ഇന്നത്തെ വാർത്തകൾ
റിപ്പോട്ട് :ദീപ സജീവ്
*1000 കുടുംബശ്രീ കാര്‍ഷികേതര മൈക്രോസംരംഭങ്ങള്‍ -മന്ത്രി കെ ബി ഗണേഷ് കുമാര്‍*
കുടുംബശ്രീ വനിതകള്‍ വൈവിധ്യമാര്‍ന്ന ആശയങ്ങള്‍ സംരംഭക മേഖലയിലേക്ക് കൊണ്ടുവരണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. കരിക്കം ഗ്രീന്‍വാലി ഓഡിറ്റോറിയത്തില്‍ കുടുംബശ്രീ സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം (എസ്.വി.ഇ.പി) പദ്ധതിയുടെ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിലെ 1000 സംരംഭ രൂപീകരണ പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മികച്ച സംരംഭകരെ അനുമോദിച്ചു.
വെട്ടിക്കവല ബ്ലോക്കിലെ ആറ് കുടുംബശ്രീ സിഡിഎസുകളില്‍ നിലവില്‍ 1246 സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നു. പത്തനാപുരം ബ്ലോക്ക് ഫിനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സിലര്‍ ജേക്കബ് മാത്യു കുരാക്കാരന്‍ സൂക്ഷ്മസംരംഭകര്‍ക്കായി ക്ലാസെടുത്തു. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ അസിസ്റ്റന്റ് മാനേജര്‍ ഡോ. പി ആര്‍ ദീപു കൃഷ്ണന്‍ ഗ്രാമീണമേഖലയിലെ സ്ത്രീ സംരംഭവികസനത്തെകുറിച്ച് ക്ലാസും.
വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് കുമാര്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ദിവ്യ ചന്ദ്രശേഖര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ തലച്ചിറ അസീസ്, എബി ഷാജി, സ്ഥിരംസമിതി അധ്യക്ഷരായ ബെന്‍സി, സിനി ജോസ്, എ. അജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ ഹര്‍ഷകുമാര്‍, ബെച്ചി ബി. മലയില്‍, വിനോദിനി, എന്‍ മോഹനന്‍, ഒ ബിന്ദു, അനു വര്‍ഗീസ്, എസ് അനില്‍കുമാര്‍, ഗിരിജ രാജ്, കെ.എം. റജി, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ആര്‍ വിമല്‍ ചന്ദ്രന്‍, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2818/2025)
*വനം- വന്യജീവി സംഘര്‍ഷനിയന്ത്രണത്തിന് കൂടുതല്‍ നടപടി വേണം: ജില്ലാ വികസന സമിതി*
വനം-വന്യജീവി സംഘര്‍ഷം നിയന്ത്രിക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ വികസനസമിതി യോഗം. കാട്ടുപന്നിശല്യം നിയന്ത്രിക്കുന്നതിന് വൈദഗ്ധ്യമുള്ളവരെ നിയോഗിക്കണം എന്ന ആവശ്യവും ഉയര്‍ന്നു. വനം-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ജില്ലാതല നിയന്ത്രണസമിതിയുടെ പ്രവര്‍ത്തനങ്ങളിലൂടെ വനവുമായിചേര്‍ന്നുള്ള പഞ്ചായത്തുകളിലെ പരാതിപരിഹാരമാണ് ഉറപ്പാക്കേണ്ടത്. നിലവില്‍ 48 പരാതികള്‍ പരിഹരിച്ചതായി വനം വകുപ്പ് പ്രതിനിധികള്‍ അറിയിച്ചു.
കണ്ണങ്കാട്ടുക്കടവ് പാലം, കൊന്നേക്കടവില്‍ പാലം, പെരുമണ്‍ പാലം നിര്‍മാണ പ്രവര്‍ത്തനങ്ങളും മൈനാഗപ്പള്ളി മേല്‍പ്പാലത്തിന് സ്ഥലമേറ്റെടുപ്പ് നടപടിയും വേഗത്തിലാക്കണമെന്നും കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ പറഞ്ഞു. ചവറയിലെ കാക്കത്തോപ്പ് ഉന്നതിയുടെ നിര്‍മാണം ഊര്‍ജിതമാക്കണം. ഇരുച്ചക്ര വാഹന യാത്രികരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടു.
