കോൺസ്റ്റിട്യൂഷൻ ഓഫ് ഇന്ത്യ' എം.ഒ.ഒ.സി. കോഴ്‌സുമായി ബന്ധപ്പെട്ട വാർത്ത -സാങ്കേതിക സർവകലാശാലയുടെ വിശദീകരണം*
*പ്രസ് റിലീസ്*
*എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല*
*'കോൺസ്റ്റിട്യൂഷൻ ഓഫ് ഇന്ത്യ' എം.ഒ.ഒ.സി. കോഴ്‌സുമായി ബന്ധപ്പെട്ട വാർത്ത -സാങ്കേതിക സർവകലാശാലയുടെ വിശദീകരണം*
എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ 2024-ലെ ബി.ടെക്., ബി.സി.എ. പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുള്ള 'കോൺസ്റ്റിട്യൂഷൻ ഓഫ് ഇന്ത്യ' എന്ന നിർബന്ധിത മാസ്സിവ് ഓപ്പൺ ഓൺലൈൻ കോഴ്സ് (MOOC) സംബന്ധിച്ച് ഒരു ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്ത വസ്തുതകൾക്ക് നിരക്കാത്തതും വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും പൊതുസമൂഹത്തിലും അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട യഥാർത്ഥ വസ്തുതകൾ സർവകലാശാല വ്യക്തമാക്കുന്നു.
സർവകലാശാലയുടെ 2024-ലെ ബി.ടെക്., ബി.സി.എ. പാഠ്യപദ്ധതികളിൽ 'കോൺസ്റ്റിട്യൂഷൻ ഓഫ് ഇന്ത്യ' എന്ന വിഷയം നിർബന്ധിത എം.ഒ.ഒ.സി. കോഴ്‌സായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് സർവകലാശാലയുടെ അക്കാദമിക് കൗൺസിൽ അംഗീകരിച്ച പാഠ്യപദ്ധതിയുടെ ഭാഗമാണ്.
സ്വയം (Study Webs of Active-Learning for Young Aspiring Minds) കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം (Ministry of Education), ഭാരത സർക്കാർ വികസിപ്പിച്ച ദേശീയ ഓൺലൈൻ വിദ്യാഭ്യാസ പ്ലാറ്റ്ഫോമാണ്. രാജ്യത്തെ വിവിധ കേന്ദ്ര സർവകലാശാലകൾ, ഐ.ഐ.ടി., ഐ.ഐ.എം., ഐ.ഐ.എസ്.സി., ദേശീയ നിയമ സർവകലാശാലകൾ, സംസ്ഥാന സർവകലാശാലകൾ, കൽപ്പിത (Deemed-to-be) സർവകലാശാലകൾ, മറ്റ് അംഗീകൃത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ വികസിപ്പിക്കുന്ന Massive Open Online Courses (MOOCs) ഈ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുന്നു. SWAYAM പ്ലാറ്റ്ഫോമിലെ കോഴ്‌സുകൾ വിവിധ നാഷണൽ കോർഡിനേറ്റർസ് മുഖേനയാണ് നടത്തപ്പെടുന്നത്. എൻജിനീയറിംഗ്, സാങ്കേതിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കോഴ്‌സുകളുടെ ദേശീയ കോർഡിനേറ്റർ NPTEL (National Programme on Technology Enhanced Learning) ആണ്.
സർവകലാശാലയുടെ 'കോൺസ്റ്റിട്യൂഷൻ ഓഫ് ഇന്ത്യ' വിഷയത്തിന് അനുയോജ്യമായ എം.ഒ.ഒ.സി. കോഴ്‌സ് ലഭ്യമാക്കുന്നതിനായി 2026 ജനുവരി 9-ന് സർവകലാശാല ഡയറക്ടർ (അക്കാദമിക്സ്) SWAYAM-നെ ഔദ്യോഗികമായി സമീപിക്കുകയും, സർവകലാശാലയുടെ പാഠ്യപദ്ധതിക്ക് അനുയോജ്യമായ കോഴ്‌സുകൾ ലഭ്യമാക്കുകയോ സമാന കോഴ്‌സുകൾ നിർദ്ദേശിക്കുകയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ഇതിന് മറുപടിയായി, SWAYAM ഭരണഘടനയുമായി ബന്ധപ്പെട്ട അഞ്ച് എം.ഒ.ഒ.സി. കോഴ്‌സുകളുടെ പട്ടിക സർവകലാശാലയ്ക്ക് കൈമാറി. ഈ പട്ടികയിൽ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വാഗ്ദാനം ചെയ്യുന്ന കോഴ്‌സുകൾ ഉൾപ്പെട്ടിരുന്നു. അവയിൽ ഒന്നാണ് ജെയിൻ (Deemed-to-be University) സർവകലാശാല SWAYAM പ്ലാറ്റ്ഫോമിലൂടെ നടത്തുന്ന ഇൻട്രൊഡക്ഷൻ ടു ഇന്ത്യൻ കോൺസ്റ്റിട്യൂഷൻ (Introduction to Indian Constitution) എന്ന കോഴ്‌സ്.
