സന്തോഷ വാർത്ത

Keralanewsmedia

സന്തോഷ വാർത്ത

ഈ ഓണക്കാലത്ത് തൃശൂർ ജനറൽ ആശുപത്രിയിൽ നിന്നുള്ള ഒരു സന്തോഷവർത്തമാനം പങ്കുവെയ്ക്കട്ടെ. ഹൃദയ ശസ്ത്രക്രിയ രംഗത്തെ ഏറ്റവും ചിലവേറിയതും സങ്കീർണ്ണവുമായ കീ ഹോൾ ശസ്ത്രക്രിയ തൃശൂർ ജിഎച്ചിൽ സാക്ഷാത്ക്കരിച്ചിരിക്കുന്നു. ഗോത്രവർഗ്ഗവിഭാഗത്തിൽ നിന്നുള്ള ഒരു അമ്മയ്ക്കാണ് ശസ്ത്രക്രിയ ചെയ്തത്. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ ട്രാൻസ്‌ കത്തീറ്റർ അയോർട്ടിക് വാൽവ് റീപ്ലേസ്‌മെന്‍റ് ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ച കേരളത്തിലെ രണ്ടാമത്തെ ജില്ലാതല ആശുപത്രിയായി തൃശൂർ ജനറൽ ആശുപത്രി. എറണാകുളം ജനറൽ ആശുപത്രിക്ക് പുറമേയാണ് തൃശൂര്‍ ജനറൽ ആശുപത്രിയും ഈ നേട്ടം കൈവരിച്ചത്. 2022-ൽ കാത്ത് ലാബ് പ്രവർത്തനമാരംഭിച്ച് മൂന്നര വർഷത്തിനുള്ളിൽ നാലായിരം പ്രൊസീജിയറുകൾ പൂർത്തിയാക്കിയെന്ന നേട്ടവും തൃശൂർ ജനറൽ ആശുപത്രിയ്ക്കുണ്ട്. ഇന്‍റർവെൻഷണൽ ഹൃദയ ശസ്ത്രക്രിയ രംഗത്തെ ഏറ്റവും ചിലവേറിയതും സങ്കീർണവുമായ കീ ഹോൾ ശസ്ത്രക്രിയ ആണ് TAVR. ശ്വാസതടസ്സവും നെഞ്ചുവേദനയെയും തുടർന്ന് അഡ്മിറ്റ്‌ ആയ 68 വയസ്സുള്ള ട്രൈബൽ രോഗിക്കാണ് ഈ ശസ്ത്രക്രിയ ഫലപ്രദമായി പൂർത്തീകരിക്കുവാൻ സാധിച്ചത്. 14 ലക്ഷത്തോളം രൂപ ചെലവ് വരുന്ന സർജറിയാണ് സർക്കാർ പദ്ധതികളിലൂടെ സൗജന്യമായി നടത്തിയത്. അഭിമാനകരമായ നേട്ടം കൈവരിച്ച തൃശൂർ ജനറൽ ആശുപത്രിയിലെ കാർഡിയോളജി വിഭാഗം ഉള്‍പ്പെടെയുള്ള എല്ലാ ടീം അംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍.

വീണ ജോർജ് 

ആരോഗ്യ വകുപ്പ് മന്ത്രി