പത്തനാപുരം ബൈപാസ് റോഡിനായി ഭൂമിയേറ്റെടുക്കുന്നതിന് സര്‍വേ നടപടി വേണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ പ്രതിനിധി പി.എ സജിമോന്‍ ആവശ്യപ്പെട്ടു.
ജില്ലയിലെ സ്‌കൂളുകളുടെ ഫിറ്റ്‌നസ് പരിശോധിക്കണമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ പ്രതിനിധി കെ.എസ് വേണുഗോപാല്‍ ആവശ്യപ്പെട്ടു. സ്വകാര്യബസുകള്‍ സര്‍വീസ് പാതിവഴിയില്‍ അവസാനിപ്പിക്കുന്നത് പരിശോധിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ ശ്രദ്ധയില്‍പ്പെടുത്തി. പെരിനാട്, തൃക്കോവില്‍വട്ടം പഞ്ചായത്തുകളില്‍ ആംബുലന്‍സ് ലഭ്യമാക്കണമെന്ന്പി.സി വിഷ്ണുനാഥ് എം.എല്‍.എയുടെ പ്രതിനിധി ആവശ്യപ്പെട്ടു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം ജി നിര്‍മല്‍കുമാര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം.ആര്‍ ജയഗീത, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2819/2025)
*സീനിയേഴ്‌സ് സെന്റര്‍ ജില്ലാതല ഉദ്ഘാടനം 28ന്*
ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സീനിയേഴ്‌സ് സെന്റര്‍ ജില്ലാതല ഉദ്ഘാടനം സെപ്റ്റംബര്‍ 28ന് ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ ഇ.എം.എസ് ഗ്രന്ഥശാലയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപന്‍ നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ എസ്. കല്ലേലിഭാഗം അധ്യക്ഷനാകും. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. സുന്ദരേശന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.ഗീത, ഇ.എം.എസ് ലൈബ്രറി പ്രസിഡന്റ് വി.അജയകുമാര്‍, കുന്നത്തൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ആര്‍.എസ്.അനില്‍, സെക്രട്ടറി എസ്.ശശികുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തുണ്ടില്‍ നൗഷാദ്, എസ്. നസീമബീവി, ടി.കെ.സയൂജ എന്നിവര്‍ പങ്കെടുക്കും.
ജില്ലാപഞ്ചായത്ത്പരിധിയിലെ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ വയോജനങ്ങളുടെകൂട്ടായ്മ ഗ്രന്ഥശാലകള്‍കേന്ദ്രീകരിച്ച് സംഘടിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടത്തില്‍ ഒരു ഡിവിഷനില്‍ ഒരു സെന്റര്‍ വീതമാണ് രൂപീകരിക്കുന്നത്. സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരമുള്ളതും വയോജനകൂട്ടായ്മഒരുക്കാന്‍ സ്ഥലസൗകര്യമുള്ള ഗ്രന്ഥശാലകളെയാണ് പരിഗണിക്കുന്നത്. ഓരോ ഗ്രന്ഥശാലയ്ക്കും രണ്ട് കട്ടില്‍, രണ്ട് കിടക്ക, 10 കസേര, ഇന്‍ഡക്ഷന്‍ കുക്കര്‍, 10 സ്റ്റീല്‍ ഗ്ലാസ് എന്നിവ നല്‍കും. പരമാവധി 50 ആളുകളെ ഒരു സെന്ററില്‍ ഉള്‍കൊള്ളാന്‍ കഴിയും.
