിയത്. 9,24,000 രൂപയുമായി കൊല്ലം ഡിപ്പോ ഒന്നാം സ്ഥാനത്തു എത്തിയപ്പോള്‍ 7,56,000 രൂപയുമായി കൊട്ടാരക്കര രണ്ടാമതും 5,96,000 രൂപയുമായി ചടയമംഗലം മൂന്നാമതും എത്തി. കരുനാഗപ്പള്ളി (5,60,120), പത്തനാപുരം (2,55,790), പുനലൂര്‍ (3,42,980), ചാത്തന്നൂര്‍ (2,32,260), കുളത്തൂപ്പുഴ (90,000), ആര്യങ്കാവ് (34,400) എന്നിങ്ങനെയാണ് മറ്റ് യൂണിറ്റുകളില്‍ നിന്ന് ലഭിച്ച വരുമാന നിരക്ക്.

 തിരുവൈരാണിക്കുളം നടതുറപ്പ് അനുബന്ധിച്ച് എല്ലാ ദിവസവും കൊല്ലം ഡിപ്പോയില്‍ നിന്നും ബസുകള്‍ ഉണ്ടാകും. ഡീലക്‌സ് ബസിന് 850 രൂപയും ലോ ഫ്‌ലോര്‍ എ സി ക്ക് 1100 രൂപയുമാണ് നിരക്ക്. ജനുവരി 6, 30 തീയതികളില്‍ ഗവി യാത്രാ ഉണ്ടായിരിക്കും. നിരക്ക് 1750 രൂപ. ജനുവരി 10, 25 തീയതികളില്‍ മൂന്നാര്‍ - കാന്തല്ലൂര്‍ യാത്രയും പാഞ്ചാലിമേട് യാത്രയും ഉണ്ടായിരിക്കും. (മൂന്നാര്‍ 2380 രൂപ, പാഞ്ചാലിമേട് 820 രൂപ)

 ജനുവരി 11, 24 ദിവസങ്ങളില്‍ ഇല്ലിക്കല്‍ കല്ല് യാത്ര രാവിലെ 5 ന് ആരംഭിക്കും. നിരക്ക് 820 രൂപ. ജനുവരി 17, 31 ദിവസങ്ങളില്‍ വാഗമണ്‍, പൊ•ുടി യാത്രകള്‍ ഉണ്ടായിരിക്കും. വാഗമണ്‍ നിരക്ക് 1020 രൂപ, പൊ•ുടി 650 രൂപ.

 ജനുവരി 18ന് കന്യാകുമാരി യാത്ര രാവിലെ 4.30ന് കൊല്ലത്തുനിന്നും ആരംഭിക്കും. തൃപ്പരപ്പ് വെള്ളച്ചാട്ടം, പത്മനാഭപുരം കൊട്ടാരം, കന്യാകുമാരി എന്നിവ സന്ദര്‍ശിക്കും. നിരക്ക് 800 രൂപ. ജനുവരി 22 ന്റെ പാലക്കാട് നെല്ലിയാമ്പതി യാത്ര രാത്രി 9 ന് ആരംഭിക്കും. രണ്ടു പകല്‍, രണ്ട് രാത്രി ദൈര്‍ഘ്യമുള്ള യാത്രയ്ക്ക് 2000 രൂപയാണ് നിരക്ക്. ആഡംബര കപ്പല്‍ യാത്രയായ നെഫര്‍റ്റിറ്റി ജനുവരി 26 ന് ഉണ്ടായിരിക്കും. രാവിലെ 10 ന് കൊല്ലത്തുനിന്നും ലോ ഫ്‌ളോര്‍ ബസില്‍ എറണാകുളത്തു എത്തി കപ്പലില്‍ അഞ്ചുമണിക്കൂര്‍ ചുറ്റി മടങ്ങിയെത്തുന്ന യാത്രയ്ക്ക് 3840 രൂപയാണ് നിരക്ക്. അന്വേഷണങ്ങള്‍ക്ക്: 9747969768, 9995554409.

