സെല്‍ഫ് എന്യൂമറേഷന്‍ തുടങ്ങി; ജൂണ്‍ 30വരെ അവസരം* 

സെല്‍ഫ് എന്യൂമറേഷന്‍ തുടങ്ങി; ജൂണ്‍ 30വരെ അവസരം* 

https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w

*PRESS RELEASE 16/06/2026*

*സെന്‍സസ് 2027*

*സെല്‍ഫ് എന്യൂമറേഷന്‍ തുടങ്ങി; ജൂണ്‍ 30വരെ അവസരം* 

സെന്‍സസ് 2027ന്റെ ഭാഗമായി വ്യക്തികള്‍ക്ക് സ്വയം വിവരങ്ങള്‍നല്‍കാവുന്ന സെല്‍ഫ് എന്യൂമറേഷന്‍ പ്രക്രിയയ്ക്ക് തുടക്കം. ജൂണ്‍ 30വരെയാണ് അവസരംലഭിക്കുക. ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി നിര്‍വഹിച്ചു, വ്യക്തിവിവരങ്ങള്‍ സെല്‍ഫ് എന്യൂമറേഷന്‍ പ്രക്രയിലൂടെ രേഖപ്പെടുത്തി. സെന്‍സസിന് വിവരങ്ങള്‍നല്‍കേണ്ടത് നിയമപരമായ ഉത്തരവാദിത്തമാണെന്നും സത്യസന്ധമായും സുതാര്യമായും വിവരങ്ങള്‍ നല്‍കണമെന്നുംപറഞ്ഞു. 

സെന്‍സസ് ഡയറക്ടറേറ്റിന്റെ പോര്‍ട്ടല്‍ മുഖേന ( https://se.census.gov.in ) സെല്‍ഫ് എന്യൂമറേഷന്‍ നടത്താനാകും. 34 ചോദ്യങ്ങള്‍ക്കാണ് മറുപടി നല്‍കേണ്ടത്. 15-20 മിനിറ്റിനുള്ളില്‍ പ്രക്രിയ പൂര്‍ത്തിയാക്കാം. പോര്‍ട്ടലില്‍ സംസ്ഥാനം തിരഞ്ഞെടുത്തശേഷം കുടുംബനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്യാം. ഒരു കുടുംബത്തിന് ഒരു മൊബൈല്‍ നമ്പര്‍ മാത്രമാണ് ഉപയോഗിക്കാനാകുക. മറുപടികളെല്ലാം നല്‍കികഴിഞ്ഞാല്‍ ലഭിക്കുന്ന സെല്‍ഫ് എന്യൂമറേഷന്‍ ഐഡി സെന്‍സസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുമ്പോള്‍ കൈമാറാം. വിവരങ്ങള്‍ ഡിജിറ്റലായി സൂക്ഷിക്കാം. 

ജില്ലാ കലക്ടര്‍ ആനി ജൂല തോമസ് അധ്യക്ഷയായി. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എസ്.സുബോധ്, എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.രാധാകൃഷ്ണപിള്ള, കെ.എസ്.ഐ.ടി.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ജിതിന്‍ രാജ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.കെ നമ്പര്‍ 1162/2026)

  

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ താത്കാലിക ഫൊട്ടോഗ്രാഫറാകാന്‍ അവസരം*

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ ഫൊട്ടോഗ്രഫര്‍മാരാകാന്‍ അവസരം. ഡിജിറ്റല്‍ എസ്.എല്‍.ആര്‍/ മിറര്‍ലെസ് ക്യാമറകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. വൈഫൈ ക്യാമറ കൈവശമുള്ളവര്‍, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിലോ പത്രങ്ങളിലോ ഫൊട്ടോഗ്രഫറായി ജോലിചെയ്തവര്‍ക്കും മുന്‍ഗണന ലഭിക്കും. ജില്ലയില്‍ സ്ഥിരതാമസമുള്ളവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. ക്രിമിനല്‍ കേസുകളില്‍പ്പെടുകയോ ശിക്ഷിക്കപ്പെട്ടിട്ടുള്ളവരോ ആരോപണവിധേയരോ അച്ചടക്ക നടപടി നേരിട്ടവരോ ആകരുത്. അസല്‍രേഖകളുടെ പരിശോധന, പ്രായോഗിക പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. 

