*ലിറ്റിൽ കൈറ്റ്സ് അവാർഡിന് അപേക്ഷ ക്ഷണിച്ചു*
Keralanewsmedia
*ലിറ്റിൽ കൈറ്റ്സ് അവാർഡിന് അപേക്ഷ ക്ഷണിച്ചു*
* മികച്ച ലിറ്റിൽ കൈറ്റ്സ് ക്ലബിന് രണ്ടര ലക്ഷം രൂപ അവാർഡ്*
05/11/2025
കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ രൂപീകരിച്ചിട്ടുള്ള ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ നിന്ന് 2025-26 വർഷത്തെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സ്കൂളുകൾക്ക് യഥാക്രമം 2,50,000, 2,00,000, 1,50,000 രൂപയും പ്രശസ്തി പത്രവും ജില്ലാ തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സ്കൂളുകൾക്ക് യഥാക്രമം 40,000, 30,000, 20,000 രൂപയും പ്രശസ്തി പത്രവും അവാർഡായി നൽകും. ഈ വർഷം ഉപജില്ലാ തലത്തിൽ മികച്ച വിദ്യാലയത്തിന് പ്രത്യേക അവാർഡും നൽകും.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ, തനത് പ്രവർത്തനങ്ങളും സാമൂഹ്യ ഇടപെടലും, സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ, സ്കൂൾ വിക്കി അപ്ഡേഷൻ, ക്യാമ്പുകളിലെ പങ്കാളിത്തം, സ്കൂൾതല ഡിജിറ്റൽ മാഗസിൻ തയ്യാറാക്കൽ, വിക്ടേഴ്സ് ചാനൽ വ്യാപനം, ചാനലിലേക്ക് ആവശ്യമായ ന്യൂസ് തയ്യാറാക്കൽ, അംഗങ്ങളുടെ വ്യക്തിഗത പ്രകടനങ്ങൾ, ഹൈടെക് ക്ലാസ്മുറികളുടെ പരിപാലനം, സ്കൂളിലെ മറ്റ് പ്രവർത്തനങ്ങളിൽ യൂണിറ്റിന്റെ ഇടപെടൽ എന്നീ മേഖലകൾ പരിഗണിച്ചായിരിക്കും മികച്ച യൂണിറ്റിനെ കണ്ടെത്തുക.
ലിറ്റിൽ കൈറ്റ്സ് (എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലെ) മൂന്ന് ബാച്ചുകളും 2025-26 അധ്യയന വർഷത്തിൽ പ്രവർത്തിക്കുന്ന എല്ലാ വിദ്യാലയങ്ങൾക്കും അപേക്ഷിക്കാവുന്നതാണെന്ന് കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. അൻവർ സാദത്ത് അറിയിച്ചു. അവാർഡിന് അപേക്ഷിക്കേണ്ട അവസാന തീയതി 2026 ജനുവരി 10 ആണ്.