(പി.ആര്‍.കെ നമ്പര്‍ 2820/2025)
*സംസ്ഥാനത്തെ ആദ്യ വര്‍ക്ക് നിയര്‍ ഹോം യാഥാര്‍ത്ഥ്യമാകുന്നു*
വൈജ്ഞാനികതൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വീടിനടുത്ത് തൊഴിലെടുക്കുന്നതിനുള്ള സാഹചര്യംസൃഷ്ടിക്കുന്നതിന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ മുന്‍കൈയെടുത്ത് നടപ്പിലാക്കുന്ന സര്‍ക്കാര്‍ പദ്ധതിയായ വര്‍ക്ക് നിയര്‍ ഹോം പൂര്‍ത്തീകരണത്തിലേക്ക്. ഐ.ടി മേഖലയുടെ വികേന്ദ്രീകരണം ലക്ഷ്യമിട്ട് സംസ്ഥാനത്ത് ആദ്യമായാണ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. കൊട്ടാരക്കരയില്‍ തുടങ്ങുന്ന കേന്ദ്രത്തില്‍ 157 പ്രൊഫഷണലുകള്‍ക്ക് ജോലി ചെയ്യാനുള്ള സംവിധാനമാണ് ഉണ്ടാകുക.
ഗ്രാമപ്രദേശങ്ങളില്‍ അത്യാധുനികസൗകര്യങ്ങളോടുകൂടിയ ജോലിസ്ഥലങ്ങള്‍ നിര്‍മിച്ച് ഐ.ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ അടക്കമുള്ള സംരംഭങ്ങള്‍ക്കും വിദൂരജോലികള്‍ ഏറ്റെടുത്ത്‌ചെയ്യുന്നതിന് തൊഴിലിട ശൃംഖല സ്ഥാപിക്കുകയാണ് ലക്ഷ്യം. ദീര്‍ഘദൂരം യാത്രചെയ്യാതെ വര്‍ക്ക് നിയര്‍ ഹോം സൗകര്യം ഉപയോഗപ്പെടുത്താം. തൊഴിലില്‍നിന്ന് വിട്ടുനില്‍ക്കേണ്ടിവന്ന വീട്ടമ്മമാര്‍ക്കും യോഗ്യതയ്ക്കനുസൃതമായി വീടിനടുത്ത് തൊഴില്‍ ലഭ്യമാകും.
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിനടുത്തുള്ള ബി.എസ്.എന്‍.എല്ലിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് കേന്ദ്രത്തിന്റെ തുടക്കം. 9250 ചതുരശ്രയടി വിസ്തീര്‍ണമുള്ള രണ്ട്‌നില കെട്ടിടം പൂര്‍ത്തിയായി. വിശ്രമമുറി, വീഡിയോ കോണ്‍ഫറന്‍സിങ് ഉള്‍പ്പെടെ സൗകര്യമുള്ള കോണ്‍ഫറന്‍സ് റൂം, മീറ്റിംഗ് റൂം, കഫ്റ്റീരിയ, പ്രൈവറ്റ് ഓഫീസ് റൂം, പബ്ലിക് ഓഫീസ് റൂം, വൈഫൈ സൗകര്യം, സിസിടിവി നിരീക്ഷണം എന്നിവയ്‌ക്കൊപ്പം പാര്‍ക്കിംഗ്, ടോയ്ലെറ്റ്, കുടിവെള്ളസൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ആദ്യത്തെ രണ്ട് നിലകളിലാണ് പ്രൊഫഷണലുകള്‍ക്കായുള്ള സൗകര്യം. പൂര്‍ണമായും ശീതീകരിച്ച മുറികളുള്ള സംവിധാനങ്ങള്‍ സൗരോര്‍ജ്ജത്തിലാകും പ്രവര്‍ത്തിക്കുക.
കെ-ഡിസ്‌കിനാണ് പദ്ധതിയുടെ നിര്‍വഹണചുമതല. 5.2 കോടി രൂപയാണ് കിഫ്ബി പദ്ധതിക്കായി നല്‍കിയത്. വീട്ടിലിരുന്ന് ജോലിചെയ്യുന്നവര്‍, ഫ്രീലാന്‍സ് തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍, ജീവനക്കാര്‍ക്ക് വിദൂരമായി ജോലിചെയ്യാനുള്ള സൗകര്യം നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങള്‍, സ്വന്തമായി ചെറുസംരംഭങ്ങള്‍ നടത്തുന്നവര്‍ തുടങ്ങിയവര്‍ക്ക് പദ്ധതി പ്രയോജനപ്പെടുത്താം.