പേര്, വിലാസം, ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, കൈവശമുള്ള ഫൊട്ടാഗ്രഫിഉപകരണങ്ങളുടെ വിവരം, പ്രവൃത്തിപരിചയം എന്നിവ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം. താമസപരിധിയിലെ സ്റ്റേഷന്‍ഹൗസ് ഓഫീസറില്‍നിന്നും സ്വഭാവ സര്‍ട്ടിഫിക്കറ്റും കേസുകളോമറ്റോ ഇല്ലായെന്നതുസംബന്ധിച്ച രേഖയും അപേക്ഷയ്‌ക്കൊപ്പം ഹാജരാക്കണം. ജൂണ്‍ 18ന് ഉച്ചയ്ക്ക് ഒരു മണിക്കകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കൊല്ലം, പിന്‍-691013 വിലാസത്തില്‍ നേരിട്ടോ തപാല്‍വഴിയോ അപേക്ഷലഭ്യമാക്കണം. ഫോണ്‍: 0474 2794911. 

(പി.ആര്‍.കെ നമ്പര്‍ 1163/2026)

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ വിഡിയോഗ്രഫര്‍മാരാകാന്‍ അവസരം*

 

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍വിഡിയോഗ്രഫര്‍മാരാകാന്‍ അവസരം. പ്രീഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ദൃശ്യമാധ്യമരംഗത്ത് കുറഞ്ഞത് ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ജില്ലയില്‍ സ്ഥിരതാമസക്കാരായ, ഡ്രൈവിംഗ്‌ലൈസന്‍സും വാഹനവുമുള്ളവരാകണം. ന്യൂസ് ക്ലിപ്പുകള്‍ ഷൂട്ട്‌ചെയ്ത്, എഡിറ്റ്‌ചെയ്ത്, വോയ്‌സ്ഓവര്‍ നല്‍കി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതില്‍ ഒരുവര്‍ഷത്തെ പരിചയമുള്ളവര്‍ക്കും പി.ആര്‍.ഡിയിലോ ഇലക്ട്രോണിക് വാര്‍ത്താമാധ്യമങ്ങളിലോ വിഡിയോഗ്രാഫി/ വിഡിയോ എഡിറ്റിംഗ്‌രംഗത്ത് പ്രവൃത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന. ക്രിമിനല്‍ പശ്ചാത്തലമുള്ളവരോ, കേസില്‍പെട്ടവരോ, ശിക്ഷിക്കപ്പെട്ടവരോ ആകരുത്. ഇതിസംബന്ധിച്ച പൊലിസ് സാക്ഷ്യപത്രംഹാജരാക്കണം. 

അപേക്ഷകര്‍ക്ക് സ്വന്തമായി ഫുള്‍ എച്ച്.ഡി പ്രൊഫഷണല്‍ ക്യാമറയും നൂതന അനുബന്ധഉപകരണങ്ങളും ഉണ്ടായിരിക്കണം. വിഷ്വല്‍ വേഗത്തില്‍എഡിറ്റ്‌ചെയ്യുന്നതിനുള്ള സാങ്കേതികഅറിവും വാര്‍ത്താബോധവും ഉണ്ടായിരിക്കണം. പ്രൊഫഷണല്‍ എഡിറ്റ് സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്ടോപ്പും സെര്‍വറിലേക്ക് ദൃശ്യങ്ങള്‍ തല്‍സമയം അയക്കാനുള്ള സംവിധാനവും ഉണ്ടായിരിക്കണം. 

സ്വന്തമായി എഡിറ്റ് സ്യൂട്ട്, നൂതനമായ ഇലക്ട്രോണിക് വാര്‍ത്താശേഖരണ സൗകര്യങ്ങള്‍, ലൈവ് വീഡിയോ ട്രാന്‍സ്മിഷന്‍, ബാക്ക്പാക്ക് പോലുള്ള പോര്‍ട്ടബിള്‍ വീഡിയോ ട്രാന്‍സ്മിറ്റര്‍ സംവിധാനങ്ങള്‍ എന്നിവ അധിക യോഗ്യതയായിപരിഗണിച്ച് മുന്‍ഗണന നല്‍കും.  

