വാർത്തകൾ

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

വാർത്തകൾ

ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ സ്മാര്‍ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ നിര്‍ണ്ണായക മൊഴി. 2019 ല്‍ സ്വര്‍ണം പൂശാനായി ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയില്‍ എത്തിച്ചത് കാലപ്പഴക്കമില്ലാത്ത ദ്വാരപാലക ശില്‍പത്തിലെ പാളിയെന്നാണ് പങ്കജ് ഭണ്ഡാരി ദേവസ്വം വിജിലന്‍സിന് മൊഴി നല്‍കിയത്. മുമ്പ് സ്വര്‍ണം പാകിയ പാളികളല്ല കൊണ്ടുവന്നതെന്നും ഭണ്ഡാരി മൊഴി നല്‍കി.

കൊച്ചി കുണ്ടന്നൂരില്‍ തോക്ക് ചൂണ്ടി പണം കവര്‍ച്ച ചെയ്ത കേസില്‍ പ്രതികള്‍ അറസ്റ്റില്‍. കൊച്ചിയിലെ അഭിഭാഷകനായ നിഖിന്‍ നരേന്ദ്രന്‍ അടക്കമാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ ഏഴ് പേരാണ് പിടിയിലായത്. 20 ലക്ഷം രൂപയും കണ്ടെടുത്തു. മുഖംമൂടി സംഘമാണ് ഇനി പിടിയിലാകാനുള്ളത്.

കോണ്‍ഗ്രസ് നേതാക്കളായ എം ലിജു, അബിന്‍ വര്‍ക്കി എന്നിവര്‍ സഞ്ചരിച്ച കാര്‍ അടക്കം മൂന്ന് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. കൊല്ലം കൊട്ടാരക്കര വയക്കലില്‍വെച്ചായിരുന്നു അപകടം. പൊലീസിന്റെ ഇന്റര്‍സെപ്റ്റര്‍ വാഹനം ഇവരുടേതടക്കമുള്ള വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു.

വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും കോണ്‍ഗ്രസ് നേതാക്കൾക്ക് പരിക്കില്ല. അതേസമയം കോട്ടയം സ്വദേശികളായ കാര്‍ യാത്രികര്‍ക്കും രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റു. ഇവരെ കൊട്ടാരക്കര വിജയ ആശുപത്രിയിലും പരിക്കേറ്റ പൊലീസുകാരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും അഡ്മിറ്റ് ചെയ്തു.