ദുരന്തനിവാരണത്തിന് താഴെതട്ടിലേക്കും സംവിധാനം**മഴക്കാല മുന്നൊരുക്കങ്ങളായി: ജില്ലാ കലക്ടര്‍*

ദുരന്തനിവാരണത്തിന് താഴെതട്ടിലേക്കും സംവിധാനം**മഴക്കാല മുന്നൊരുക്കങ്ങളായി: ജില്ലാ കലക്ടര്‍*

PRESS RELEASE 16/05/2026

*ദുരന്തനിവാരണത്തിന് താഴെതട്ടിലേക്കും സംവിധാനം*

*മഴക്കാല മുന്നൊരുക്കങ്ങളായി: ജില്ലാ കലക്ടര്‍*

മഴക്കാലത്ത്പ്രതീക്ഷിക്കുന്ന ദുരിതങ്ങള്‍നേരിടാന്‍ ജില്ല സുസജ്ജമെന്ന് ജില്ലാ കലക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ എന്‍ ദേവിദാസ് ചേമ്പറില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ അറിയിച്ചു. ഉയര്‍ന്നതോതിലുള്ള മഴസാധ്യത കണക്കിലെടുത്ത് ജില്ലാ, താലൂക്ക്, പഞ്ചായത്ത്തലങ്ങളില്‍ തഹസില്‍ദാര്‍മാരുടെനേതൃത്വത്തില്‍ ഇന്‍സിഡന്റല്‍ റെസ്‌പോണ്‍സ് ടീമുകളെ സജ്ജമാക്കിയാണ് മുന്നൊരുക്കം പൂര്‍ത്തിയാക്കിയത്.

വെള്ളക്കെട്ട് നിയന്ത്രിക്കുന്നതിന് തയ്യാറെടുപ്പുകളായി. ദേശീയപാതയിലും ഇതര റോഡുകളിലെയും ഓടകളുടെ ശുചീകരണം നടത്തുന്നു. ജലാശയങ്ങളുടെ ശുചീകരണ-നവീകരണപ്രവര്‍ത്തികളും തുടരുന്നു. പാതയോരങ്ങളില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ നീക്കംചെയ്യും. മണ്ണിടിച്ചില്‍സാധ്യതാപ്രദേശങ്ങളില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കും. സ്‌കൂള്‍കെട്ടിടങ്ങളുടെ സുരക്ഷാനടപടികളും കൈക്കൊള്ളും.

പരവൂര്‍ പൊഴിയില്‍അടിഞ്ഞ മണ്ണ് നീക്കംചെയ്യും. പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും പ്രതിരോധത്തിനും ചികിത്സയ്ക്കും ആവശ്യമായ മരുന്നുകള്‍, പാമ്പുകടി ചികിത്സയ്ക്കുള്ള ആന്റിവെനം, പേവിഷ വാക്സിന്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കി.

തഴവയില്‍ സൈക്ലോണ്‍ ഷെല്‍ട്ടര്‍ സജ്ജമാക്കും. ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി ഒരുക്കുന്ന കെട്ടിടങ്ങളിലും സൗകര്യങ്ങള്‍ ഉറപ്പാക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കാലാവസ്ഥാമുന്നറിയിപ്പുകള്‍ക്കനുസൃതമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ അഗ്‌നിശമനസേന നിഷ്‌കര്‍ഷിച്ച സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങുന്നതിന് നിര്‍ദേശിച്ചു. തീരസംരക്ഷണത്തിന് ജിയോബാഗുകള്‍ ഉറപ്പാക്കണം. ബീച്ചുകളില്‍ കൂടുതല്‍ ലൈഫ് ഗാര്‍ഡുകളെ നിയമിക്കുന്നതിനും നടപടിയുണ്ടാകും. ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വാഹനങ്ങള്‍ ഉറപ്പാക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. സബ് കലക്ടര്‍ അഖില്‍ വി. മേനോന്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.കെ നമ്പര്‍ 889/2026)