തുടർന്ന്, 2026 ജനുവരി 22-ന് ഈ വിഷയം ബോർഡ് ഓഫ് സ്റ്റഡീസ് (യു.ജി.) ചെയർമാന് കൈമാറുകയും, SWAYAM/NPTEL പ്ലാറ്റ്ഫോമിൽ ലഭ്യമായ കോഴ്‌സുകളിൽ നിന്ന് "കോൺസ്റ്റിട്യൂഷൻ ഓഫ് ഇന്ത്യ" വിഷയത്തിന് സമാനമായ എം.ഒ.ഒ.സി. കോഴ്‌സുകൾ പരിശോധിച്ച് ശുപാർശ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ, 2026 മെയ് 15-ന് ബോർഡ് ഓഫ് സ്റ്റഡീസ് മൂന്ന് സമാന എം.ഒ.ഒ.സി. കോഴ്‌സുകൾ ശുപാർശ ചെയ്തു. ജെയിൻ (Deemed-to-be University) സർവകലാശാലയുടെ "Introduction to Indian Constitution" കോഴ്‌സിനൊപ്പം നാഷണൽ ലോ സ്‌കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി (National Law School of India University) വാഗ്ദാനം ചെയ്യുന്ന രണ്ട് കോഴ്‌സുകളും ഇതിൽ ഉൾപ്പെട്ടിരുന്നു.
ബോർഡ് ഓഫ് സ്റ്റഡീസിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ, 2026 ജൂൺ 18-ന് സർവകലാശാല ഉത്തരവിറക്കി ഈ മൂന്ന് കോഴ്‌സുകളും അംഗീകരിക്കുകയും, വിദ്യാർത്ഥികൾക്ക് അവയിൽ ഏതെങ്കിലും ഒരു കോഴ്‌സ് തിരഞ്ഞെടുക്കാമെന്ന് വ്യക്തമാക്കുകയും ചെയ്തു. അതിനാൽ ഒരു പ്രത്യേക സർവകലാശാലയുടെ കോഴ്‌സ് സർവകലാശാല നിർബന്ധമാക്കിയിട്ടില്ല.
എന്നാൽ, 2026 ജൂലൈ സെമസ്റ്ററിലേക്കുള്ള SWAYAM/NPTEL രജിസ്ട്രേഷൻ ആരംഭിച്ചപ്പോൾ, സർവകലാശാല അംഗീകരിച്ച മൂന്ന് കോഴ്‌സുകളിൽ ഒരെണ്ണം മാത്രമാണ് രജിസ്ട്രേഷനായി ലഭ്യമായിരുന്നത്. ഇതേത്തുടർന്ന്, 2026 ജൂൺ 27-ന് സർവകലാശാല ഡയറക്ടർ (അക്കാദമിക്സ്) എൻ.പി.ടി.ഇ.എൽ.-ന് ഔദ്യോഗികമായി കത്തയച്ച്, സർവകലാശാല അംഗീകരിച്ച മറ്റ് കോഴ്‌സുകളും ലഭ്യമാക്കണമെന്ന് അഭ്യർത്ഥിച്ചു. 2026 ജൂലൈ 1-ന് ലഭിച്ച മറുപടിയിൽ, ആ സെമസ്റ്ററിൽ സർവകലാശാലയുടെ സിലബസിന് അനുയോജ്യമായ മറ്റ് കോഴ്‌സുകൾ ലഭ്യമല്ലെന്നും, നിലവിൽ രജിസ്ട്രേഷനായി ലഭ്യമായത് ഒരു കോഴ്‌സ് മാത്രമാണെന്നും എൻ.പി.ടി.ഇ.എൽ. അറിയിച്ചു.
ഈ വിഷയവുമായി ബന്ധപ്പെട്ട് SWAYAM, NPTEL അധികൃതരുമായി സർവകലാശാല നടത്തിയ എല്ലാ ഔദ്യോഗിക ആശയവിനിമയങ്ങളും രേഖാമൂലമാണ്. സർവകലാശാല സ്വീകരിച്ച ഓരോ നടപടിക്കും അനുബന്ധമായി ഔദ്യോഗിക കത്തിടപാടുകളും ലഭിച്ച മറുപടികളും രേഖകളായി ലഭ്യമാണ്. ആവശ്യമായ സാഹചര്യങ്ങളിൽ ഈ രേഖകൾ പരിശോധിച്ച് വസ്തുതകൾ ബോധ്യപ്പെടാവുന്നതാണ്. അതിനാൽ, ഈ വിഷയത്തിൽ അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾക്ക് യാതൊരു വസ്തുതാപരമായ അടിസ്ഥാനവുമില്ല.
