കൊല്ലം റൂറൽ എസ്.പി. ടി.കെ. വിഷ്ണു പ്രദീപ് ഐ പി എസ്സിന്റെ ജീവിതം ഒരു പാഠപുസ്തകമാണ്
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
സിനിമകളിൽ കണ്ടിരിക്കാം ഇതുപോലൊരു ത്രസിപ്പിക്കുന്ന പോലീസ് നായകന്റെ കഥ. പക്ഷെ യഥാർത്ഥ ജീവിതത്തിൽ വളരെ വിരളമായിരിക്കും. ഹീറോയിസം എന്നാൽ, ഇതാണ് ഹീറോയിസം. മലയാളം മീഡിയം സ്കൂളിൽ എന്നും പിൻ ബെഞ്ചുകാരനായ ഒരു ബാലൻ എട്ടാം തരത്തിൽ ഉപേക്ഷിച്ച സ്വപ്നം. പരിഹസിച്ചവരുടെയും പ്രതിസന്ധികളുടെയും മുനയൊടിച്ച്
ഐ പി എസ് കുപ്പായവും തൊപ്പിയും അണിഞ്ഞ് ചാർജെടുത്തത് പോലീസ് മേധാവിയായി.
“പിന്നിലാവുന്നതല്ല, മറിച്ച് മുന്നേറാൻ ശ്രമിക്കാത്തതാണ് പലരുടെയും പരാജയം” എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികൾ അന്വർഥമാക്കിയ കൊല്ലം റൂറൽ എസ്.പി ടി.കെ. വിഷ്ണു പ്രദീപ്.
കാസർകോട് കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്കൂളിൽ എട്ടാം ക്ളാസിലെ പിൻബെഞ്ചിൽ ഉപേക്ഷിച്ച സ്വപ്നം 27-ാം വയസിൽ നേടിയെടുത്തപ്പോൾ തുടർച്ചയായുള്ള പരാജയങ്ങളോ പരിഹാസങ്ങളോ വൻ പ്രതിബന്ധങ്ങളോ വിഷ്ണു പ്രതാപിന് തടസ്സമായില്ല.
കാസർകോട് കാഞ്ഞങ്ങാട് മാവുങ്കാലിൽ അഡ്വ. ടി.കെ.സുധാകരന്റെയും എലിസബത്തിന്റെയും രണ്ടു മക്കളിൽ മൂത്തയാളാണ് 35 കാരനായ ടി.കെ.വിഷ്ണുപ്രദീപ് . മലയാളം മീഡിയത്തിലെ പിൻബെഞ്ചുകാരന്റെ മനസിൽ സിവിൽ സർവീസ് എന്ന സ്വപ്നം ഉണരാൻ വഴിതെളിച്ചത് അന്ന് സ്കൂളിലെത്തിയ കളക്ടർ രാജുനാരായണ സ്വാമിയുടെ വാക്കുകൾ ആയിരുന്നു. ‘തനിക്കും നേടണം സിവിൽ സർവ്വീസ്’ എന്ന ആ സ്വപ്നം കൂട്ടുകാരോട് പറഞ്ഞപ്പോൾ അവരൊന്നടങ്കം കളിയാക്കി. അതോടെ ആ സ്വപ്നം ആ ക്ളാസ് മുറിയിൽ തന്നെ ഉപേക്ഷിച്ചു. പ്ളസ്ടുവിനുശേഷം തിരുവനന്തപുരത്ത് മോഹൻദാസ് എൻജിനിയറിംഗ് കോളേജിൽ ചേർന്നു. ചെന്നൈയിലും ബംഗളൂരുവിലുമായി രണ്ടുവർഷം സോഫ്ട്‌വെയർ എൻജിനിയറായി ജോലി.
അക്കാലത്ത് ബംഗളൂരുവിൽ വച്ച് സുഹൃത്ത് നിജിത്ത് സമ്മാനിച്ച ഐ.എ.എസുകാരനായ എസ്.ഹരികിഷോർ എഴുതിയ
'നിങ്ങൾക്കും ഐ.എ.എസ് നേടാം" എന്ന പുസ്തകം വായിച്ചു കിട്ടിയ ഊർജത്തിലൂടെ പണ്ട് ക്ലാസ് റൂമിൽ ഉപേക്ഷിച്ച പഴയ സ്വപ്നം വീണ്ടും ഉണരുകയായിരുന്നു. തുടർച്ചയായ ശ്രമങ്ങൾക്കൊടുവിൽ നാലാം തവണ ലക്ഷ്യത്തിലെത്തി.
ഓരോ തവണയും കഠിനമായിരുന്നു പ്രതിബന്ധങ്ങൾ,
2016ൽ ചെന്നൈയിൽ സിവിൽ സർവീസ് പരീക്ഷയെഴുതാൻ പോയ ദിവസമാണ് തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെമരണം. പൊതുഗതാഗതം ആകെ നിശ്ചലമായപ്പോൾ സാഹസികമായി ബൈക്കിൽ സഞ്ചരിച്ചാണ് പരീക്ഷയെഴുതിയത്. 2017ൽ തിരുവനന്തപുരത്ത് പ്രിലിമിനറി എക്സാം എഴുതാൻ പോയത് കടുത്ത ഡെങ്കി പനി ബാധിതനായി. മരുന്ന് കഴിച്ചശേഷം പരീക്ഷയെഴുതി, ലക്ഷ്യം ഭേദിച്ചു 604-ാം റാങ്ക്.
ഇന്ന് കൊല്ലം റൂറൽ എസ്.പി. ടി.കെ. വിഷ്ണു പ്രദീപ് ഐ പി എസ്സിന്റെ ജീവിതം ഒരു പാഠപുസ്തകമാണ് നേടാൻ തീരുമാനിച്ച് തുനിഞ്ഞിറങ്ങിയാൽ പ്രതിബന്ധങ്ങൾ ചവിട്ടുപടിയാകും എന്ന് അടിവരയിടുന്ന വരിയുള്ള പാഠപുസ്തകം….