കേരളത്തില്‍ വര്‍ക്ക് നിയര്‍ ഹോമിന്റെ 10 പൈലറ്റ് പ്രൊജക്ടുകളാണ് വരുന്നത്. ആദ്യത്തേതാണ് കൊട്ടാരക്കരയിലേത്. എറണാകുളം കളമശ്ശേരിയിലും കോഴിക്കോട് രാമനാട്ടുകരയിലും നിര്‍മാണം ആരംഭിക്കും.
ഐ.ടി കമ്പനിയായ സോഹോ കോര്‍പ്പറേഷന്റെ ഇന്ത്യയിലെ രണ്ടാമത്തെ ക്യാമ്പസ് കൊട്ടാരക്കരയിലെ നെടുവത്തൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. നഗരത്തില്‍ ഡ്രോണ്‍ റിസര്‍ച്ച് പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഗ്രാമപ്രദേശങ്ങളിലെ പ്രൊഫഷണലുകള്‍ക്ക് തൊഴില്‍ സാധ്യത ഉറപ്പുവരുത്തുന്ന വര്‍ക്ക് നിയര്‍ ഹോം ഉദ്ഘാടനം അടുത്ത മാസം നടക്കുമെന്ന് കെ - ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ. പി.വി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
(പി.ആര്‍.കെ നമ്പര്‍ 2821/2025)
*കനറാ ബാങ്കിന്റെ വായ്പ ബോധവല്‍ക്കരണം; സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു*
കനറാ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ കനിവ് പാലിയേറ്റീവ് കെയറുമായി ചേര്‍ന്ന് സംഘടിപ്പിച്ച ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ സാച്ചുറേഷന്‍ ക്യാമ്പും വായ്പ പദ്ധതികളുടെ ബോധവല്‍ക്കരണത്തിന്റെ ഉദ്ഘാടനവും സാമൂഹിക സുരക്ഷ പദ്ധതിയുടെ ഭാഗമായി കനിവ് പാലിയേറ്റീവ് കെയറിന് നല്‍കുന്ന വാഹനത്തിന്റെ കൈമാറ്റവും മാവടി ഐശ്വര്യ ഓഡിറ്റോറിയത്തില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു.
കനറാ ബാങ്ക് ജനറല്‍ മാനേജര്‍ എസ് സുനില്‍കുമാര്‍ അധ്യക്ഷനായി. ആര്‍.എസ്.ഇ.ടി.ഐ ഡയറക്ടര്‍ എച്ച്. നിസാറുദ്ദിന്‍ ബാങ്കിന്റെ സ്റ്റാളുകളും ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന പരിപാടികളും വിശദീകരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സജി കടക്കാല, ബിന്ദു ജി നാഥ്, ജില്ലാ വ്യവസായ കേന്ദ്രം പ്രതിനിധി എ മുഹമ്മദ് റാസി, കനിവ് സൊസൈറ്റി ചെയര്‍മാന്‍ അഡ്വ. ഡി.എസ് സുനില്‍, കനറാ ബാങ്ക് റീജിയണല്‍ ഹെഡ് എം.വി.വി.എസ്.എസ് സുബ റാവു, കാനറാ ബാങ്ക് മൈലം മാനേജര്‍ വൈ.മുഹമ്മദ് സ്വാലിഹ്, ലീഡ് ബാങ്ക് ഓഫീസര്‍ സുരേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2822/2025)
*ജില്ലാ ശിശുക്ഷേമസമിതിയുടെ ശാസ്ത്ര-ചരിത്ര ശില്പശാലയ്ക്ക് തുടക്കമായി*
ജില്ലാ ശിശുക്ഷേമസമിതി സംഘടിപ്പിക്കുന്ന ശാസ്ത്ര-ചരിത്ര ശില്പശാലയ്ക്ക് തുടക്കമായി. ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുക്ഷേമ സമിതി ട്രഷറര്‍ എന്‍. അജിത് പ്രസാദ് അധ്യക്ഷനായി. സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ജി.എല്‍. അരുണ്‍ ഗോപി മുഖ്യപ്രഭാഷണം നടത്തി. ചരിത്രശില്പശാലയുടെ കോഓര്‍ഡിനേറ്റര്‍ ഡി. എസ് സന്ദീപ്, അക്കാദമിക് കമ്മിറ്റി കണവീനര്‍ ദേവിക എസ്. ദേവ്, ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി അഡ്വ. ഡി. ഷൈന്‍ദേവ്, എക്‌സിക്യൂട്ടീവ് സമിതി അംഗങ്ങളായ ആര്‍. മനോജ്, കറവൂര്‍ എല്‍ വര്‍ഗീസ്, മുന്‍ ചെയര്‍മാന്‍ അഡ്വ. കെ.പി. സജി നാഥ്, വിദ്യാര്‍ഥി പ്രതിനിധികളായ ഇമ. എസ്.കൃഷ്ണന്‍, ആര്‍ച്ച എന്നിവര്‍ പങ്കെടുത്തു.