അതുകൊണ്ടുതന്നെ, നിലവിൽ വിദ്യാർത്ഥികൾക്ക് ലഭ്യമായിരിക്കുന്ന ജെയിൻ (Deemed-to-be University) സർവകലാശാലയുടെ "Introduction to Indian Constitution" എന്ന കോഴ്‌സ് തിരഞ്ഞെടുക്കുന്നത് സർവകലാശാലയുടെ പ്രത്യേക നിർദ്ദേശം കൊണ്ടോ, ഏതെങ്കിലും സ്വകാര്യ സർവകലാശാലയ്ക്ക് നൽകിയ മുൻഗണന കൊണ്ടോ അല്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ SWAYAM പ്ലാറ്റ്ഫോമിൽ, സർവകലാശാല അംഗീകരിച്ച മൂന്ന് സമാന കോഴ്‌സുകളിൽ ആ സെമസ്റ്ററിൽ രജിസ്ട്രേഷനായി ലഭ്യമായിരുന്നത് ഈ കോഴ്‌സ് മാത്രമായതിനാലാണ് അത് വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാൻ അവസരം ലഭിച്ചിരിക്കുന്നത്.
കൂടാതെ, ഈ എം.ഒ.ഒ.സി. കോഴ്‌സിലേക്കുള്ള രജിസ്ട്രേഷൻ പൂർണമായും സൗജന്യമാണ്. കോഴ്‌സിൽ ചേരുന്നതിനോ വീഡിയോ ക്ലാസുകൾ, പഠനസാമഗ്രികൾ, മറ്റ് ഓൺലൈൻ പഠന വിഭവങ്ങൾ എന്നിവ ഉപയോഗിക്കുന്നതിനോ വിദ്യാർത്ഥികൾ യാതൊരു ഫീസും നൽകേണ്ടതില്ല. സർട്ടിഫിക്കറ്റിനായി നടത്തുന്ന പ്രോക്ടേർഡ് പരീക്ഷയ്ക്ക് മാത്രമാണ് പരീക്ഷാഫീസ് ബാധകമാകുന്നത്. നിലവിലെ SWAYAM പരീക്ഷാ വിജ്ഞാപനപ്രകാരം പൊതുവിഭാഗം വിദ്യാർത്ഥികൾക്ക് ആദ്യ കോഴ്‌സിന് ₹750-ഉം, OBC (NCL), EWS, SC, ST, PwBD വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ₹500-ഉം പരീക്ഷാഫീസ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നിശ്ചയിച്ചിട്ടുള്ളതാണ്. ബാധകമായ GSTയും മറ്റ് സേവനച്ചെലവുകളും വിദ്യാർത്ഥികൾ നേരിട്ട് അടയ്ക്കേണ്ടതാണ്. ഈ പരീക്ഷാഫീസ് സർവകലാശാല നിശ്ചയിക്കുന്നതോ ഈടാക്കുന്നതോ സർവകലാശാലയ്ക്ക് ലഭിക്കുന്നതോ അല്ല. പരീക്ഷാ രജിസ്ട്രേഷനും പരീക്ഷാ നടത്തിപ്പും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനുവേണ്ടി National Testing Agency (NTA) യാണ് നിർവഹിക്കുന്നത്.
അതിനാൽ, ഒരു സ്വകാര്യ (Deemed-to-be) സർവകലാശാലയുടെ കോഴ്‌സ് വിദ്യാർത്ഥികൾക്ക് മനഃപൂർവ്വം നിർബന്ധമാക്കിയെന്നോ, അതിന് പിന്നിൽ സർവകലാശാലയുടെയോ വൈസ് ചാൻസലറുടെയോ പ്രത്യേക താൽപര്യമുണ്ടെന്നോ പ്രചരിപ്പിക്കപ്പെടുന്ന ആരോപണങ്ങൾക്ക് യാതൊരു വസ്തുതാപരമായ അടിസ്ഥാനവുമില്ല. സർവകലാശാല സ്വീകരിച്ച എല്ലാ നടപടികളും സുതാര്യമായ അക്കാദമിക നടപടിക്രമങ്ങളിലൂടെയും ബോർഡ് ഓഫ് സ്റ്റഡീസിന്റെ ശുപാർശകളുടെയും സർവകലാശാലയുടെ ഔദ്യോഗിക ഉത്തരവുകളുടെയും അടിസ്ഥാനത്തിലുമാണ്.
വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും താൽപര്യം മുൻനിർത്തി, അക്കാദമിക വിഷയങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട രേഖകളും ഔദ്യോഗിക വിവരങ്ങളും പരിശോധിച്ച് വസ്തുതകൾ ഉറപ്പുവരുത്തണമെന്ന് സർവകലാശാല മാധ്യമങ്ങളോട് അഭ്യർത്ഥിക്കുന്നു. വസ്തുതകൾക്ക് നിരക്കാത്ത വാർത്തകൾ വിദ്യാർത്ഥികളിലും പൊതുസമൂഹത്തിലും അനാവശ്യ ആശങ്കയും തെറ്റിദ്ധാരണയും സൃഷ്ടിക്കാൻ ഇടയാക്കുന്നതാണ്.


Deepa Binu 