*സെന്‍സസ് 2027: മാസ്റ്റര്‍, ഫീല്‍ഡ് ട്രെയിനര്‍മാരെ നിയമിച്ചു*

*സെല്‍ഫ് എന്യൂമറേഷന്‍ ജൂണ്‍ 16 മുതല്‍*

സെന്‍സസ് 2027 തയാറെടുപ്പുകളുടെഭാഗമായി ജില്ലയില്‍ നാല് മാസ്റ്റര്‍ ട്രെയിനര്‍മാരെയും 87 ഫീല്‍ഡ് ട്രെയിനര്‍മാരെയും നിയമിച്ചു. ഹയര്‍ സെക്കന്‍ഡറി അധ്യാപകരില്‍ നിന്നും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരില്‍നിന്നുമാണ് ഫീല്‍ഡ് ട്രെയിനര്‍മാരെ തിരഞ്ഞെടുത്തത്. മാസ്റ്റര്‍ ട്രെയിനര്‍മാരില്‍നിന്ന് പരിശീലനംനേടിയ ശേഷം ഫീല്‍ഡ് ട്രെയിനര്‍മാര്‍ സൂപ്പര്‍വൈസര്‍മാര്‍ക്കും എന്യൂമറേറ്റര്‍മാര്‍ക്കും പരിശീലനംനല്‍കും. മെയ് 18 മുതല്‍ 23 വരെ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഫീല്‍ഡ് ട്രെയിനര്‍മാര്‍ക്ക് ത്രിദിന പരിശീലനം വിവിധ ബാച്ചുകളിലായി സംഘടിപ്പിക്കും. ചാര്‍ജ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സൂപ്പര്‍വൈസര്‍മാരുടെയും എന്യൂമറേറ്റര്‍മാരുടെയും നിയമനനടപടികള്‍ സ്വീകരിച്ചുവരുന്നു. മെയ് 28 മുതല്‍ ജൂണ്‍ 23 വരെയാണ് സൂപ്പര്‍വൈസര്‍മാര്‍ക്കും എന്യൂമറേറ്റര്‍മാര്‍ക്കുമുള്ള പരിശീലന കാലയളവ്.

ആധുനിക സജ്ജീകരണങ്ങളോടെ രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന സെന്‍സസില്‍ സെല്‍ഫ് എന്യൂമറേഷന്‍ സംവിധാനം വഴി വിവരശേഖരണത്തിന് തുടക്കമാകും. ജൂണ്‍ 16 മുതല്‍ 30 വരെ https://se.census.gov.in/ പോര്‍ട്ടല്‍വഴി വ്യക്തികള്‍ക്ക് വിവരങ്ങള്‍ സ്വയംരേഖപെടുത്താം. ചോദ്യങ്ങള്‍ തിരഞ്ഞെടുക്കുന്ന ഭാഷയില്‍ ലഭ്യമാകും. ഒരിക്കല്‍ തിരഞ്ഞെടുത്ത ഭാഷ മാറ്റാനാകില്ലെന്ന്മാത്രം. 34 ചോദ്യങ്ങളാണ് പോര്‍ട്ടലില്‍ ലഭ്യമാക്കുന്നത്. ഉത്തരങ്ങള്‍ സമര്‍പ്പിച്ച ശേഷം സെല്‍ഫ് എന്യുമറേഷന്‍ ഐ ഡി എസ്എംഎസ്/ഇ-മെയില്‍ വഴി നല്‍കും. ഐ ഡി വിനിയോഗിച്ച് എന്യൂമറേറ്റര്‍മാര്‍ വിവരങ്ങള്‍പരിശോധിച്ച് സെന്‍സസ് ആപ്പില്‍ ചേര്‍ക്കും. ജൂലൈ 1 മുതല്‍ 30 വരെ ആദ്യഘട്ടമായ വീടുവീടാന്തര വിവരശേഖരണം നടത്തും. ഇതിനായി വീടുകളുടെ പട്ടിക തയ്യാറാക്കി സെന്‍സസിന്റെ അടിസ്ഥാനമായ ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകള്‍ രൂപീകരിക്കുമെന്ന് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജില്ലാ കലക്ടര്‍ അറിയിച്ചു.

(പി.ആര്‍.കെ നമ്പര്‍ 890/2026)

*ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സ്*

കുളക്കട അസാപ്പ് കേരള കമ്മ്യൂണിറ്റി സ്‌കില്‍പാര്‍ക്കില്‍ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഫോണ്‍: 9495999672.