ശില്‍പശാലയുടെ ഭാഗമായി ജില്ലയിലെ ചരിത്ര പ്രാധാന്യ സ്ഥലങ്ങള്‍ കുട്ടികള്‍ സന്ദര്‍ശിച്ചു. 1935ല്‍ കേരളം സന്ദര്‍ശന വേളയില്‍ അയിത്താചാരത്തിനെതിരെ ഗാന്ധിജി ഉളിയകോവിലില്‍ സ്ഥാപിച്ച കുളവും സന്ദര്‍ശിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2823/2025)
*സര്‍ട്ടിഫിക്കറ്റ് വിതരണവും സെമിനാറും*
കൊല്ലം സെന്റര്‍ ഫോര്‍ ബിഹേവിയര്‍ മോഡിഫിക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (സി ബി എം ആര്‍)ന്റെ നേതൃത്വത്തില്‍ എസ്.ആര്‍.സി കൗണ്‍സിലിംഗ് സൈക്കോളജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും 'ട്രോമാ ദി ഇന്‍വിസിബിള്‍ എപ്പിഡമിക്' വിഷയത്തില്‍ സെമിനാറും നടത്തി. ചിന്നക്കട മുനിസിപ്പല്‍ കോര്‍പറേഷനിലെ സി.ബി.എം.ആര്‍.ഹാളില്‍ എം. നൗഷാദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സൈക്കോളജിസ്റ്റ് ഡോ. സുരേഷ് തോന്നയ്ക്കല്‍ വിഷയം അവതരിപ്പിച്ചു. സി.ബി.എം.ആര്‍ പ്രസിഡന്റ് ഡോ. ജയകുമാര്‍ അധ്യക്ഷനായി. സെക്രട്ടറി സി.ജെ.ആന്റണി, എക്‌സിക്യൂട്ടീവ് സമിതി അംഗം ആര്‍ ബേബി തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2824/2025)
*കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ അഭിമുഖം*
പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെ ജെന്‍ഡര്‍ റിസോഴ്സ് സെന്ററിലേക്ക് കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കും. യോഗ്യത : വുമണ്‍ സ്റ്റഡീസ് /ജെന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവരാകണം. കൗണ്‍സിലിങ്ങില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. എസ്.എസ്.എല്‍.സി, ആധാര്‍, റേഷന്‍ കാര്‍ഡ്/ റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഒക്‌ടോബര്‍ 10ന് രാവിലെ 11ന് പത്തനാപുരം ബ്ലോക്ക് പഞ്ചായത്തില്‍ നടത്തുന്ന അഭിമുഖത്തില്‍ ഹാജരാകണം. ഫോണ്‍: 9142441514.
(പി.ആര്‍.കെ നമ്പര്‍ 2825/2025)
*വാഹനലേലം*
ഉള്‍നാടന്‍ ജലഗതാഗത വകുപ്പിന്റെ കൊല്ലം ഡിവിഷന്‍ ഓഫീസ് പരിസരത്ത് സൂക്ഷിച്ച അംബാസിഡര്‍ കാര്‍ ഒക്ടോബര്‍ ആറ് രാവിലെ 11.30ന് ലേലം ചെയ്യും. ഫോണ്‍: 0474 2742328.