(പി.ആര്‍.കെ നമ്പര്‍ 16/2026)

   

 

*ക്ലിന്റ് സ്മാരക ബാല ചിത്രരചന മത്സരം ജനുവരി 10ന്*

 ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ക്ലിന്റ് സ്മാരക ജില്ല ബാല ചിത്രരചന മത്സരം ജനുവരി 10ന് രാവിലെ ഒമ്പത് മുതല്‍ ആശ്രാമം ശ്രീനാരായണഗുരു സാംസ്‌ക്കാരിക സമുച്ചയത്തില്‍ നടത്തും. എല്‍.പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായാണ് മത്സരം. ഭിന്നശേഷി വിഭാഗത്തില്‍ കാഴ്ചശക്തി കുറവുള്ളവര്‍, സംസാരവും കേള്‍വികുറവും നേരിടുന്നവര്‍ എന്നിങ്ങനെ തിരിച്ചായിരിക്കും മത്സരം. ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ജില്ലാതലത്തില്‍ മാത്രമാണ് മത്സരം. ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ജലഛായം, എണ്ണഛായം, പെന്‍സില്‍ ഡ്രായിംഗ് എന്നിവ ഉപയോഗിക്കാം. സ്‌കൂള്‍ ഐ.ഡി. കാര്‍ഡുകള്‍ സഹിതം എത്തണം. രാവിലെ 8.30 നാണ് രജിസ്‌ട്രേഷന്‍. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും, മെമന്റോയും മെഡലും വിതരണം ചെയ്യും. ജില്ലാതല മത്സരത്തിലെ വിജയികള്‍ക്ക് ജനുവരി 24ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കാം. ഫോണ്‍: 9747402111, 9895345389, 9447719520.

(പി.ആര്‍.കെ നമ്പര്‍ 17/2026)

*അശ്വമേധം 7.0 : രോഗനിര്‍ണയ ഭവനസന്ദര്‍ശനം ജനുവരി ഏഴ് മുതല്‍ 20 വരെ*

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ അശ്വമേധം 7.0 കുഷ്ഠരോഗ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി രോഗനിര്‍ണയ ഭവനസന്ദര്‍ശന യജ്ഞം ജനുവരി ഏഴ് മുതല്‍ 20 വരെ നടക്കും. ബാക്ടീരിയ മൂലം ഉണ്ടാകുന്ന കുഷ്ഠരോഗം പ്രധാനമായും വായുവിലൂടെ പകരുന്നു. തൊലിപ്പുറത്ത് വരുന്ന സ്പര്‍ശനശേഷി കുറഞ്ഞതും നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകള്‍, തടിപ്പുകള്‍, തടിച്ചതും തിളക്കം ഉള്ളതുമായ ചര്‍മ്മം, വേദന ഇല്ലാത്ത വ്രണങ്ങള്‍, കൈകാലുകള്‍ക്ക് ഉണ്ടാകുന്ന വൈകല്യങ്ങള്‍, കണ്ണടയ്ക്കാനുള്ള പ്രയാസം എന്നിവയാണ് ലക്ഷണങ്ങള്‍. ആരംഭത്തില്‍ രോഗം കണ്ടുപിടിക്കാനും രോഗാതുരാവസ്ഥ, അംഗവൈകല്യങ്ങള്‍ ഒഴിവാക്കാനും മുന്‍കൂട്ടിയുള്ള രോഗനിര്‍ണയം അത്യാവശ്യമാണ്.

ജില്ലയിലെ 16 ബ്ലോക്ക് സി.എച്ച്.സി, അഞ്ച് അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പരിശീലനം ലഭിച്ച 2001 വീതം പുരുഷ- സ്ത്രീ വോളന്റിയര്‍മാര്‍ വീടുകള്‍ സന്ദര്‍ശിച്ച് പരിശോധനകള്‍ നടത്തും. രോഗ ലക്ഷണങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് ആരോഗ്യകേന്ദ്രങ്ങള്‍ മുഖേന സമ്പൂര്‍ണ സൗജന്യ ചികിത്സ ഉറപ്പാക്കും.

