*ജില്ലാതല കേരളോത്സവം ജനുവരി 31 മുതല്‍*  

Keralanewsmedia

*ജില്ലാതല കേരളോത്സവം ജനുവരി 31 മുതല്‍*  

കേരള ന്യൂസ്‌ മീഡിയ 

*PRESS RELEASE KOLLAM* *29.01.2026* 

*ജില്ലാതല കേരളോത്സവം ജനുവരി 31 മുതല്‍*  

യുവജനക്ഷേമബോര്‍ഡും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം ജനുവരി 31 മുതല്‍ ഫെബ്രുവരി രണ്ടുവരെ വിവിധ വേദികളില്‍ സംഘടിപ്പിക്കും. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളില്‍ 31 ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ആര്‍. ലതാദേവി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ആര്‍ അരുണ്‍ ബാബു അധ്യക്ഷനാകും.

 

ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാള്‍, ക്യൂ എ സി ഗ്രൗണ്ട്, ആശ്രാമം മൈതാനം, കല്ലുവാതുക്കല്‍ കബഡി ഇന്‍സ്റ്റിറ്റ്യൂട്ട്, ടോറസ് സ്പോര്‍ട്സ് അക്കാദമി, എസ് എന്‍ പബ്ലിക് സ്‌കൂള്‍ വടക്കേവിള, സര്‍ക്കാര്‍ ബോയ്സ് എച്ച്എസ്എസ് കൊല്ലം, കടപ്പാക്കട സ്പോര്‍ട്സ് ക്ലബ്, സ്പോര്‍ട്സ് കൗണ്‍സില്‍ തുടങ്ങിയവയാണ് വേദികള്‍.

യുവജന ക്ഷേമ ബോര്‍ഡ് അംഗം എസ്.കവിത, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ബി.ജയന്തി, എസ്.സെല്‍വി, ടി.അജയന്‍, ജി.സരസ്വതി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി റ്റി.കെ സയൂജ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വി.എസ് ബിന്ദു, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്ററും സംഘാടക സമിതി കോര്‍ഡിനേറ്ററുമായ എസ്.ഷബീര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. (പി.ആര്‍.കെ നമ്പര്‍ 253/2026)

_രക്തസാക്ഷി ദിനാചരണം 30ന്_

*ഗാന്ധിസ്മൃതികള്‍ക്ക് പുനര്‍ജനിയേകുന്ന പരിപാടികള്‍*

രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ദീപത്മായ ഓര്‍മകള്‍ക്ക് പുനര്‍ജനിയേകി രക്തസാക്ഷിദിനാചരണം ജനുവരി 30ന്. ചിന്നക്കട റസ്റ്റ് ഹൗസിന് മുന്നില്‍ രാവിലെ 7.30ന് ജില്ലാ കലക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്ന ശാന്തിയാത്രയോടെയാണ് ജില്ലാഭരണകൂടം, ഗാന്ധി പീസ് ഫൗണ്ടേഷന്‍, കൊല്ലം കോര്‍പറേഷന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല പരിപാടികള്‍ക്ക് തുടക്കം. ബീച്ചിലെ ഗാന്ധിപാര്‍ക്കില്‍ പദയാത്ര എത്തുന്നതോടെ രാവിലെ എട്ടിന് ഗാന്ധിസ്മൃതി സമ്മേളനം തുടങ്ങും. ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ ഉദ്ഘാടനം നിര്‍വഹിക്കും. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷയാകും. ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ ഗാന്ധിസ്മൃതി പ്രഭാഷണം നടത്തും.

എന്‍. കെ. പ്രേമചന്ദ്രന്‍ എം. പി, എം.എല്‍.എ മാരായ എം.നൗഷാദ്, എം. മുകേഷ് എന്നിവരാണ് വിശിഷ്ടാതിഥികള്‍. മേയര്‍ എ.കെ. ഹഫീസ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ലതാദേവി, വൈസ് പ്രസിഡന്റ് എസ്. ആര്‍. അരുണ്‍ ബാബു, ഡെപ്യൂട്ടി മേയര്‍ കരുമാലില്‍ ഡോ. ഉദയ സുകുമാരന്‍, എ.ഡി.എം ജി. നിര്‍മല്‍ കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഡി. ഷൈന്‍ദേവ്, വാര്‍ഡ് കൗണ്‍സിലര്‍ വിന്‍സി ബൈജു എന്നിവര്‍ ആശംസ നേരും.

