ബുൾഡോഗ് ആക്രമണം; നാല് വയസുകാരിക്ക് ദാരുണാന്ത്യം
റിപ്പോർട്ട് :സജീവ് ഗോപാലൻ
ഡൽഹി: ബിഹാറിൽബുൾഡോഗിൻ്റെ ആക്രമണത്തിൽ പരിക്കേറ്റ നാല് വയസ്സുകാരി മരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് തെരുവ് നായ്ക്കളുടെയും അപകടകാരികളായ വളർത്തുനായ്ക്കളുടെയും ശല്യം വർദ്ധിച്ചതായി ഗ്രാമവാസികൾ പറയുന്നു. നിരവധി തവണ പരാതികൾ നൽകിയെങ്കിലും കൃത്യമായ നടപടി സ്വീകരിച്ചിട്ടില്ല.ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. മൊഹ്ജാമയിലെ കമലേഷ് സാഹ്നിയുടെ മകൾ ശിവാനി തന്റെ രണ്ട് സഹോദരന്മാരോടൊപ്പം നടക്കുകയായിരുന്നു.പെട്ടെന്ന് ഒരു വളർത്തു നായ ഓടിവന്ന് പെൺകുട്ടിയുടെ മേൽ ചാടിവീണു ആക്രമിച്ചു. ആക്രമണത്തിൽ കുട്ടിക്ക് ഗുരുതര പരിക്കേറ്റു. പെൺകുട്ടി സംഭവസ്ഥലത്ത് തന്നെ ബോധരഹിതയായി വീണു. നിലവിളി കേട്ട് ആളുകൾ ഓടിയെത്തി ഗുരുതരാവസ്ഥയിൽ പെൺകുട്ടിയെ പാറു സിഎച്ച്സിയിലേക്ക് കൊണ്ടുപോയി.അവിടെ നിന്ന്, നില ഗുരുതരമായി കണ്ട ഡോക്ടർമാർ ഉടൻ തന്നെ മുസാഫർപൂർ എസ്കെഎംസിഎച്ചിലേക്ക് റഫർ ചെയ്തു. ബുധനാഴ്ച ചികിത്സയ്ക്കിടെ കുട്ടി മരിച്ചു.













