മരണാനന്തര അവയവദാതാക്കളെ അനുസ്മരിക്കലും കുടുംബാംഗങ്ങളെ ആദരിക്കലും* *

Keralam

മരണാനന്തര അവയവദാതാക്കളെ അനുസ്മരിക്കലും കുടുംബാംഗങ്ങളെ ആദരിക്കലും* *

*പ്രസിദ്ധീകരണത്തിന്* *11/08/2025* *കെ-സോട്ടോ* ..................................... *മരണാനന്തര അവയവദാതാക്കളെ അനുസ്മരിക്കലും കുടുംബാംഗങ്ങളെ ആദരിക്കലും* *ഓഗസ്റ്റ് 13ന്* *സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ* *ജോർജ് നിർവഹിക്കും* ദേശീയ-അന്തർദേശീയ അവയവദാന ദിനാചരണത്തിന്റെ ഭാഗമായി മരണാനന്തര അവയവദാതാക്കളെ അനുസ്മരിക്കാനും അവരുടെ കുടുംബാംഗങ്ങളെ ആദരിക്കുന്നതിനും കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിൽ ‘സ്മൃതി വന്ദനം 2025’ സംസ്ഥാനതല പരിപാടി സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 13ന് വൈകിട്ട് മൂന്നിന് തിരുവനന്തപുരം വഴുതക്കാട് ടാഗോർ തിയേറ്ററിൽ ആരോഗ്യ-കുടുംബക്ഷേമ- വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. അഡ്വ. ആന്റണി രാജു എം.എൽ.എ അധ്യക്ഷനാവും. മരണാനന്തരം അവയവദാനം നൽകി മറ്റുള്ളവർക്ക് ജീവനേകിയ വ്യക്തികളെ സ്മരിക്കാനും പ്രിയപ്പെട്ടവരുടെ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധരായ കുടുംബങ്ങളെ ആദരിക്കാനും വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് 2017 ഡിസംബർ മുതൽ 2025 ജൂലൈ വരെയുള്ള കാലയളവിൽ മരണാനന്തരം അവയവദാനം നടത്തിയ 122 വ്യക്തികളുടെ കുടുംബാംഗങ്ങളെ ചടങ്ങിൽ ആദരിക്കും. ഈ കാലയളവിൽ അവയവം സ്വീകരിച്ചവരും പങ്കെടുക്കും. മരണാനന്തര അവയവദാന രംഗത്ത് മികച്ച സംഭാവന നൽകിയ വ്യക്തികളെയും ആദരിക്കും. കൈ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ രംഗത്ത് രാജ്യത്തെ പ്രമുഖനായ ഡോ. കെ. സുബ്രഹ്മണ്യ അയ്യർ, സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളേജ് മേഖലയിൽ ഹൃദയ ശസ്ത്രക്രിയാരംഗത്ത് മാതൃകയായ ഡോ.ടി.കെ ജയകുമാർ, 'ജീവദാനം' പദ്ധതിയിലൂടെ അവയവദാന ബോധവത്കരണത്തിന് നേതൃത്വം നൽകി, തിരുവനന്തപുരം കലക്ടറേറ്റിലെ ജീവനക്കാരെ അവയവദാനത്തിന് രജിസ്റ്റർ ചെയ്യാൻ നേതൃത്വം നൽകിയ തിരുവനന്തപുരം കലക്ടർ അനു കുമാരി ഐഎഎസ്, ജർമ്മനിയിലെ വേൾഡ് ട്രാൻസ്പ്ലാന്റ് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേരളത്തിൽ നിന്ന് പങ്കെടുക്കുന്ന അവയവ സ്വീകർത്താക്കളായ മിഥുൻ അശോക് (കിഡ്നി ട്രാൻസ്പ്ലാന്റ്), എസ്. സുജിത്ത് (ലിവർ ട്രാൻസ്പ്ലാന്റ്) എന്നിവരും ആദരം ഏറ്റുവാങ്ങും. മരണാനന്തര അവയവദാന രംഗത്തെ മികച്ച പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അംഗീകരിക്കുന്നതിനുമായി വിവിധ വിഭാഗങ്ങളിൽ പുരസ്കാരങ്ങൾ നൽകുന്നുണ്ട്. മികച്ച മസ്തിഷ്കമരണ നിർണയ മാതൃകാ ആശുപത്രി, മികച്ച എംപാനൽ ഡോക്ടർ, മികച്ച ഐ ബാങ്കിങ് മാതൃക, മികച്ച എൻ.ജി.ഒ. എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരം. മസ്തിഷ്കമരണ നിർണയം മുതൽ അവയവമാറ്റ ശസ്ത്രക്രിയവരെയുള്ള ഓരോ ഘട്ടങ്ങളിലും പങ്കെടുക്കുന്നവരെയും ചടങ്ങിൽ ആദരിക്കും. അവയവദാന ബോധവത്ക്കരണത്തിനായി കെഎസ്എഫ്ഡിസി കെ-സോട്ടോയ്ക്കായി തയ്യാറാക്കിയ വീഡിയോ ചടങ്ങിൽ പ്രകാശിപ്പിക്കും. അവയവദാനത്തിന്റെ പ്രാധാന്യം, മസ്തിഷ്ക മരണം, അവയവദാന നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ച് ലഘുവിവരണങ്ങൾ, വീഡിയോ പ്രദർശനവും ഉണ്ടായിരിക്കും. അവയവദാനത്തിന് രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ളവർക്കായി ടാഗോർ തിയേറ്ററിന് സമീപം പ്രത്യേക കൗണ്ടറുകൾ ഉണ്ടാകും.. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ ഐഎഎസ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ, എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. വിനയ് ഗോയാൽ ഐഎഎസ്, ജില്ലാ കലക്ടർ അനുകുമാരി ഐഎഎസ്, വഴുതക്കാട് ഡിവിഷൻ കൗൺസിലർ അഡ്വ. രാഖി രവികുമാർ, കെ-സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.എസ്.എസ് നോബിൾ ഗ്രേഷ്യസ്, ആരോഗ്യ കുടുംബക്ഷേ വകുപ്പ് അഡീഷനൽ ഡയറക്ടർ ഡോ.വി മീനാക്ഷി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ബിന്ദു മോഹൻ, തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.പി.കെ ജബ്ബാർ, സ്കൂൾ ഓഫ് പബ്ലിക്ക് ഹെൽത്ത് ഡയറക്ടർ ഡോ. തോമസ് മാത്യു തുടങ്ങി വിവിധ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും. Dr. Noble Gracious SS Executive Director Kerala State Organ and Tissue Transplant Organization (K-SOTTO) First floor, Old house surgeon quarters Near SSB, Govt. Medical College, Trivandrum-11 +91 471 2528658, 2962748