(പി.ആര്‍.കെ നമ്പര്‍ 2826/2025)
*അഭിമുഖം തീയതി മാറ്റി*
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ 30ന് നടത്താനിരുന്ന അഭിമുഖം സെപ്റ്റംബര്‍ 29 രാവിലെ 10.30ന് നടത്തും. പ്ലസ്.ടു മുതല്‍ ഉയര്‍ന്ന യോഗ്യതയുള്ള 18 നും 35 നും മധ്യേ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. മൂന്ന് സെറ്റ് ബയോഡാറ്റയും ആധാര്‍ കാര്‍ഡുമായി എത്തണം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സോഫ്റ്റ് സ്‌കില്‍, കംപ്യൂട്ടര്‍ പരിശീലനം നല്‍കി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. ഫോണ്‍: 8281359930, 8304852968, 7012853504.
(പി.ആര്‍.കെ നമ്പര്‍ 2827/2025)
*താത്ക്കാലിക നിയമനം*
ചാത്തന്നൂര്‍ ഐ.ടി.ഐയില്‍ ഡ്രസ് മേക്കിങ് ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ താത്കാലിക ഒഴിവിലേക്ക് ഈഴവ/ബില്ലവ/തിയ്യ വിഭാഗത്തില്‍ നിന്നും നിയമനം നടത്തും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും/എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഡ്രസ് മേക്കിങ്/ഗാര്‍മെന്റ് ഫാബ്രിക്കേറ്റിംഗ് ടെക്‌നോളജി/കോസ്റ്റ്യൂം ടെക്‌നോളജി/ അപ്പാരല്‍ ടെക്‌നോളജി വിഷയത്തിലെ ബി.വോക്ക്/ബിരുദവും പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയങ്ങളിലെ ഡിപ്ലോമയും രണ്ട് വര്‍ഷ പ്രവൃത്തി പരിചയവും. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ചാത്തന്നൂര്‍ ഐ.ടി.ഐ പ്രിന്‍സിപ്പള്‍ മുമ്പാകെ ഒക്‌ടോബര്‍ ആറ് രാവിലെ 11ന് ഹാജരാകണം. ഫോണ്‍; 0474 2594579.
(പി.ആര്‍.കെ നമ്പര്‍ 2828/2025)
*ഭാഗ്യക്കുറി ക്ഷേമനിധി; അംഗത്വം പുന:സ്ഥാപിക്കുന്നതിന് അവസരം*
ഭാഗ്യക്കുറി വില്‍പ്പനക്കാര്‍ക്ക് അംശാദായ കുടിശ്ശിക തുക പിഴ സഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കുന്നതിന് ഒക്‌ടോബര്‍ ഒന്ന് മുതല്‍ 31 വരെ അവസരം. അംഗങ്ങള്‍ ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്നവരാണെന്ന സാക്ഷ്യപത്രം, അംഗത്വ പാസ് ബുക്ക്, അംഗത്വം റദ്ദായ കാലയളവ് മുതല്‍ പ്രസ്തുത മാസം വരെ ടിക്കറ്റ് വിറ്റതിന്റെ കണക്ക് രേഖപ്പെടുത്തിയ ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാന മൂന്ന് മാസത്തെ വൗച്ചര്‍ സഹിതം നേരിട്ടെത്തി അംഗത്വം പുനഃസ്ഥാപിക്കാം. ഫോണ്‍: 0474 2744447.
(പി.ആര്‍.കെ നമ്പര്‍ 2829/2025)
*ഇ.എം.എസ് മെമ്മോറിയല്‍ പ്രസംഗമത്സരം*
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി ഒക്ടോബര്‍ എട്ടിന് കോഴിക്കോട് ഐ.എച്ച്.ആര്‍.ഡി കോളജില്‍ പ്രസംഗ മത്സരം സംഘടിപ്പിക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ ക്യാഷ് പ്രൈസും ഇ.എം.എസ് സ്മാരക ട്രോഫിയും വിതരണം ചെയ്യും. അഞ്ച് മിനിറ്റാണ് സമയം. വിഷയം അഞ്ച് മിനിറ്റ് മുമ്പ് നല്‍കും. പ്രായപരിധി: 18-40 വയസ്. ഫോട്ടോ സഹിതം ബയോഡേറ്റ youthday2020@gmail.com ലോ കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം.ജി, തിരുവനന്തപുരം-33 ലോ ലഭ്യമാക്കണം. അവസാന തീയതി: ഒക്ടോബര്‍ ആറ്. ഫോണ്‍: 8086987262, 0471-2308630.