പേര്, മേല്‍വിലാസം, ഫോട്ടോ, ഫോണ്‍നമ്പര്‍, ഇ-മെയില്‍വിലാസം, കൈവശമുള്ള വിഡിയോഉപകരണങ്ങളുടെ വിവരം, പ്രവൃത്തിപരിചയം എന്നിവ ഉള്‍പ്പെടുത്തി അപേക്ഷ തയ്യാറാക്കണം. അപേക്ഷയോടൊപ്പം താമസപരിധിയിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറില്‍ നിന്നുള്ള സ്വഭാവസര്‍ട്ടിഫിക്കറ്റും കേസുകള്‍ഇല്ലെന്ന രേഖയും ഹാജരാക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 18-ന് ഉച്ചയ്ക്ക് ഒരു മണിക്കകം 'ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കൊല്ലം, പിന്‍-691013' വിലാസത്തില്‍ നേരിട്ടോ തപാല്‍വഴിയോ ലഭ്യമാക്കണം. ഫോണ്‍: 0474 2794911.

(പി.ആര്‍.കെ നമ്പര്‍ 1164/2026)

*മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണ ദിനാചരണം*

സാമൂഹ്യനീതി വകുപ്പിന്റെയും കൊല്ലം ശ്രീനാരായണ വനിതാ കോളേജിന്റെയും ആഭിമുഖ്യത്തില്‍ 'മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ ദിനാചരണം' സംഘടിപ്പിച്ചു. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമവും അവകാശ സംരക്ഷണവും സംബന്ധിച്ച് പൊതുജനങ്ങളിലും യുവജനങ്ങളിലും അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി. ശ്രീനാരായണ വനിതാ കോളേജ് ഓഡിറ്റോറിയത്തില്‍ സബ് കലക്ടര്‍ അഖില്‍ വി. മേനോന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ വി.എസ് നിഷ അധ്യക്ഷത വഹിച്ചു. 

കെ.എസ്. സുരേഷ് കുമാര്‍, കെ. വിലാസിനിയമ്മ, ഡോ: എ.എസ്.രമ്യ , എന്‍. ചന്ദ്രശേഖരന്‍ പിള്ള, ജില്ലാ സാമൂഹികനീതി ഓഫീസര്‍ എ.കെ ഹരികുമാരന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ: ആര്‍.രമ്യ ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഡ്വ. കെ.പി. സജിനാഥ്, സൈക്കോളജിസ്റ്റ് ഡോ. ദേവി രാജ് എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു. എന്‍.എസ്.എസ്, എന്‍.സി.സി, എസ്.പി.സി അംഗങ്ങള്‍ വയോജന സംരക്ഷണ സന്ദേശങ്ങള്‍ അവതരിപ്പിച്ചു. ദിനാചരണത്തോടനുബന്ധിച്ച് റേഡിയോ ബെന്‍സിഗറിലൂടെ നടത്തിയ ഫോണ്‍-ഇന്‍ പ്രോഗ്രാമില്‍ പുനലൂര്‍ ആര്‍.ഡി.ഒ ഓഫീസിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് എസ്. രഞ്ജിത്ത് വയോജന സംരക്ഷണ നിയമങ്ങളെക്കുറിച്ച് സംസാരിച്ചു.

 (പി.ആര്‍.കെ നമ്പര്‍ 1165/2026)

*മഴയും, ഇടിമിന്നലും; ജാഗ്രത വേണം - ജില്ലാ കലക്ടര്‍*

ജില്ലയില്‍ മഴയും കാറ്റും ഇടിമിന്നലും തുടരുമെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണായ ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതിനാല്‍ ജാഗ്രത നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

*ജാഗ്രത നിര്‍ദേശങ്ങള്‍*: 

-ഇടിമിന്നല്‍ ഉണ്ടായാല്‍ ഉടന്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.

-ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കരുത്. കെട്ടിടത്തിനകത്ത് ഇരിക്കുക. ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കരുത്.

-ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. അവയുടെ സാമീപ്യം ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുക.

-അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും നില്‍ക്കുന്നത് ഒഴിവാക്കുക.

-ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യരുത്.

-ഇടിമിന്നല്‍ സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടരുത്. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുക.

-വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്.

-ഇടിമിന്നലുള്ള സമയത്ത് തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ പോകരുത്.

-കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടി വെക്കുക.

-ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

-ഇടിമിന്നല്‍ സമയത്ത് ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങരുത്. മത്സ്യബന്ധനം, ബോട്ടിംഗ് തുടങ്ങിയവ നിര്‍ത്തി വച്ച് ഉടന്‍ കരയിലേക്ക് എത്തണം.