ഗാന്ധിപീസ് ഫൗണ്ടേഷന്‍ വര്‍കിംഗ് ചെയര്‍മാന്‍ പോള്‍മത്തായി ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിനല്‍കും, സെക്രട്ടറി ജി. ആര്‍. കൃഷ്ണകുമാര്‍ ഗാന്ധിസ്മൃതി പ്രഭാഷണം നടത്തും. ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് സ്വാഗതവും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ. എസ് ശൈലേന്ദ്രന്‍ നന്ദിയും പറയും. (പി.ആര്‍.കെ നമ്പര്‍ 254/2026)

*രക്തസാക്ഷി ദിനാചരണം: ഗാന്ധി പ്രശ്നോത്തരി സംഘടിപ്പിച്ചു*

രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും കൊല്ലം കോര്‍പ്പറേഷനും ഗാന്ധി പീസ് ഫൗണ്ടേഷനും സംയുക്തമായി ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഗാന്ധി പ്രശ്നോത്തരി നടത്തി. 

'മഹാത്മാഗാന്ധിയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും' വിഷയത്തില്‍ നടന്ന മത്സരത്തില്‍ വടക്കുംതല എസ് വി പി എം എച്ച് എസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ എച്ച്.എസ്.ഹിദ, കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ എന്‍.ഇര്‍ഫ എന്നിവര്‍ ഒന്നാം സ്ഥാനം നേടി. പ്രാക്കുളം എന്‍എസ്എസ് ഹൈസ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ എസ്.ആര്‍.ചൈത്രേഷ്, എം ജി ടി എച്ച് എസ് മുഖത്തല എട്ടാം ക്ലാസ് വിദ്യാര്‍ഥി എസ്.മുഹമ്മദ് ഷരിന്‍ഷാ എന്നിവര്‍ക്കാണ് രണ്ടാം സ്ഥാനം. അയ്യന്‍കോയിക്കല്‍ സര്‍ക്കാര്‍ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി അയന അജീഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സമ്മാനം ജനുവരി 30ന് ഗാന്ധി പാര്‍ക്കില്‍ ചേരുന്ന ഗാന്ധിസ്മൃതി സമ്മേളനത്തില്‍ വിതരണം ചെയ്യും.

ക്രേവന്‍ എല്‍ എം എസ് എച്ച് എസില്‍ ഡെപ്യൂട്ടി മേയര്‍ കരുമാലില്‍ ഡോ. ഉദയാ സുകുമാരന്‍ മത്സരം ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷന്‍ കുരുവിള ജോസഫ് അധ്യക്ഷനായി. ഗാന്ധി പീസ് ഫൗണ്ടേഷന്‍ സെക്രട്ടറി ജി.ആര്‍.കൃഷ്ണകുമാര്‍, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ.ഡി.ഷൈന്‍ ദേവ്, ക്രേവന്‍ എല്‍ എം എസ് സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ബ്രൈറ്റ് ജോസഫ്, സീനിയര്‍ അസിസ്റ്റന്റ് ജി. മാത്യൂസ് തുടങ്ങിയവര്‍ പങ്കെടുത്തു. (പി.ആര്‍.കെ നമ്പര്‍ 255/2026)

*ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ: സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി* 

ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ ഉത്പാദിപ്പിച്ച കമ്പനി-വിതരണക്കാര്‍ എന്നിവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ ഉത്തരവ്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിച്ച വെളിച്ചെണ്ണ സാമ്പിളുകള്‍ പരിശോധിച്ചതില്‍ ചിലതില്‍ ഗുണനിലവാരം കുറഞ്ഞവയാണെന്ന പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കാന്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരോട് നിര്‍ദേശിച്ചത്.  