(പി.ആര്‍.കെ നമ്പര്‍ 2830/2025)
*ഐ.ടി.ഐ പ്രവേശനം*
മെഴുവേലി സര്‍ക്കാര്‍ വനിതാ ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ട്രേഡുകളില്‍ സീറ്റ് ഒഴിവുണ്ട്. ഫോണ്‍: 0468 2259952, 9961276122, 9995686848, 8075525879.
(പി.ആര്‍.കെ നമ്പര്‍ 2831/2025)
*ലോക ടൂറിസം ദിനാചരണം: സെമിനാറും മത്സരവും സംഘടിപ്പിച്ചു*
ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില്‍ ആശ്രാമം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ 'ടൂറിസവും സുസ്ഥിര പരിവര്‍ത്തനവും' വിഷയത്തില്‍ സെമിനാറും വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എ.ആര്‍. ഷാനവാസ് ഖാന്‍ ഉദ്ഘാടനം ചെയ്തു. ഡി.ടി.പി.സി സെക്രട്ടറി അധ്യക്ഷനായി. കിറ്റ്‌സ് അസിസ്റ്റന്റ് പ്രൊഫസര്‍ ബാബു രംഗരാജ് ‘ടൂറിസവും സുസ്ഥിര പരിവര്‍ത്തനവും' വിഷയത്തിലും, എഴുത്തുകാരനും സംസ്ഥാന ടൂറിസം ഉപദേശക സമിതി അംഗവുമായ വിമല്‍ റോയ് 'ടൂറിസം സംസ്‌കാരം' വിഷയത്തിലും ക്ലാസുകള്‍ നയിച്ചു.
വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് സമ്മാനങ്ങള്‍ നല്‍കി. കോളജ് തലത്തിലെ സഞ്ചാര സാഹിത്യ രചനാ മത്സരത്തില്‍ സൂര്യ നന്ദന ബി പിള്ളയും, സ്‌കൂള്‍ തലത്തില്‍ അശ്വതി ആര്‍ ഉണ്ണിത്താനും വിജയികളായി. റീല്‍സ് നിര്‍മാണ മത്സരത്തില്‍ അമരീഷ് കൃഷ്ണയും, മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരത്തില്‍ എസ്.ഗൗതവും പുരസ്‌കാരങ്ങള്‍ നേടി.
(പി.ആര്‍.കെ നമ്പര്‍ 2832/2025)
*ക്രഷ് ഹെല്‍പ്പര്‍ നിയമനം*
ഓച്ചിറ ഐ.സി.ഡി.എസ് പരിധിയിലെ തഴവ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ 89-ാം നമ്പര്‍ അങ്കണവാടിയിലേക്ക് ക്രഷ് ഹെല്‍പ്പറെ നിയമിക്കും. യോഗ്യത: പത്താം ക്ലാസ്. തഴവ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ സ്ഥിര താമസക്കാരും സേവന താല്പര്യമുള്ള വനിതകളായിരിക്കണം അപേക്ഷകര്‍. പ്രായപരിധി 2025 ജനുവരി ഒന്നിന് 18-35 വയസ്. പ്രതിമാസ ഹോണറേറിയം 3000 രൂപ. സ്ഥിര താമസം, വയസ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് പ്രൊജക്റ്റ് ഓഫീസ്, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, ചങ്ങന്‍കുളങ്ങര, ഓച്ചിറ പി.ഓ-690526 വിലാസത്തില്‍ ഒക്ടോബര്‍ 10 ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. അപേക്ഷാ കവറിന് പുറത്ത് ‘അങ്കണവാടി കം ക്രഷ് അപേക്ഷ തഴവ ഗ്രാമ പഞ്ചായത്ത്’ എന്ന് രേഖപ്പെടുത്തണം. ഫോണ്‍: 8281999108.