-പട്ടം പറത്തുന്നത് ഒഴിവാക്കുക.

-ഇടിമിന്നലുള്ള സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കരുത്.

 -അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാന്‍ സാധിക്കാത്ത വിധത്തില്‍ തുറസായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല, കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.

- ഇടിമിന്നലില്‍നിന്ന് സുരക്ഷാ നേടാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ് പ്രൊട്ടക്ടര്‍ ഘടിപ്പിക്കാം.

 -മിന്നലിന്റെ ആഘാതത്തില്‍ പൊള്ളലേല്‍ക്കുക, കാഴ്ച-കേള്‍വി നഷ്ടമാവുക, ഹൃദയാഘാതം എന്നിവയുണ്ടാകാം. അതിനാല്‍ മിന്നലേറ്റ ആളിന് അടിയന്തര വൈദ്യ സഹായം നല്‍കുക.

 (പി.ആര്‍.കെ നമ്പര്‍ 1166/2026)

*പോളിടെക്‌നിക് ലാറ്ററല്‍ എന്‍ട്രി പ്രവേശനം*

  

ജില്ലയില്‍ 2026-2027 അദ്ധ്യയന വര്‍ഷത്തെ ലാറ്ററല്‍ എന്‍ട്രി പോളി ടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ കൗണ്‍സിലിംഗും അഡ്മിഷനും ജൂണ്‍ 17, 18 തീയതികളില്‍ റാങ്ക് ക്രമത്തില്‍ പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ നടത്തും. രജിസ്ട്രേഷന്‍ രാവിലെ 08.30 ന് ആരംഭിക്കും. സമയക്രമം താഴെ പറയും പ്രകാരം: 

ഐ.ടി.ഐ/കെ.ജി.സി.ഇ വിഭാഗം: ജൂണ്‍ 17 ന് രാവിലെ 8.30 മുതല്‍ ഒമ്പത് വരെ റാങ്ക് ഒന്ന് മുതല്‍ 500 വരെയും, രാവിലെ ഒമ്പത് മുതല്‍ 9.30 വരെ റാങ്ക് 501 മുതല്‍ അവസാന റാങ്ക് വരെയും.   

പ്ലസ് ടു/ വി.എച്ച്.എസ്.ഇ വിഭാഗം: ജൂണ്‍ 17 ന് രാവിലെ 10 മുതല്‍ 10.30 വരെ (റാങ്ക് ഒന്ന് - 1000), രാവിലെ 11 മുതല്‍ 11.30 വരെ (റാങ്ക് 1001 - 2000), ഉച്ചയ്ക്ക് 12 മുതല്‍ 12.30 വരെ (റാങ്ക് 2001 - 2500). ജൂണ്‍ 18 : രാവിലെ 8.30 മുതല്‍ ഒമ്പത് വരെ (റാങ്ക് 2501 - 3500), രാവിലെ 9.30 മുതല്‍ 10 വരെ (റാങ്ക് 3501 - 5000), രാവിലെ 10.30 മുതല്‍ 11 വരെ (റാങ്ക് 5001 മുതല്‍ അവസാന റാങ്ക് വരെ).  

രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം രക്ഷിതാവിനൊപ്പം നിശ്ചിത സമയത്ത് കോളേജില്‍ ഹാജരാകണം. പ്രവേശനം ലഭിക്കുന്നവര്‍ പിടിഎ ഫണ്ട് ഒഴികെയുള്ള ഫീസുകള്‍ ഗൂഗിള്‍ പേ/ഫോണ്‍ പേ/യുപിഐ മുഖേന ഒടുക്കണം. വിവരങ്ങള്‍ക്ക് : polyadmission.org/let   

(പി.ആര്‍.കെ നമ്പര്‍ 1167/2026)

*മുട്ടക്കോഴി കുഞ്ഞുങ്ങള്‍ വില്‍പനയ്ക്ക്*

കൊട്ടിയം കെപ്‌കോ ലെയര്‍ ബ്രീഡര്‍ ഫാമില്‍ ഒരു ദിവസം മുതല്‍ 45 ദിവസം വരെ പ്രായമായ ഗ്രാമശ്രീ/ബി.വി 380 ഇനത്തില്‍പ്പെട്ട മുട്ടക്കോഴി കുഞ്ഞുങ്ങള്‍ വില്‍പനയ്ക്ക് . ഫോണ്‍: 9495000923.

