*പട്ടികവർഗ വിദ്യാർഥികൾക്കായി പുസ്തക ശേഖരണം; 'അക്ഷരോന്നതി' ജില്ലാതല ഉദ്ഘാടനം നാളെ*
Keralanewsmedia
കേരള ന്യൂസ് മീഡിയ
*വാർത്താക്കുറിപ്പ് 1*
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കോട്ടയം
2026 ജനുവരി 17
*പട്ടികവർഗ വിദ്യാർഥികൾക്കായി പുസ്തക ശേഖരണം; 'അക്ഷരോന്നതി' ജില്ലാതല ഉദ്ഘാടനം നാളെ*
കോട്ടയം: പട്ടികജാതി-വർഗ്ഗ വിദ്യാർഥികളിൽ വായനാ സംസ്‌കാരം വളർത്തുന്നതിന് ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന 'അക്ഷരോന്നതി' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തിങ്കളാഴ്ച (ജനുവരി 19) നടക്കും.
രാവിലെ 10.15 ന് കളക്ടറേറ്റിലെ കളക്ഷൻ സെന്ററിന് പുസ്തകങ്ങൾ നൽകി ജില്ലാകളക്ടർ ചേതൻ കുമാർ മീണ ഉദ്ഘാടനം നിർവഹിക്കും.
ഉന്നതികളിലെ സാമൂഹ്യ പഠനമുറികളിലേക്കും വിജ്ഞാനവാടികളിലേക്കും പ്രീ-മെട്രിക് ഹോസ്റ്റലുകളിലേക്കും ആവശ്യമായ പുസ്തകങ്ങൾ ശേഖരിക്കുന്നതിനുള്ള പദ്ധതിയാണിത്. ഉപയോഗിച്ചതോ ഉപയോഗിക്കാത്തതോ ആയ പുസ്തകങ്ങൾ പൊതുജനങ്ങൾക്ക് പദ്ധതിയിലേക്ക് നൽകാം. സാഹിത്യം, പൊതു വിജ്ഞാനം, മത്സരപരീക്ഷകൾക്ക് സഹായകമായ പുസ്തകങ്ങൾ, ശാസ്ത്ര പുസ്തകങ്ങൾ, പ്രചോദനാത്മക രചനകൾ എന്നിവയാണ് പ്രധാനമായും ശേഖരിക്കുന്നത്.
പുസ്തക ശേഖരണത്തിനായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്.
ജനുവരി മാസത്തിൽ പുസ്തകങ്ങൾ ശേഖരിച്ച് ഫെബ്രുവരി ആദ്യ വാരം വിതരണം നടത്തും. 15 സാമൂഹ്യ പഠനമുറികളും 17 വിജ്ഞാനവാടികളും ഉൾപ്പെടെ 37 കേന്ദ്രങ്ങളിലേക്കാണ് പുസ്തകങ്ങൾ എത്തിക്കുക.
തദ്ദേശ സ്വയംഭരണ വകുപ്പ്, പട്ടികവർഗ വികസന വകുപ്പ്, പട്ടികജാതി വികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ സാമൂഹിക- സാംസ്‌കാരിക- സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് 'അക്ഷരോന്നതി' പദ്ധതി നടപ്പാക്കുന്നത്.
(കെഐഒപിആർ 98/2026)
*കേരളോത്സവം; ജില്ലാതല മത്സരങ്ങൾക്ക് എൻട്രി ക്ഷണിച്ചു*
കോട്ടയം: ജില്ലാ പഞ്ചായത്തും യുവജനക്ഷേമ ബോർഡും ചേർന്ന് സംഘടിപ്പിക്കുന്ന കേരളോത്സവം കലാ/കായിക ജില്ലാതല മത്സരങ്ങൾ ജനുവരിയിൽ കോട്ടയത്ത് നടത്തും. കലാമത്സരങ്ങളിൽ വായ്പാട്ട്( ക്ലാസ്സിക്കൽ ഹിന്ദുസ്ഥാനി), മണിപ്പൂരി, കഥക്, ഒഡീസി, സിത്താർ, വീണ, ഗിത്താർ, ഹാർമോണിയം (ലൈറ്റ്), ഫ്‌ളൂട്ട് എന്നീ ഇനങ്ങളിൽ ജില്ലാതല മത്സരത്തിന് നേരിട്ട് എൻട്രി സ്വീകരിക്കും. 2026 ജനുവരി ഒന്നിന് 15 വയസ് തികഞ്ഞ 29 വയസ് കവിയാത്തവർ ജനുവരി 23 വൈകുന്നേരം അഞ്ചിനകം https://keralotsavam.com എന്ന വെബ് സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ- 0481 2561105.
(കെഐഒപിആർ 99/2026)
*തൊഴിൽ പരിശീലനം*
കോട്ടയം: കുട്ടികളുടെ ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ ഫുഡ് പ്രോസസിംഗ് കോഴ്‌സിൽ സൗജന്യ പരിശീലനം ജനുവരി 21ന് ആരംഭിക്കും.
കോട്ടയം ജില്ലയിലെ 18നും 49നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതർക്ക് പങ്കെടുക്കാം. ബാങ്ക് വായ്പയ്ക്ക് സാങ്കേതിക സഹായം ലഭിക്കും. ഫോൺ: 0481 2303307, 2303306. ഇ-മെയിൽ: rsetiktm@sbi.co.in.
(കെഐഒപിആർ 100/2026)
*മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് സ്‌കോളർഷിപ്പ് : വരുമാനപരിധി വർധിപ്പിച്ചു*
കോട്ടയം: മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് സ്‌കോളർഷിപ്പ് പദ്ധതിയുടെ വരുമാനപരിധി ഒരു ലക്ഷം രൂപയിൽ നിന്ന് അഞ്ചു ലക്ഷം രൂപയായി വർധിപ്പിച്ചു. പ്ലസ്.ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രിക്ക് ശേഷം പി.എസ്.സി, യു.പി. എസ്.സി തുടങ്ങിയ കേന്ദ്ര സംസ്ഥാന പൊതുമേഖല റിക്രൂട്ടിംഗ് ഏജൻസികൾ നടത്തുന്ന മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും അംഗീകൃത സ്ഥാപനങ്ങൾ നടത്തുന്ന നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.18 നും 30 നുമിടയിലാണ് പ്രായപരിധി. താല്പര്യമുള്ളവർ employment.kerala.gov.in എന്ന പോർട്ടൽ വഴി അപേക്ഷ നൽകണം. പ്രതിമാസം 1000 രൂപയാണ് സ്‌കോളർഷിപ്പ്.
(കെഐഒപിആർ 101/2026)