നിലവാരമില്ലാത്ത നാല് ബാച്ച് വെളിച്ചെണ്ണ 'കേരസൂര്യ' ബ്രാന്‍ഡ് ഉല്‍പാദിപ്പിച്ച എറണാകുളത്തെ ജെ എം ജെ ട്രേഡേഴ്സ് സ്ഥാപനത്തിനെതിരെ കൂടുതല്‍ അന്വേഷണം നടത്താന്‍ എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കത്തയച്ചു. കൊക്കോപ്ലസ്, കുട്ടനാടന്‍ കേര, ഫ്രഷ് ലി, കേര ഗ്രാമീണ്‍, ചന്ദ്രകല്‍പ, കേരഹരിതം എന്നീ ബ്രാന്‍ഡുകള്‍ ഉത്പാദിപ്പിച്ച സ്ഥാപനങ്ങളുടെ കൂടുതല്‍ ബാച്ചുകളും പരിശോധനയ്ക്ക് വിധേയമാക്കും. ലേബല്‍/ബില്ല് എന്നിവയില്ലാത്ത ഭക്ഷ്യ എണ്ണകള്‍ വ്യാപാരികള്‍ വില്‍ക്കരുതെന്നും ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ 1800 425 1125 ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാം. (പി.ആര്‍.കെ നമ്പര്‍ 256/2026)

*മൃഗസംരക്ഷണ വകുപ്പിന്റെ ആംബുലേറ്ററി ക്ലിനിക് ആരംഭിച്ചു* 

ജില്ലയിലെ പട്ടികവര്‍ഗ ഉന്നതികളില്‍ സൗജന്യമൃഗ ചികിത്സയും മരുന്ന് വിതരണവുമായി മൃഗസംരക്ഷണ വകുപ്പിന്റെ ആംബുലേറ്ററി ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു. ഇവിടത്തെ വളർത്തുമൃഗങ്ങളെയും പക്ഷികളെയും പദ്ധതി മുഖേന ക്യാമ്പുകള്‍ നടത്തി പരിശോധിച്ച് സൗജന്യ മരുന്നും ചികിത്സയും ഉറപ്പാക്കും. രോഗം വരാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതിന് ബോധവത്കരണവും ലക്ഷ്യമിടുന്നു. ചിതറ പഞ്ചായത്തിലെ കൊച്ചരിപ്പ ഉന്നതിയില്‍ പദ്ധതിക്ക് തുടക്കമായി. ചിതറ പഞ്ചായത്ത് പ്രസിഡന്റ് ലീന ഓമനദേവന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ഡി.ഷൈന്‍കുമാര്‍ അധ്യക്ഷനായി. സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ബി.സോജ വെറ്ററിനറി സര്‍ജന്‍മാരായ വിഷണുദത്ത്, രേഷ്മ, രശ്മി എന്നിവര്‍ പങ്കെടുത്തു. എല്ലാ മാസവും രണ്ട് ക്യാമ്പുകള്‍ നടത്തുവാനാണ് ലക്ഷ്യം. ഉറുകുന്ന്, ആര്യങ്കാവ് എന്നിവിടങ്ങളിലും പദ്ധതി നടപ്പാക്കുമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി.ഷൈന്‍കുമാര്‍ അറിയിച്ചു.

(പി.ആര്‍.കെ നമ്പര്‍ 257/2026)

*റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാം*

പൊതു വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വെള്ള, നീല റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന (ബി.പി.എല്‍) വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകള്‍ ഫെബ്രുവരി 13 ന് വൈകിട്ട് 5 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. 25,000 രൂപയ്ക്ക് മുകളില്‍ പ്രതിമാസ വരുമാനമുള്ളവര്‍, സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍, 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍, ഒരേക്കറില്‍ കൂടുതല്‍ ഭൂമി കൈവശമുള്ളവര്‍, ടാക്സി ഒഴികെ നാലുചക്ര വാഹനം ഉള്ളവര്‍ തുടങ്ങിയവയില്‍ ഉള്‍പ്പെടാത്തവര്‍ക്കാണ് അര്‍ഹത. തദ്ദേശസ്വയംഭരണ സ്ഥാപനം (പഞ്ചായത്ത്/ കോര്‍പ്പറേഷന്‍) സെക്രട്ടറി നല്‍കുന്ന ബി.പി.എല്‍ സാക്ഷ്യപത്രം, വരുമാന സര്‍ട്ടിഫിക്കറ്റ്, ബില്‍ഡിംഗ് സര്‍ട്ടിഫിക്കറ്റ്, ഗുരുതര രോഗമുണ്ടെങ്കില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ഹാജരാക്കണം.

