ബജറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുന്നു:

ബജറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുന്നു:

കേരള ന്യൂസ്‌ മീഡിയ

ബജറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുന്നു:

സച്ചിദാനന്ദ സ്വാമി

ശിവഗിരി: പുതിയ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ശിവഗിരി മഠത്തിനും ശ്രീനാരായണ പ്രസ്ഥാനത്തിനും അധ:സ്ഥിത പിന്നാക്ക വിഭാഗങ്ങള്‍ക്കും പ്രതീക്ഷ നല്‍കുന്നതാണെന്ന് ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി പറഞ്ഞു.

പിന്നാക്ക ജനവിഭാഗങ്ങളുടെയും പട്ടികജാതിപട്ടികവര്‍ഗ വിഭാഗങ്ങളുടെയും ക്ഷേമത്തിനായും സംസ്ഥാനത്തെ ആത്മീയ ടൂറിസം കേന്ദ്രങ്ങളുടെയും വികസനത്തിനായി ഗണ്യമായ തുക വകയിരുത്തിയതിന് മുഖ്യമന്ത്രി കൂടിയായ ധനകാര്യ മന്ത്രി വി.ഡി. സതീശനെ സ്വാമി അഭിനന്ദിച്ചു.

ശിവഗിരി തീര്‍ത്ഥാടന പ്ലാറ്റിനം ജൂബിലി മെമ്മോറിയല്‍ കണ്‍വന്‍ഷന്‍ സെന്‍ററിന്‍റെ തുടര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് കോടി രൂപ അനുവദിച്ചതിന് പ്രത്യേക നന്ദി രേഖപ്പെടുത്തിയ സ്വാമി, ഡല്‍ഹിയില്‍ ശ്രീനാരായണ ഗുരുദേവ സ്മാരകം സ്ഥാപിക്കുന്നതിനും പട്ടത്തെ ആര്‍. ശങ്കര്‍ സ്മാരകത്തിനും ഒരു കോടി രൂപ വീതം അനുവദിച്ചതിനെയും അഭിനന്ദിച്ചു.

പട്ടികജാതിപട്ടികവര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി 800 കോടി രൂപയും ന്യൂനപക്ഷ വിഭാഗങ്ങളുടെ വികസനത്തിനായി 77 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

അടുത്തിടെ മുഖ്യമന്ത്രി ശിവഗിരി സന്ദര്‍ശിച്ച വേളയില്‍ മഠത്തിന്‍റെ വികസനത്തിനും ടൂറിസം സംബന്ധമായ പദ്ധതികള്‍ക്കുമായി സമര്‍പ്പിച്ച നിവേദനങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് അറിയിച്ചിരുന്നു.

 'ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളും ക്ഷേമപ്രവര്‍ത്തനങ്ങളും കാലതാമസമില്ലാതെ നടപ്പാക്കപ്പെടുകയും അവയുടെ ഗുണഫലം അര്‍ഹരായവര്‍ക്ക് സമയബന്ധിതമായി ലഭിക്കുകയും ചെയ്യട്ടെ എന്ന് ശിവഗിരി മഠം ആശംസിക്കുന്നു,' സ്വാമി പറഞ്ഞു.

സര്‍ക്കാരിന്‍റെ നടപടികളെ അഭിനന്ദിക്കുന്നതിനൊപ്പം, പട്ടികജാതിപട്ടികവര്‍ഗ വിഭാഗങ്ങളുടെയും പിന്നാക്ക സമൂഹങ്ങളുടെയും ഉന്നമനത്തിനായി മുന്‍ ബജറ്റുകളില്‍ വകയിരുത്തിയിരുന്ന ഫണ്ടുകള്‍ പലപ്പോഴും വിനിയോഗിക്കപ്പെടാതെ ലാപ്സായ സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

'ഈ വിഭാഗങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുന്ന ഫണ്ടുകള്‍ ഫലപ്രദമായി വിനിയോഗിക്കപ്പെടുകയും ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കുകയും ചെയ്യണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു, അദ്ദേഹം പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് പുതിയ ജില്ലകള്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്താന്‍ സമിതി രൂപീകരിക്കാനുള്ള നീക്കത്തില്‍ ആശങ്ക രേഖപ്പെടുത്തിയ അദ്ദേഹം, ഈ വിഷയത്തില്‍ എല്ലാ വശങ്ങളും സൂക്ഷ്മമായി പരിഗണിച്ച ശേഷമേ തീരുമാനമെടുക്കാവൂ എന്നും അഭിപ്രായപ്പെട്ടു.

'ശിവഗിരി മഠത്തോടും, പിന്നാക്ക ജനവിഭാഗങ്ങളോടും അനുഭാവം പുലര്‍ത്തി ബജറ്റില്‍ തുക അനുവദിച്ചതിന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ എന്നിവര്‍ സര്‍ക്കാരിന് നന്ദി രേഖപ്പെടുത്തുന്നു' സച്ചിദാനന്ദ സ്വാമി പറഞ്ഞു.