വിദ്യാരംഭം : ശിവഗിരിയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു.

റിപ്പോട്ട്:സജീവ് ഗോപാലൻ

വിദ്യാരംഭം : ശിവഗിരിയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു.

വിദ്യാരംഭം : ശിവഗിരിയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു

ശിവഗിരി : കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കുന്നതിനായി ശിവഗിരിയില്‍ വിദ്യാദേവത ശ്രീശാരദാദേവി സന്നിധിയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. ഒക്ടോബര്‍ രണ്ടിനാണ് വിദ്യാരംഭം. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും, മറ്റു സംസ്ഥാനങ്ങളില്‍ നിന്നും, വിദേശ രാജ്യങ്ങളില്‍ നിന്നുമൊക്കെ രക്ഷിതാക്കള്‍ കുരുന്നുകളുമായി എത്തും. ആയിരക്കണക്കിന് കുട്ടികള്‍ക്ക് ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, ട്രഷറര്‍ ശാരദാനന്ദ സ്വാമി, ശിവഗിരി മഠം മുന്‍ ജനറല്‍ സെക്രട്ടറി ഋതംഭരാനന്ദ സ്വാമി,ഗുരുധര്‍മ്മ പ്രചരണ സഭ സെക്രട്ടറി അസംഗാനന്ദഗിരി സ്വാമി, സ്വാമി വിശാലാനന്ദ , സ്വാമി ഗുരുപ്രസാദ്,സ്വാമി ഹംസതീര്‍ത്ഥ , സ്വാമി വിരജാനന്ദ, സ്വാമി ദേശികാനന്ദയതി തുടങ്ങിയ സന്യാസി ശ്രേഷ്ഠര്‍ ആദ്യാക്ഷരം പകര്‍ന്നു നല്‍കും. നാടിന്‍റ നാനാഭാഗത്തുനിന്നും വിദ്യാരംഭം സംബന്ധിച്ച് അന്വേഷണം ശിവഗിരിയില്‍ എത്തുന്നുണ്ട്. പുലര്‍ച്ചെ മുതല്‍ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും. ശാരദാമഠത്തില്‍ വിശേഷാല്‍ ആരാധനയെ തുടര്‍ന്നാണ് ആരംഭം. കുഞ്ഞുങ്ങളുമായി എത്തിച്ചേരുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. വന്നുചേരുന്ന എല്ലാ കുട്ടികള്‍ക്കും ആദ്യക്ഷരം കുറിക്കുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്ന് ശിവഗിരി മഠത്തില്‍ നിന്നും അറിയിച്ചു.

ശിവഗിരി നവരാത്രി മണ്ഡപത്തില്‍ വടക്കേ മലബാര്‍ കലകള്‍ നിറഞ്ഞുനിന്നു.

ശിവഗിരി : നവരാത്രി മണ്ഡപത്തില്‍ നടന്നുവരുന്ന വൈവിധ്യമാര്‍ന്ന കലാമേളകളില്‍ ഇന്നലെ നിറഞ്ഞുനിന്നത് വടക്കേ മലബാറിന്‍റെ കലാവിരുന്നുകളും ഭക്തിഗാനസുധയും. കൃഷ്ണമ്മ രാജേന്ദ്രന്‍റെ ഗുരുദേവ കൃതി പാരായണം, ഗുരുധര്‍മ്മ പ്രചരണ സഭ ആലപ്പുഴ ജില്ല കമ്മിറ്റിയുടെ ഗുരുദേവ കൃതി സംഗീതാര്‍ച്ചന എന്നിവയ്ക്ക് ശേഷം തലശ്ശേരി ജഗന്നാഥ ക്ഷേത്രം, ശ്രീ ശാരദ ഭജനസമിതിയുടെ ഭക്തിഗാനസുധ, തലശ്ശേരി ചെമ്പ്രം മഠത്തിന്‍റെ നിറക്കൂട്ട് കൈകൊട്ടികളി , ജഗന്നാഥ ടീമിന്‍റെ ഡാന്‍സും വടക്കേ മലബാറിന്‍റെ തനത് ഭാവങ്ങള്‍ ഉയര്‍ത്തിക്കാട്ടി. കലാമണ്ഡലം ഗൗരി ബിലീഷിന്‍റെ ഗുരുദേവ കൃതികളുടെ നിര്‍ത്താവിഷ്കാരം, കൊല്ലം ശ്രീഭദ്ര, കരുനാഗപ്പള്ളി അഭിജിത കെ. രാജ്, അമിത പി .രാജ് എന്നിവരുടെ കുച്ചിപ്പുടിയും, കേരള നടനം, അനന്യ സന്തോഷിന്‍റെ ഡാന്‍സ്, കുമരകം ജ്യോത്യിര്‍മയിയുടെയും അഭേദ്യ വിനീതിന്‍റെയും ഗുരുദേവ കൃതി ആലാപനം. ദേവനന്ദ അരുണിന്‍റെ നാടോടി നൃത്തം എന്നിവയും ഏറെ ശ്രദ്ധേയമായി.

ശിവഗിരി സ്ഥാപനങ്ങളില്‍ നിന്നും ഇന്ന് നവരാത്രി മണ്ഡപത്തില്‍ വിവിധ പരിപാടികള്‍ (28/09)

ശിവഗിരി : ശിവഗിരി നവരാത്രി മണ്ഡപത്തില്‍ ഇന്ന് ശിവഗിരി മഠം സ്ഥാപനങ്ങളായ ശ്രീനാരായണ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍, ഇംഗ്ലീഷ് ജൂനിയര്‍ സ്കൂള്‍, ഹയര്‍സെക്കന്‍ഡറി സ്കൂള്‍, നഴ്സിംഗ് കോളേജ് എന്നിവിടങ്ങളില്‍ നിന്നുള്ള വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കും. രാവിലെ നെയ്യാറ്റിന്‍കര അഭിരാമിന്‍റെ വയലിന്‍ കച്ചേരിയോടു കൂടിയാകും തുടക്കം. ജി. ശ്രീറാമിന്‍റെ സംഗീതവും ഉണ്ടാകും.