*സഹകരണ അംഗ സമാശ്വാസതുക വിതരണം നടത്തി*
*വാർത്താക്കുറിപ്പ് 4*
2026 മാർച്ച് 3
ജില്ലാ ഇൻഫർമേഷൻ ഓഫീസ് കോട്ടയം
*സഹകരണ അംഗ സമാശ്വാസതുക വിതരണം നടത്തി*
കോട്ടയം: സഹകരണ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മുഴുവൻ പേർക്കും സമാശ്വാസം പകരുന്ന സമീപനമാണ് സർക്കാരിന്റേതെന്ന് സഹകരണം-തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. സഹകരണ അംഗ സമാശ്വാസ പദ്ധതി എട്ടാം ഘട്ടത്തിന്റെ കോട്ടയം താലൂക്കുതല സഹായധന വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പദ്ധതിയിൽ സംസ്ഥാനത്ത് ഇതുവരെ 49,060 പേർക്കായി 103.62 കോടി രൂപ വിതരണം ചെയ്തു. സഹകരണമേഖലയ്ക്കു മാത്രം കഴിയുന്ന കാര്യമാണിത്-മന്ത്രി പറഞ്ഞു.
ഏറ്റുമാനൂർ വ്യാപാരഭവൻ ഹാളിൽ നടന്ന ചടങ്ങിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എം. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം അഡ്വ. ജോസ് ടോം, ഡെപ്യൂട്ടി രജിസ്ട്രാർ കെ.പി. ഉണ്ണികൃഷ്ണൻ നായർ, ജില്ലാ സഹകരണ ആശുപത്രി വൈസ് പ്രസിഡന്റ് കെ.എൻ. വേണുഗോപാൽ, കോട്ടയം സഹകരണ അർബൻ ബാങ്ക് ഡയറക്ടർ ഇ.എസ്. ബിജു, ഓഡിറ്റ് ജോയിന്റ് ഡയറക്ടർ ജയമ്മ പോൾ, ഏറ്റുമാനൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ബിജു കുമ്പിക്കൽ, പേരൂർ വില്ലേജ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.വി. പ്രദീപ്, അതിരമ്പുഴ റീജണൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി. ദേവസ്യ, അസിസ്റ്റന്റ് രജിസ്ട്രാർ ഡാർലിംഗ് ചെറിയാൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ ക്യാപ്ഷൻ-
സഹകരണഅംഗ സമാശ്വാസ പദ്ധതി എട്ടാം ഘട്ടത്തിന്റെ കോട്ടയം താലൂക്കുതല സഹായധന വിതരണം സഹകരണം-തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിക്കുന്നു.
(കെഐഒപിആർ 468/2026)
*തൈ വിതരണം*
കോട്ടയം: ഹരിതകേരളം മിഷന്റെ ഏകോപനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'ഒരു തൈ നടാം' ജനകീയ വൃക്ഷവത്ക്കരണ കാമ്പയിനുമായി ബന്ധപ്പെട്ട് സോഷ്യൽ ഫോറസ്ട്രി തയ്യാറാക്കിയ 37000 തൈകൾ പനക്കച്ചിറ, ചങ്ങനാശ്ശേരി നേഴ്‌സറികളിൽ ലഭ്യമാണ്. തേക്ക്, ചന്ദനം, കമ്പകം, രക്തചന്ദനം, മുള, വെള്ളകിൽ, വേപ്പ്, കൂവളം, കണിക്കൊന്ന, മന്ദാരം, നെല്ലി, പേരാൽ, ഞാവൽ, മാവ്, പ്ലാവ് എന്നീ ഇനങ്ങളിലുള്ള 15000 തൈകൾ പനക്കച്ചിറ നഴ്‌സറിയിലും 22000 തൈകൾ ചങ്ങനാശ്ശേരി നഴ്‌സറിയിലും ലഭ്യമാണ്. ആവശ്യമുള്ള സന്നദ്ധ സംഘടനകൾ, സാമൂഹിക സാംസ്‌കാരിക സംഘടനകൾ മാർച്ച് ഏഴിനു മുമ്പായി ഹരിത കേരളം മിഷൻ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 8078161129, 9048538553,9074475191.
(കെഐഒപിആർ 469/2026)