(പി.ആര്‍.കെ നമ്പര്‍ 1168/2026)

*ഐ.ടി.ഐ പ്രവേശനം*

മെഴുവേലി വനിത ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ (2 വര്‍ഷം), ഫാഷന്‍ ഡിസൈന്‍ ടെക്നോളജി (ഒരു വര്‍ഷം) ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ്സ് വിജയിച്ചവര്‍ക്കും അധിക യോഗ്യതയുളളവര്‍ക്കും അപേക്ഷിക്കാം. https://itiadmissions.kerala.gov.in മുഖേന ജൂണ്‍ 30നകം അപേക്ഷിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുമായി അപേക്ഷകര്‍ അടുത്തുളള ഏതെങ്കിലും സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ എത്തി വെരിഫിക്കേഷന്‍ നടപടി പൂര്‍ത്തീകരിക്കണം. ഫോണ്‍: 0468 2259952, 9995686848, 8547579815.

(പി.ആര്‍.കെ നമ്പര്‍ 1169/2026)

*കോഴ്സ് പ്രവേശനം*

കോട്ടയം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഡേറ്റാ അനാലിസിസ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, പൈത്തണ്‍ ഫുള്‍സ്റ്റാക്ക് വിത്ത് എ.ഐ കോഴ്സുകളിലേക്ക് പ്രവേശനം. യോഗ്യത : പ്ലസ്ടു. രജിസ്ട്രേഷന്: https://forms.gle/LPNgabsFQscD27dUA . സര്‍ട്ടിഫിക്കറ്റ് ആധാര്‍ എന്നിവയുമായി സെന്ററില്‍ എത്തണം. ഫോണ്‍: 6282841772, 8590118698.

(പി.ആര്‍.കെ നമ്പര്‍ 1170/2026)

*ഐ.ടി.ഐ പ്രവേശനം*

ചടയമംഗലം (കുമ്മിള്‍,കടക്കല്‍) സര്‍ക്കാര്‍ ഐടിഐയില്‍ ഡ്രാഫ്റ്റ്മാന്‍ സിവില്‍, സര്‍വെയര്‍ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . www.itiadmissions.kerala.gov.in വഴി ജൂണ്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിച്ചശേഷം ഏതെങ്കിലും സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ ഹാജരായി അപേക്ഷകളുടെ വെരിഫിക്കേഷന്‍ നടത്തണം. ഫോണ്‍: 04742914794.

(പി.ആര്‍.കെ നമ്പര്‍ 1171/2026)

*ഹോസ്റ്റല്‍ വാര്‍ഡന്‍ നിയമനം*

ആണ്‍കുട്ടികള്‍ക്കായുള്ള പുത്തൂര്‍ പ്രീ മെട്രിക് ഹോസ്റ്റലില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ വാര്‍ഡനെ (പുരുഷന്മാർ) നിയമിക്കുന്നു. പത്താം ക്ലാസാണ് യോഗ്യത. സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുള്ള ഹോസ്റ്റലുകളില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്കും മുന്‍ഗണന. ജൂണ്‍ 22 ന് രാവിലെ 11ന് വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അഭിമുഖം നടക്കും. അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും, ബയോഡേറ്റ സഹിതം ഹാജരാവണം. ഫോണ്‍: 8547630027.

(പി.ആര്‍.കെ നമ്പര്‍ 1172/2026)

*എം.ബി.എ അഭിമുഖം*

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ടൈം) 2026-28 ബാച്ചിലേയ്ക്കുളള ഒഴിവുളള സീറ്റുകളിലേക്ക് ജൂണ്‍ 18 രാവിലെ 10 മുതല്‍ നെയ്യാര്‍ഡാമിലെ കിക്മ ക്യാമ്പസില്‍ അഭിമുഖം നടത്തും. 

സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും, ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളളവര്‍ക്കും സീറ്റ് സംവരണമുണ്ട്. എസ്.സി./എസ്.ടി/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. യോഗ്യത:50 ശതമാനംമാര്‍ക്കില്‍ കുറയാതെയുളള ബിരുദവും , പ്രവേശന പരീക്ഷ സ്‌കോറും. വിവരങ്ങള്‍ക്ക്: www.kicma.ac.in ഫോണ്‍: 8547618290, 9496366741.

(പി.ആര്‍.കെ നമ്പര്‍ 1173/2026)