*മന്ത്രി എം ലിജുവിന്റെ അടിയന്തര ഇടപെടൽ; കൃഷ്ണപുരത്ത് UG കേബിളുകൾ സ്ഥാപിക്കാൻ KSEB ഉത്തരവിറക്കി*
വാർത്താക്കുറിപ്പ്
16.09.2026
*മന്ത്രി എം ലിജുവിന്റെ അടിയന്തര ഇടപെടൽ; കൃഷ്ണപുരത്ത് UG കേബിളുകൾ സ്ഥാപിക്കാൻ KSEB ഉത്തരവിറക്കി*
*ഓച്ചിറ ഇരുപത്തെട്ടാം ഓണ മഹോത്സവത്തിന് മുൻപ് സ്ഥാപിക്കാൻ നിർദേശം*
തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ഓച്ചിറ ഇരുപത്തെട്ടാം ഓണമഹോത്സവത്തിന്റെ ഭാഗമായുള്ള കെട്ടുകാഴ്ചയ്ക്ക് തടസ്സമായി നിന്ന കൃഷ്ണപുരം ഇലക്ട്രിക് പോസ്റ്റ് വിഷയത്തിന് ശാശ്വത പരിഹാരം. മഹോത്സവത്തിന്റെ ഭാഗമായി കൂറ്റൻ കെട്ടുകാളകളെത്തുമ്പോൾ തടസ്സമായി നിന്ന ഇലക്ട്രിക് ലൈനുകൾ മാറ്റി അണ്ടർഗ്രൗണ്ട് (യു.ജി) കേബിളുകൾ സ്ഥാപിക്കാൻ കെ.എസ്.ഇ.ബി ഉത്തരവിറക്കി. കായംകുളം എം.എൽ.എ കൂടിയായ സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജുവിന്റെ ആവശ്യപ്രകാരമാണ് കെ.എസ്.ഇ.ബിയുടെ നടപടി. മഹോത്സവം നടക്കുന്ന സെപ്റ്റംബർ 23 ന് മുൻപായി യു.ജി കേബിളുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തീകരിക്കണമെന്നും കെ.എസ്.ഇ.ബി ഇറക്കിയ ഉത്തരവിൽ പറയുന്നു.
മന്ത്രി എം ലിജുവും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫും കെ.എസ്.ഇ.ബി അധികൃതരും തമ്മിൽ നടത്തിയ ചർച്ചയിൽ നേരത്തെതന്നെ ഇക്കാര്യത്തിൽ തീരുമാനമായിരുന്നു. കെട്ടുകാളകൾ പോകുന്ന വഴിയിൽ കൃഷ്ണപുരത്ത് ദേശീയപാതയുടെ ഒരുവശത്തായി 19 ഇലക്ട്രിക് പോസ്റ്റുകളാണുള്ളത്. ഇത് എഴുന്നള്ളിപ്പിന് തടസ്സം സൃഷ്ടിക്കുന്ന സാഹചര്യം ഏറെനാളായി നിലനിന്നിരുന്നു. ഇത് പരിഹരിക്കണമെന്ന ജനങ്ങളുടെ നിരന്തര ആവശ്യം കണക്കിലെടുത്താണ് മന്ത്രി എം ലിജു ഇക്കാര്യം വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് നടന്ന ചർച്ചകളിൽ ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി, പകരം യു.ജി കേബിളുകൾ സ്ഥാപിക്കാൻ തീരുമാനമായി. എന്നാൽ, കാളകെട്ട് സമിതിയും ഓച്ചിറ ക്ഷേത്രഭരണ സമിതിയും ചേർന്ന് 48.40 ലക്ഷം രൂപ അടയ്ക്കണമെന്നായിരുന്നു കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിരുന്നത്. തുടർന്ന് നടത്തിയ മന്ത്രിതല ചർച്ചയിൽ 50 ശതമാനം തുക 24.20 ലക്ഷം) വീതം കെ.എസ്.ഇ.ബിയും ക്ഷേത്രഭരണ സമിതിയും വഹിക്കാമെന്ന് ധാരണയായി. ഇന്നലെ നടന്ന അവസാനഘട്ട ചർച്ചയിൽ വിഷയം പ്രത്യേക കേസായി പരിഗണിക്കാമെന്ന് കെ.എസ്.ഇ.ബി തീരുമാനിക്കുകയും ഇന്ന് ഉത്തരവിറക്കുകയുമായിരുന്നു.
ഹരിപ്പാട് ഇലക്ട്രിക്കൽ സർക്കിളിലെ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറെ തുടർനടപടികൾക്കായി ചുമതലപ്പെടുത്തുകയും ചെയ്തു. ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യത്തിനാണ് ഇതോടെ ശാശ്വത പരിഹാരമായത്. സെപ്റ്റംബർ 23 നാണ് ഓച്ചിറ ഇരുപത്തെട്ടാം ഓണമഹോത്സവം നടക്കുന്നത്.













