പ്രധാനമന്ത്രി പങ്കെടുക്കാത്തത് ജനാധിപത്യത്തോടുള്ള അവഹേളനം. പാർലമെന്റ് സർവകക്ഷി യോഗത്തിൽ വിമർശനവുമായി പ്രതിപക്ഷം
Keralanewsmedia:online
ന്യൂഡൽഹി: പാർലമെൻ്റ് സർവകക്ഷിയോഗത്തിൽ വിമർശനവുമായി പ്രതിപക്ഷം. പ്രധാനപ്പെട്ട ചർച്ചകളിൽ പ്രധാനമന്ത്രി പങ്കെടുക്കാത്തതാണ് വിമർശനം. പ്രധാനമന്ത്രി പങ്കെടുക്കാത്തത് ജനാധിപത്യത്തോടുള്ള അവഹേളനമെന്ന് സർവകക്ഷി യോഗത്തിൽ സിപിഎം പറഞ്ഞു.പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം നാളെ നടക്കുന്നതിന് മുന്നോടിയായാണ് സർവകക്ഷിയോഗം കൂടിയിരിക്കുന്നത്. ഈ യോഗത്തിനിടെയാണ് കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷമായ വിമർശനമുന്നയിക്കുന്നത്.
പാർലമെന്റിൽ നടക്കുന്ന പ്രധാനപ്പെട്ട ചർച്ചകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നില്ലെന്നാണ് പ്രധാനമായും പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടുന്നത്.പ്രധാനമന്ത്രി കൃത്യമായി ചർച്ചകളിൽ പങ്കെടുക്കണമെന്നും പങ്കെടുക്കാത്ത പക്ഷം അത് ജനാധിപത്യത്തോടുള്ള അവഹേളനവുമാണെന്നായിരുന്നു സിപിഎമ്മിന്റെ വിമർശനം.കൂടാതെ, ഇന്ന് ചേർന്ന് സർവകക്ഷിയോഗത്തിൽ നിരവധി ആവശ്യങ്ങളും പ്രതിപക്ഷം മുന്നോട്ടുവെച്ചിട്ടുണ്ട്. എസ്ഐആർ, വോട്ടുകൊള്ള തുടങ്ങിയ വിഷയങ്ങളിൽ ഗൗരവത്തിലുള്ള ചർച്ച നടക്കണമെന്നും ഡൽഹി സ്ഫോടനം, ന്യൂനപക്ഷങ്ങളോടുള്ള ക്രൂരത എന്നീ കാര്യങ്ങളും ചർച്ചയ്ക്ക് വിധേയമാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.അനുഭാവപൂർവം ഇതെല്ലാം പരിഗണിക്കാമെന്നാണ് കേന്ദ്രസർക്കാരിൻ്റെ പ്രതികരണം.നേരത്തെ, കഴിഞ്ഞ സർവകക്ഷിയോഗത്തിലുംപ്രതിപക്ഷത്തിന്റെ ആവശ്യങ്ങളോട് ഇത്തരത്തിലുള്ള പ്രതികരണം കേന്ദ്രം നടത്തിയിരുന്നെങ്കിലും എന്നാൽ പാർലമെന്റ് സമ്മേളനം വലിയ തർക്കങ്ങളിലേക്ക് പോകുകയും ചെയ്തിരുന്നു.













