വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ് ബഷീർ ശിവഗിരി സന്ദർശിച്ചു
കേരള ന്യൂസ് മീഡിയ
വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ് ബഷീർ ശിവഗിരി സന്ദർശിച്ചു
ശിവഗിരി: മലയാള സാഹിത്യത്തിലെ ഇതിഹാസപുരുഷനും “ബേപ്പൂരിന്റെ സുൽത്താൻ” എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ് ബഷീർ വ്യാഴാഴ്ച ശിവഗിരി സന്ദർശിച്ചു. ബാല്യകാലം മുതൽ മനസ്സിൽ കൊണ്ടുനടന്നിരുന്ന ഒരു ആഗ്രഹമാണ് ഇതിലൂടെ സഫലമായതെന്ന് അദ്ദേഹം പറഞ്ഞു.
ഗുരുധർമ പ്രചാരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അനീസ് ബഷീറിനെ ശിവഗിരിയിൽ സ്വീകരിച്ചു.
അനീസ് ബഷീറിനെ ശിവഗിരിയിലേക്ക് സ്വാഗതം ചെയ്യാൻ കഴിഞ്ഞത് സന്തോഷകരമായ കാര്യമാണെന്ന് സ്വാമി അസംഗാനന്ദഗിരി പറഞ്ഞു. “വൈക്കം മുഹമ്മദ് ബഷീർ നിരവധി തവണ ശിവഗിരി സന്ദർശിക്കുകയും തന്റെ പല രചനകളിലും ശിവഗിരിയെക്കുറിച്ച് പരാമർശിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ മകൻ അനീസ് ബഷീറിന്റെ ഈ സന്ദർശനം ആ ഓർമ്മകളുടെ പുതുക്കലാണ്,” അദ്ദേഹം പറഞ്ഞു.
സന്ദർശന വേളയിൽ സംസാരിച്ച അനീസ് ബഷീർ, ശിവഗിരിയെക്കുറിച്ച് കുട്ടിക്കാലത്ത് കേട്ടിരുന്ന ഓർമ്മകൾ പങ്കുവെച്ചു.
“എന്റെ പിതാവിന് ശിവഗിരി മാസികയുടെ മുൻ എഡിറ്ററായിരുന്ന അനീഷുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. അദ്ദേഹം ഞങ്ങളുടെ വീട്ടിൽ പതിവായി വരാറുണ്ടായിരുന്നു. ശിവഗിരിയെയും ഗുരുദേവനെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ സംഭാഷണങ്ങൾ ഞാൻ എട്ടുവയസ്സുള്ള കുട്ടിയായിരിക്കുമ്പോൾ കേട്ടിട്ടുണ്ട്. അന്നുമുതൽ ഒരിക്കൽ ശിവഗിരി സന്ദർശിക്കണമെന്ന ആഗ്രഹം മനസ്സിലുണ്ടായിരുന്നു. ഇന്ന് അൻപതാം വയസ് പിന്നിട്ട ശേഷമാണ് ആ സ്വപ്നം സഫലമാകുന്നത്,” അദ്ദേഹം പറഞ്ഞു.
വർക്കലയിലെ ഒരു സ്വകാര്യ വിദ്യാലയത്തിന്റെ ക്ഷണപ്രകാരമാണ് താൻ ഇവിടെ എത്തിയത്. ക്ഷണിച്ച അധ്യാപകനെയോ സ്ഥാപനത്തെയോ മുമ്പ് പരിചയമില്ലായിരുന്നെങ്കിലും വർക്കലയിലേക്ക് വരാനുള്ള അവസരം ലഭിച്ചതോടെ ശിവഗിരി സന്ദർശിക്കാമെന്ന ആഗ്രഹം കൊണ്ടാണ് ക്ഷണം സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
“വർക്കലയിലേക്കുള്ള ക്ഷണം ലഭിച്ചപ്പോൾ ഗുരുദേവൻ തന്നെ എന്നെ വിളിക്കുകയാണെന്ന് എനിക്ക് തോന്നി. ഇന്ന് ശിവഗിരിയിലെത്തി ഗുരുദേവന്റെ പുണ്യസാന്നിധ്യം അനുഭവിക്കാൻ കഴിഞ്ഞത് വലിയ അനുഗ്രഹമായി ഞാൻ കാണുന്നു,” അനീസ് ബഷീർ പറഞ്ഞു.
സന്ദർശനത്തിന്റെ ഭാഗമായി സ്വാമി അസംഗാനന്ദഗിരിക്കൊപ്പം മഹാസമാധി മണ്ഡപവും വൈദിക മഠവും ശാരദാ മഠവും അനീസ് ബഷീർ സന്ദർശിച്ചു.
അനീസ് ബഷീർ അസംഗാനന്ദഗിരി സ്വാമി, ഹoസതീർത്ഥ സ്വാമി എന്നിവരോടൊപ്പം
IMG-20260619-WA0017.jpg


Deepa Binu 