(പി.ആര്‍.കെ നമ്പര്‍ 2833/2025)
*ഖാദി റിബേറ്റ് മേള ; ജില്ലാതല ഉദ്ഘാടനം നടത്തി*
ഗാന്ധിജയന്തിയോടനുബന്ധിച്ച് ഖാദി റിബേറ്റ് മേള 2025 ന്റെ ജില്ലാതല ഉദ്ഘാടനവും 'ഗാന്ധിജിയും ഖാദിയും, സ്വാതന്ത്ര്യ സമരവും, പൊതുവിജ്ഞാനവും’ വിഷയത്തില്‍ ജില്ലാതല ക്വിസ് മത്സരവും സംഘടിപ്പിച്ചു. ഉദ്ഘാടനവും ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ക്യാഷ് അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റ്, മൊമന്റോ എന്നിവയുടെ വിതരണവും കൊല്ലം കോര്‍പ്പറേഷന്‍ നികുതി അപ്പീല്‍ കാര്യാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.എ.കെ സവാദ് നിര്‍വഹിച്ചു. ഇളമ്പള്ളൂര്‍ എസ്.എന്‍.എസ്.എം.എച്ച്.എസ്.എസിലെ പി.ധ്വനി, നവമി നന്ദന്‍ എന്നിവര്‍ ഒന്നാം സ്ഥാനവും, കരുനാഗപ്പള്ളി ബോയിസ് എച്ച്.എസ്.എസിലെ എന്‍. നൈഫ, എസ്. അഭിത എന്നിവര്‍ രണ്ടാം സ്ഥാനവും, അര്‍ക്കന്നൂര്‍ വി.എച്ച്.എസ്.എസിലെ സൂരജ് ബാബു. അമേയ പ്രേം എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.
ഗാന്ധി ജയന്തി മേളയോടനുബന്ധിച്ച് സെപ്റ്റംബര്‍ 29 മുതല്‍ ഒക്‌ടോബര്‍ നാല് വരെ കോട്ടണ്‍, സില്‍ക്ക് തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റ് ലഭിക്കും. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, ബാങ്ക് സഹകരണ, പൊതുമേഖല ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ പലിശരഹിത ക്രെഡിറ്റ് സൗകര്യമുണ്ട്. ഖാദി ഗ്രാമ സൗഭാഗ്യയുടെ കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ നിന്നും റിബേറ്റോടു കൂടി ഖാദി ഉല്പന്നങ്ങള്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2834/2025)
*റാങ്ക് പട്ടിക റദ്ദായി*
ആരോഗ്യവകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട് ( പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മാത്രം) ( കാറ്റഗറി നം. 338/2020) റാങ്ക് പട്ടിക റദ്ദായി.
(പി.ആര്‍.കെ നമ്പര്‍ 2835/2025)
*അറിയിപ്പ്*
നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് (കേരളം) വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷന്‍ ഡ്രൈവ് സംഘടിപ്പിക്കും. കൊട്ടാരക്കര താലൂക്കില്‍ ഇതുവരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ ഒക്ടോബര്‍ 15-നകം പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0476-2457212,7907992245.
(പി.ആര്‍.കെ നമ്പര്‍ 2836/2025)
*ഇന്ത്യ സ്‌കില്‍സ് 2025; 30 വരെ രജിസ്റ്റര്‍ ചെയ്യാം*
നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനും സംഘടിപ്പിക്കുന്ന ഇന്ത്യ സ്‌കില്‍സ് 2025 മത്സരങ്ങളിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 16 നും 24 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ അഭിരുചിക്കനുസരിച്ചുള്ള മേഖലകളില്‍ www.worldskillsindia.co.in ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം. അവസാന തീയതി സെപ്റ്റംബര്‍ 30. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഫോണ്‍: 9497812090.
(പി.ആര്‍.കെ നമ്പര്‍ 2837/2025)