(പി.ആര്‍.കെ നമ്പര്‍ 258/2026) 

*ദേശീയ റോഡ് സുരക്ഷാ മാസാചരണം: മത്സരങ്ങള്‍ 31ന്* 

ദേശീയ റോഡ് സുരക്ഷാ മാസം 2026നോടനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഗതാഗത ബോധവത്കരണം നല്‍കുന്നതിന്റെ ഭാഗമായി ജനുവരി 31ന് രാവിലെ 9.30ന് ബിഷപ്പ് ജെറോം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ പോസ്റ്റര്‍ നിര്‍മാണം, ഫ്ളാഷ് ടോക്ക് മത്സരങ്ങള്‍ നടത്തും. ജില്ലാ റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസും ബിഷപ്പ് ജെറോം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ വിഭാഗവും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവരങ്ങള്‍ക്ക്: 7356253580, 8281968312. (പി.ആര്‍.കെ നമ്പര്‍ 259/2026) 

*മാസ്റ്റര്‍ ട്രെയിനര്‍* 

'റവന്യൂ ഇ-സാക്ഷരത മിഷന്‍ ചാത്തന്നൂര്‍' പദ്ധതിയിലേക്ക് സന്നദ്ധപ്രവര്‍ത്തകരായ 50 മാസ്റ്റര്‍ ട്രെയിനര്‍മാരെ തിരഞ്ഞെടുക്കുന്നു. യോഗ്യത: പ്ലസ് ടു, ആറു മാസത്തെ കമ്പ്യൂട്ടര്‍ ഡിപ്ലോമ കോഴ്സ്, സ്മാര്‍ട്ട്ഫോണ്‍, കമ്പ്യൂട്ടര്‍, ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ പരിജ്ഞാനം. പ്രായപരിധി: 56 വയസ്. തിരഞ്ഞെടുക്കപെടുന്നവര്‍ക്ക് റവന്യൂ, ഇ-സേവനങ്ങളില്‍ പരിശീലനം നല്‍കും. ഓണറേറിയം: ഒരു ക്ലാസിന് 200 രൂപ. ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതമുള്ള അപേക്ഷ ജനുവരി 31 വൈകിട്ട് അഞ്ചിനകം മീനാട് വില്ലേജ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. (പി.ആര്‍.കെ നമ്പര്‍ 260/2026) 

*ഉത്സവ മേഖല* 

ഇരവിപുരം വഞ്ചിക്കോവില്‍ ശ്രീശരവണക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി ഒന്നിന് ക്ഷേത്രവും രണ്ടു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശവും ഉത്സവമേഖലയായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. ഹരിതചട്ടം കര്‍ശനമായി പാലിക്കണം. ഭക്ഷ്യസുരക്ഷ, ശബ്ദ- പരിസര മലിനീകരണം തുടങ്ങി പൊതുജനാരോഗ്യത്തെ ബാധിക്കുന്ന വിഷയങ്ങളിലും ക്രമ സമാധാനപാലനത്തിലും ബന്ധപ്പെട്ട വകുപ്പുകള്‍ നടപടികള്‍ സ്വീകരിക്കണം. മദ്യവില്പനയും നിരോധിത ലഹരിവസ്തുക്കളുടെ വില്പനയും ഇല്ലെന്ന് എക്‌സൈസ് കമ്മീഷണര്‍ ഉറപ്പുവരുത്താനും നിര്‍ദേശിച്ചു. (പി.ആര്‍.കെ നമ്പര്‍ 261/2026) 

*ഗതാഗത നിരോധനം*

മാവടി- കുളക്കട റോഡിലെ തോട്ടോത്തുവയല്‍ കലുങ്കിന്റെ പുനര്‍നിര്‍മാണം ജനുവരി 31ന് ആരംഭിക്കുന്നതിനാല്‍ ഈ വഴി ഗതാഗതനിരോധനം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. എം സി റോഡില്‍ നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ തുരുത്തിയിലമ്പലം- പൂവറ്റൂര്‍- പുത്തൂര്‍മുക്ക് വഴിയും അടൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ചെട്ടിയാരഴികം പാലം - മണ്ണടി വഴിയും പോകേണ്ടതാണ്. (പി.ആര്‍.കെ നമ്പര്‍ 262/2026) 

