ദുബായിൽ റോഡിൽ വയസ്സ് രേഖപ്പെടുത്തി തീയിട്ട് ജന്മദിനാഘോഷം; യുവാവ് അറസ്റ്റിൽ
Keralanewsmedia:online
ദുബായ്: ജന്മദിനാഘോഷത്തിന്റെ ഭാഗമായി റോഡിൽ തീയിട്ട യുവാവിനെ ദുബായ് പൊലീസ് അറസ്റ്റു ചെയ്തു. 26കാരനാണ് അറസ്റ്റിലായത്. ഇയാളുടെ 26-ാം ജന്മദിനത്തിൽ റോഡിൽ 26 എന്ന് തീകൊണ്ട് രേഖപ്പെടുത്തുകയായിരുന്നു.ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. തുടർന്ന് വിഡിയോ പരിശോധിച്ച ദുബായ് പൊലീസ് പ്രതിയെയും ഇയാൾ ഉപയോഗിച്ച വാഹനത്തേയും തിരിച്ചറിയുകയും ശക്‌തമായ നടപടി സ്വീകരിക്കുകയുമായിരുന്നു.പൊലീസ് പ്രതിയുടെ വാഹനം കണ്ടുകെട്ടുകയും ചെയ്‌തിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് 2000 ദിർഹം പിഴയും ലൈസൻസിൽ 23 ബ്ലാക്ക് പോയന്റും രേഖപ്പെടുത്തും. കൂടാതെ രണ്ട് മാസത്തേക്ക് വാഹനം കസ്റ്റഡിയിലെടുക്കും.ട്രാഫിക് നിയമത്തിൻ്റെ നഗ്‌നമായ ലംഘനമാണ് ഇത്തരം പ്രവൃത്തികൾ എന്നും ജീവനും സ്വത്തിനും ഭീഷണിയാണെന്നും ട്രാഫിക് ഡിപാർട്ട് മെന്റ് ഡയറക്ടർ ബ്രഗേഡിയർ ജുമ ബിൻ സുവൈദാൻ പറഞ്ഞു.