വൊളന്റിയര്‍മാരുടെ ഭവനസന്ദര്‍ശന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി ഓരോ അഞ്ചു ടീമിനും ഒരു ആരോഗ്യപ്രവര്‍ത്തക/ പ്രവര്‍ത്തകനെ സൂപ്പര്‍വൈസറായി ചുമതലപ്പെടുത്തും. ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ബ്ലോക്ക്- ജില്ലാ തലങ്ങളിലും പ്രത്യേകം നിരീക്ഷിക്കും. രോഗമുണ്ടെന്ന് സംശയിക്കപ്പെടുന്ന കേസുകളെ പി എച്ച് സി/എഫ് എച്ച് സി/സി എച്ച് സി തലത്തിലേക്കു എത്തിക്കും. പ്രത്യേക റഫറല്‍ സ്ലിപ്പും അശ്വമേധം സ്‌പെഷ്യല്‍ ഒ.പി കൗണ്ടറും സജ്ജീകരിക്കും. പ്രാഥമികപരിശോധനയില്‍ രോഗം സംശയിക്കുന്നവരെ ഡെര്‍മറ്റോളജിസ്റ്റ് പരിശോധിക്കുകയും രോഗികള്‍ക്ക് സമ്പൂര്‍ണ സൗജന്യ ചികിത്സയും ഉറപ്പാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

(പി.ആര്‍.കെ നമ്പര്‍ 18/2026)

 *പരിശീലനം*

  കൊട്ടാരക്കര കില സി.എസ്.ഇ.ഡി- യില്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്കും സ്വയം സഹായ സംഘാംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ജനുവരി ആറ് മുതല്‍ എട്ട് വരെ കോഴിവളര്‍ത്തലില്‍ പരിശീലനം നടത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി: 18-50 വയസ്. അവസാനതീയതി: ജനുവരി അഞ്ച്. ഫോണ്‍: 7012644256.  

(പി.ആര്‍.കെ നമ്പര്‍ 19/2026)

*തൊഴിലാളി ശ്രേഷ്ഠ പുരസ്‌ക്കാരം*

  മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് തൊഴിലാളി ശ്രേഷ്ഠ പുരസ്‌ക്കാരത്തിന് അപേക്ഷിക്കാം. മികച്ച തൊഴിലാളിക്ക് ക്യാഷ് അവാര്‍ഡും പ്രശംസാപത്രവും നല്‍കും. www.lc.kerala.gov.in മുഖേന ജനുവരി എട്ടിനകം അപേക്ഷിക്കണം. ഫോണ്‍: 0474 2749334.  

(പി.ആര്‍.കെ നമ്പര്‍ 20/2026)

*യുവജന വിനിമയ പരിപാടി*  

യുവജനകാര്യ കായിക മന്ത്രാലയം, മേരാ യുവ ഭാരത് അന്തര്‍ സംസ്ഥാന യുവജന വിനിമയ പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരിയില്‍ തെലങ്കാന, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പരിപാടി നടക്കുന്നത്. ജില്ലയില്‍ നിന്ന് പത്ത് പേര്‍ക്കാണ് അവസരം. ജില്ലാ, സംസ്ഥാന, ദേശീയ തലത്തില്‍ കല, സ്‌പോര്‍ട്‌സ്, പ്രസംഗ മത്സരങ്ങളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് മുന്‍ഗണന. ഫോണ്‍:7558892580.

(പി.ആര്‍.കെ നമ്പര്‍ 21/2026)

*ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റിംഗ്*

കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ ജനുവരി അഞ്ച്, 12, 19 തീയതികളില്‍ കോട്ടയം സിവില്‍ സ്റ്റേഷന്‍ ബാര്‍ അസോസിയേഷന്‍ ഹാളിലും ഏഴ്, 14, 21 തീയതികളില്‍ പുനലൂര്‍ മിനി സിവില്‍സ്റ്റേഷന്‍ ബാര്‍ അസോസിയേഷന്‍ ഹാളിലും 17, 24, 31 തീയതികളില്‍ പീരുമേട് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ ഓഫീസിലും 27ന് തൊടുപുഴ കോടതി സമുച്ചയത്തിലും മറ്റു പ്രവൃത്തിദിനങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍തര്‍ക്ക കേസുകളും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ നടത്തും. ഫോണ്‍. 0474-2792892.