*കണ്‍സള്‍ട്ടന്റ്; ക്വട്ടേഷന്‍ ക്ഷണിച്ചു* 

കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട ഫാത്തിമ ഐലന്റ്- മൂക്കാട്ടുകടവ്- അരുളപ്പന്‍തുരുത്ത് പാലം നിര്‍മാണവുമായി ബന്ധപ്പെട്ട പഠനറിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് അക്രഡിറ്റേഷനുള്ള കണ്‍സള്‍ട്ടന്റുമാരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 5. എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍, കെ.ആര്‍.എഫ്.ബി-പി.എം.യു, കൊല്ലം ഡിവിഷന്‍, മൂന്നാം നില, സണ്‍റൈസ് അവന്യൂ, കടപ്പാക്കട പി.ഒ, കൊല്ലം-691008 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. (പി.ആര്‍.കെ നമ്പര്‍ 263/2026) 

*ടെന്‍ഡര്‍*

ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബിലേക്ക് ലബോറട്ടറി റീ-ഏജന്റുകള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. നിരതദ്രവ്യം 1500 രൂപ. ഫെബ്രുവരി 17ന് ഉച്ചയ്ക്ക് രണ്ടുവരെ സ്വീകരിക്കും. ഫോണ്‍: 0474 2763100, 9048892443. (പി.ആര്‍.കെ നമ്പര്‍ 264/2026) 

*സംസ്ഥാന ഉപഭോക്തൃ സംഘടന അവാര്‍ഡ്*

ഉപഭോക്തൃ സംരക്ഷണ രംഗത്ത് ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളതും സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ഉപഭോക്തൃ സംഘടനകള്‍ക്ക് രാജീവ് ഗാന്ധി സംസ്ഥാന ഉപഭോക്തൃ സംഘടന അവാര്‍ഡിന് അപേക്ഷിക്കാം. അപേക്ഷകള്‍ ഫെബ്രുവരി 16 വൈകിട്ട് അഞ്ചിനകം ജില്ലാ സപ്ലൈ ഓഫീസര്‍, ജില്ലാ സപ്ലൈ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കലക്ട്രേറ്റ് പി ഒ, കൊല്ലം വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0474 2794818. (പി.ആര്‍.കെ നമ്പര്‍ 265/2026) 

*ഗതാഗത നിയന്ത്രണം* 

അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ പത്തനാപുരം-ഏനാത്ത് റോഡില്‍ ജനുവരി 30 മുതല്‍ ഫെബ്രുവരി രണ്ട് വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി കെ ആര്‍ എഫ് ബി-പി എം യു എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. ഏനാത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കടുവത്തോട് ജംഗ്ഷനില്‍ നിന്നും പട്ടാഴി വഴി പത്തനാപുരത്തേക്ക് പോകണം. പത്തനാപുരത്ത് നിന്നും വരുന്ന വാഹനങ്ങള്‍ പട്ടാഴി വഴി ഏനാത്തും പോകേണ്ടതാണ്. (പി.ആര്‍.കെ നമ്പര്‍ 266/2026) 

*ഫിറ്റ്നസ് ട്രെയിനര്‍* 

കഴക്കൂട്ടം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എന്‍.സി.വി.ടി ലെവല്‍ നാല് സര്‍ട്ടിഫിക്കേഷനോടെയുള്ളഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്സ് പ്രവേശനത്തിന് https://forms.gle/wdd4W4SQaSXGmsFx6 ൽ അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു. ഫോണ്‍: 9495999693. (പി.ആര്‍.കെ നമ്പര്‍ 267/2026) 

*അപേക്ഷ ക്ഷണിച്ചു*

ഇരവിപുരം സൗത്ത് മത്സ്യ ഗ്രാമത്തെ ക്ലൈമറ്റ് റസീലിയന്റ് കോസ്റ്റല്‍ ഫിഷര്‍മാന്‍ വില്ലേജാക്കി മാറ്റുന്നതിന്റെ ഭാഗമായി പ്രദേശത്തെ മത്സ്യം ഉണക്കുന്ന തൊഴില്‍ ചെയ്യുന്നവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി ഒന്ന് വൈകിട്ട് അഞ്ചിനകം ഇരവിപുരം/ മയ്യനാട് മത്സ്യഭവനിലോ ജില്ലാ ഓഫീസിലോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0474-2792850. (പി.ആര്‍.കെ നമ്പര്‍ 268/2026)