(പി.ആര്‍.കെ നമ്പര്‍ 891/2026)

*ലേലം*

ശാസ്താംകോട്ട പട്ടികജാതി കൈത്തറിവ്യവസായ സഹകരണസംഘം ക്യു എച്ച് 10ലെ തറിഅനുബന്ധ സാമഗ്രികള്‍ മെയ് 26ന് ഉച്ചയ്ക്ക് 12ന് കൊട്ടാരക്കര താലൂക്ക് വ്യവസായ ഓഫീസ് ജൂനിയര്‍ സഹകരണ ഇന്‍സ്‌പെക്ടര്‍ ലേലം ചെയ്യും. നിരതദ്രവ്യം 2500 രൂപ.  

(പി.ആര്‍.കെ നമ്പര്‍ 892/2026)

*കേന്ദ്രീയ വിദ്യാലയത്തില്‍ പ്ലസ് വണ്‍ പ്രവേശനം*

രാമന്‍കുളങ്ങര പി എം ശ്രീ കേന്ദ്രീയവിദ്യാലയത്തില്‍ പ്ലസ് വണ്‍ കൊമേഴ്‌സ് വിഭാഗത്തില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനത്തിന് മെയ് 20നകം അപേക്ഷിക്കാം. ഫോണ്‍: 0474 2799494, 2799696

(പി.ആര്‍.കെ നമ്പര്‍ 893/2026)

*പി.എസ്.സി അഭിമുഖം*

  വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂള്‍ ടീച്ചര്‍ (ഇംഗ്ലീഷ്) (കാറ്റഗറി നമ്പര്‍ - 603/24) തസ്തികയിലേക്കുള്ള അഭിമുഖം മെയ് 20, 21, 22 തീയതികളില്‍ ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും. എസ്എംഎസ്/പ്രൊഫൈല്‍ മെസേജ് മുഖേന അറിയിപ്പ് നല്‍കി. ഫോണ്‍: 0474 2743624.

(പി.ആര്‍.കെ നമ്പര്‍ 894/2026)

*വെറ്ററിനറി സര്‍ജന്‍ നിയമനം*

മൃഗസംരക്ഷണ വകുപ്പ് വിവിധബ്ലോക്കുകളില്‍ നടപ്പിലാക്കുന്ന രാത്രികാല അടിയന്തരസേവന പദ്ധതിയിലേക്കും മൊബൈല്‍ യൂണിറ്റുകളിലേക്കും വെറ്ററിനറി സര്‍ജ•ാരെ കരാര്‍അടിസ്ഥാനത്തില്‍ നിയമിക്കുന്നു. രാത്രികാലസേവനം, അഞ്ചല്‍, ചടയമംഗലം ബ്ലോക്കുകളിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍, ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ മൊബൈല്‍ സര്‍ജറി യൂണിറ്റ്, മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റ് പദ്ധതികളിലാണ് ഒഴിവുകള്‍. മെയ് 19-ന് രാവിലെ 10.30 ന് തേവള്ളി ജില്ലാ വെറ്ററിനറി കേന്ദ്രത്തിലാണ് അഭിമുഖം. ഫോണ്‍: 0474 2793464.  

(പി.ആര്‍.കെ നമ്പര്‍ 895/2026)

*അതിഥി അധ്യാപക നിയമനം*

ചവറ ബേബിജോണ്‍ മെമ്മോറിയല്‍ സര്‍ക്കാര്‍ കോളേജില്‍ വിവിധ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കും. യു.ജി.സി യോഗ്യതയുള്ള, കോളജ്‌വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടറുടെ മേഖലാകാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് പങ്കെടുക്കാം. അഭിമുഖതീയതിയും വിഷയവും: മെയ് 18ന് അറബിക്, 19ന് സുവോളജി, 20ന് ബോട്ടണി, ഫിസിക്‌സ്, 25ന് കോമേഴ്‌സ്. യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം രാവിലെ 10.30 ന് ഹാജരാകണം. ഫോണ്‍ : 91 88900168.

(പി.ആര്‍.കെ നമ്പര്‍ 896/2026)

*ടെന്‍ഡര്‍*

  നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലുക്ക് ആശുപത്രിയില്‍ ജൂണ്‍ ഒന്ന് മുതല്‍ 2027 മെയ് 31 വരെ ലാബ് റീഏജന്റുകള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. മെയ് 28 ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. ഫോണ്‍: 0474 2512324.

(പി.ആര്‍.കെ നമ്പര്‍ 897/2026)