(പി.ആര്‍.കെ നമ്പര്‍ 22/2026)

 

*പട്ടികവര്‍ഗ കമ്മീഷന്‍ അദാലത്ത് ജനുവരി ആറിന്*

ജില്ലയില്‍ പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്‍ അദാലത്ത് ജനുവരി ആറിന് രാവിലെ 10.30 മുതല്‍ വൈകിട്ട് അഞ്ച് വരെ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശേഖരന്‍ മിനിയോടന്‍, അംഗങ്ങളായ റ്റി. കെ. വാസു, അഡ്വ. സേതു നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കും. പരാതി പരിഹാര അദാലത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ഫോണ്‍ : 9188916128, 9188916126.

(പി.ആര്‍.കെ നമ്പര്‍ 23/2026)

*കോഴ്‌സ് പ്രവേശനം*

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജില്‍ വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. https://app.srccc.in/register മുഖേന ജനുവരി 15 വരെ അപേക്ഷ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് : www.srccc.in ഫോണ്‍ : 0471 2325101, 8281114464.

(പി.ആര്‍.കെ നമ്പര്‍ 24/2026)

 

*ടെന്‍ഡര്‍*

 ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് മുഖേന ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട വനിത (എസ്.സി)കള്‍ക്ക് സൈഡ് വിലോടുകൂടിയ സ്‌കൂട്ടര്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി 15 വൈകിട്ട് 3.30 വരെ സ്വീകരിക്കും. ഫോണ്‍: 0474 2585024, 8281999099, 9446524441.

(പി.ആര്‍.കെ നമ്പര്‍ 25/2026)

*ടെന്‍ഡര്‍*

കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രത്തിന്റെ ലാബിലേക്ക് വി.ആര്‍ ഹെഡ്‌സെറ്റും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി 13 വൈകിട്ട് നാല് വരെ സ്വീകരിക്കും. ഫോണ്‍: 0474 2454032.

(പി.ആര്‍.കെ നമ്പര്‍ 26/2026)

*ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും*

  പോലീസ് വകുപ്പിലെ പോലീസ് കോണ്‍സ്റ്റബിള്‍ ട്രെയിനി (കാറ്റഗറി നമ്പര്‍ 740/24), ആംഡ് പോലീസ് ബറ്റാലിയന്‍ (എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് മാത്രം) (കാറ്റഗറി നമ്പര്‍ 484/2024) തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ജനുവരി ആറ്, ഏഴ്, എട്ട്, ഒമ്പത്, 12 തീയതികളില്‍ ശ്രീനാരായണ കോളജ് ഗ്രൗണ്ടിലും ജനുവരി എട്ട്, ഒമ്പത്, 12, 13, 14 തീയതികളില്‍ കൊട്ടിയം ഡോണ്‍ ബോസ്‌കോ കോളജ് ഗ്രൗണ്ടിലും രാവിലെ 5.30 മുതല്‍ നടത്തും. പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ അസലുമായി നിശ്ചിത സമയത്ത് ഹാജരാകണം. രണ്ട് തസ്തികയിലുമായി അഡ്മിഷന്‍ ടിക്കറ്റുകള്‍ ലഭിക്കുന്നവര്‍ രണ്ട് കാറ്റഗറിയിലുമുള്ള കായികക്ഷമതാ പരീക്ഷയില്‍ പങ്കെടുക്കണം. വിജയിക്കുന്നവര്‍ക്ക് ഒറ്റത്തവണ പ്രമാണ പരിശോധന അന്നേദിവസം തന്നെ ജില്ലാ/മേഖലാ ഓഫീസുകളില്‍ നടത്തും. ഫോണ്‍: 0474 2743624.

(പി.ആര്‍.കെ നമ്പര്‍ 27/2026)

*അറിയിപ്പ്*

 കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ അനുവദിക്കപ്പെട്ട 60 വയസ് പൂര്‍ത്തിയാകാത്ത കുടുംബ/സാന്ത്വന പെന്‍ഷന്‍ ഗുണഭോക്താക്കള്‍ പെന്‍ഷന്‍ ലഭിക്കുന്നതിനായി പുനര്‍ വിവാഹിതര്‍ അല്ലെന്ന സര്‍ട്ടിഫിക്കറ്റ് ജനുവരി 15 നകം ഹാജരാക്കണം. ഫോണ്‍: 0474 2799845.  

(പി.ആര്‍.കെ നമ്പര്‍ 28/2026)

https://whatsapp.com/channel/0029VbB8Qvk0Vyc8yxp1wP2H