മുലയൂട്ടൽ ബോധവത്കരണ എക്സിബിഷൻ സംഘടിപ്പിച്ചു
കേരളം
മുലയൂട്ടൽ ബോധവത്കരണ എക്സിബിഷൻ സംഘടിപ്പിച്ചു തിരുവനന്തപുരം: ലോക മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് മുലയൂട്ടുന്ന അമ്മമാർക്കായി എസ് എ ടി ആശുപത്രിയിൽ മുലയൂട്ടൽ ബോധവത്കരണ എക്സിബിഷനും വിവിധ പരിപാടികളും സംഘടിപ്പിച്ചു. റിക്രിയേഷൻ ഹാളിൽ നടന്ന എക്സിബിഷൻ ആശുപത്രി സൂപ്രണ്ട് ഡോ എസ് ബിന്ദു ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്കും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും മുലയൂട്ടലിൻ്റെ പ്രാധാന്യം വിളിച്ചോതുന്ന പ്രദർശനം കാണാൻ നിരവധി പേരെത്തി. അമ്മമാരുടെ പ്രസവാനന്തരമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു കൂടി സഹായകരമാകുമെന്ന അവബോധം സൃഷ്ടിക്കാനും മുലയൂട്ടൽ വാരാചരണം സഹായിക്കുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു. ആശുപത്രിയിലെ നവജാത ശിശു വിഭാഗം, നേഴ്സിംഗ് വിഭാഗം, ഗൈനക്കോളജി വിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ആശുപത്രി ആർ എം ഒ ഡോ എ ഷെർമിൻ നസ്രിൻ , നിയോനാറ്റോളജി വിഭാഗം മേധാവി ഡോ രാധിക, മുൻ മേധാവി ഡോ ശോഭാ കുമാർ, ഡോ അശ്വതി, ഗൈനക്കോളജി വിഭാഗം മേധാവി ഡോ സുജമോൾ ജേക്കബ്, ചീഫ് നേഴ്സിംഗ് ഓഫീസർ ശ്യാമില, സീനിയർ നേഴ്സിംഗ് ഓഫീസർ കെ ജ്യോതി എന്നിവരും വിവിധ വിഭാഗങ്ങളിലെ ജീവനക്കാരും വിദ്യാർത്ഥികളും ബോധവത്കരണ പരിപാടികൾക്ക് നേതൃത്വം നൽകി. തുടർ ദിവസങ്ങളിൽ ക്വിസ് പ്രോഗ്രാം, വിവിധ ക്ലാസുകൾ എന്നിവ നടക്കും. പരിപാടി ആഗസ്റ്റ് ഏഴിന് സമാപിക്കും. ചിത്രം : എസ് എ ടി ആശുപത്രിയിൽ നടന്ന മുലയൂട്ടൽ വാരാചരണം ആശുപത്രി സൂപ്രണ്ട് ഡോ എസ് ബിന്ദു ഉദ്ഘാടനം ചെയ്യുന്നു













