പൊങ്കൽ ആഘോഷങ്ങൾക്ക് കൂടുതല്‍ ഭംഗി: സംസ്ഥാനത്ത് ആറ് ജില്ലകളിൽ വ്യാഴാഴ്ച പ്രാദേശിക അവധി
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
തമിഴ്നാടിന്റെ പ്രധാന വിളവെടുപ്പ് ഉത്സവമായ തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്ത് ആറ് ജില്ലകളില്‍ പ്രാദേശിക അവധി. ജനുവരി 15-ന് ആണ് സർക്കാർ പ്രാദേശിക അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി ബാധകമാകുക. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കലണ്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്ന അവധിയാണിത്.
സമൃദ്ധമായ വിളവെടുപ്പിന് അനുഗ്രഹം നൽകിയ സൂര്യദേവനോടുള്ള നന്ദിയായാണ് തൈപ്പൊങ്കൽ ആഘോഷിക്കുന്നത്. നാല് ദിവസങ്ങളിലായി നടക്കുന്ന ഈ ഉത്സവത്തിൽ ബോഗി പൊങ്കൽ, തൈപ്പൊങ്കൽ, മാട്ടുപ്പൊങ്കൽ, കാണുംപൊങ്കൽ എന്നിവയാണ് പ്രധാന ചടങ്ങുകൾ. കേരളത്തിലെ അതിർത്തി ജില്ലകളിലും തമിഴ് ജനവിഭാഗങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിലും തൈപ്പൊങ്കൽ വൻ ആവേശത്തോടെയാണ് ആഘോഷിക്കുന്നത്.













