രണ്ടു മാസം കൊണ്ട് അഞ്ചു ലക്ഷം രൂപയുടെ വരുമാനം. യാത്ര ആസ്വദിക്കാൻ എത്തുന്നവരിൽ ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവരും വിദേശികളും. വെള്ളമിറങ്ങിയതോടെ വീണ്ടും യാത്രക്കാരെ പ്രതീക്ഷിച്ചു ജലഗതാഗത വകുപ്പിന്റെ കോട്ടയം -ആലപ്പുഴ ബോട്ട് സർവീസ്
രണ്ടു മാസം കൊണ്ട് അഞ്ചു ലക്ഷം രൂപയുടെ വരുമാനം. യാത്ര ആസ്വദിക്കാൻ എത്തുന്നവരിൽ ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവരും വിദേശികളും. വെള്ളമിറങ്ങിയതോടെ വീണ്ടും യാത്രക്കാരെ പ്രതീക്ഷിച്ചു ജലഗതാഗത വകുപ്പിന്റെ കോട്ടയം -ആലപ്പുഴ ബോട്ട് സർവീസ്
കോട്ടയം: രണ്ടു മാസം കൊണ്ട് അഞ്ചു ലക്ഷം രൂപയുടെ വരുമാനം. ജൂണിൽ മഴയും വെള്ളപ്പൊക്കവും കാരണം വരുമാനം കുറഞ്ഞു.വെള്ളമിറങ്ങിയതോടെ വീണ്ടും യാത്രക്കാരെ പ്രതീക്ഷിച്ച് ജലഗതാഗത വകുപ്പിന്റെ കോട്ടയം - ആലപ്പുഴ ബോട്ട് സർവീസ്.
പരന്നൊഴുകുന്ന കൊടൂരാറിലൂടെ കായൽ ഓളപ്പരപ്പും ഗ്രാമീണ കാഴ്ചകളും കണ്ട്, പിന്നാലെ വേമ്പനാടു കായലിന്റെ ഭംഗി ആസ്വദിച്ച് ആലപ്പുഴയിലേക്കു പോകുന്ന ബോട്ട് സർവീസിന് ആരാധകർ ഏറെയാണ്.
വേനൽ അവധിക്കാലത്ത് രണ്ടു മാസത്തിൽ ടിക്കറ്റിനത്തിൽ അഞ്ചര ലക്ഷം രൂപയുടെ വരുമാനമാണു കോടിമത സ്റ്റേഷനിൽ നിന്നു ജലഗതാഗത വകുപ്പിന് ലഭിച്ചത്.കോട്ടയം - ആലപ്പുഴ കായൽയാത്രയിൽ സർക്കാർ ബോട്ടുകൾ ഏപ്രിലിൽ രണ്ടര ലക്ഷവും മെയിൽ മൂന്ന് ലക്ഷവും നേടി. മുൻ വർഷത്തേക്കാൾ കൂടുതലായിരുന്നു ഇതെന്ന് അധികൃതർ പറയുന്നു.
മഴക്കാലമായതോടെ മൺസൂൺ വൈബ് തേടിയെത്തുന്ന യാത്രക്കാരുമുണ്ട്. പ്രകൃതിഭംഗി ആസ്വദിച്ച് വേഗത്തിൽ കോട്ടയത്ത് നിന്ന് ആലപ്പുഴയിൽ എത്താൻ ചെലവു കുറഞ്ഞൊരു യാത്രയാണിത്. 29 രൂപയാണ് ടിക്കറ്റ് നിരക്ക്.
മത്സ്യ തൊഴിലാളികൾ, കർഷകർ, ഉദ്യോഗസ്ഥർ തുടങ്ങിയ സ്ഥിരം യാത്രക്കാർക്കു പുറമേ, ഇപ്പോൾ, സ്വദേശികളും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരും വിനോദ സഞ്ചാരത്തിനായി ബോട്ടിൽഎത്താറുണ്ട്. വടക്കൻ ജില്ലകളിൽനിന്നുള്ളവരാണു കൂടുതൽ.
ഏപ്രിൽ, മെയ് മാസങ്ങളിലായി ഇത്തരത്തിൽ 40,000 യാത്രക്കാരെത്തി. തുടക്കത്തിൽ കൊടൂരാറും ഇരു കരകളും ഗ്രാമീണ ഭംഗിയുമാണ് യാത്രക്കാരെ ആകർഷിക്കുന്നത്. കായലിലെത്തുന്നതോടെ കാഴ്ചകളുടെ എണ്ണമേറും.
കോടിമതയിൽ നിന്ന് രണ്ടും ആലപ്പുഴയിൽ നിന്ന് ഒരു ബോട്ടുമാണു സർവീസ് നടത്തുന്നത്. കോടിമതയിൽനിന്നു പുറപ്പെട്ട് കൊടൂരാറിലൂടെ കാഞ്ഞിരം, വെട്ടിക്കാട്, പുത്തൻതോട്, പള്ളിക്കായൽ, ആർ.ബ്ലോക്ക്, പുന്നമട വഴി ആലപ്പുഴ ബോട്ട് ജെട്ടിയിലെത്തും.
കോട്ടയത്ത് നിന്ന് രാവിലെ 6.45,പകൽ 11.30, ഒന്ന്, 3.30, വൈകിട്ട് 5.15 എന്നീ സമയത്താണ് സർവീസ്.
ആലപ്പുഴയിൽനിന്ന് രാവിലെ 7.15, 9.35, പകൽ 11.30, 2.30, വൈകിട്ട് 5.15 എന്നീ സമയങ്ങളിലാണ് മടക്കയാത്രാ ബോട്ട്. വെള്ളമിറങ്ങിയതോടെ കൂടുതൽ പേർ എത്തുമെന്ന പ്രതീക്ഷയാണ് ജലഗതാഗത വകുപ്പിനുള്ളത്.













