*ആറളം ഫാമിലെ ‘KM1’ മോഴയാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്*
*കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്*
*ഐപിആര്‍ഡി, കേരളം*
വാര്‍ത്താകുറിപ്പ്-6,
https://www.prd.kerala.gov.in
*ആറളം ഫാമിലെ ‘KM1’ മോഴയാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്*
*-റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിലേക്ക് വിടും*
ആറളം ഫാം മേഖലയിലും പുനരധിവാസ കോളനിയിലും നിരന്തരം ഭീതി വിതയ്ക്കുന്ന KM1 എന്ന മോഴയാനയെ മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച ശേഷം ജനവാസ കേന്ദ്രങ്ങളിൽ നിന്ന് അകലെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് മാറ്റിവിടാൻ സർക്കാർ ഉത്തരവായതായി വൈദ്യുതി, പരിസ്ഥിതി, പാർലമെൻ്ററികാര്യ മന്ത്രി സണ്ണി ജോസഫ് അറിയിച്ചു.
ചീഫ് വൈൽഡ് ലൈഫ് വാർഡൻ 1972ലെ വന്യജീവി (സംരക്ഷണം) നിയമം സെക്ഷൻ 11(1)(എ) പ്രകാരമാണ് അനുമതി നൽകിയതെന്നും ഇക്കാര്യത്തിൽ അടിയന്തര തീരുമാനം വേണ്ടതിൻ്റെ പ്രാധാന്യം വനംമന്ത്രിയുടെ ഉൾപ്പെടെ ശ്രദ്ധയിൽ പെടുത്തിയിരുന്നതായും മന്ത്രി ചുണ്ടിക്കാട്ടി.
ആറളം ഫാം പ്രദേശത്ത് ജനവാസ മേഖലയിലൽ സ്ഥിരമായെത്തി നാശനഷ്ടങ്ങൾ ഉണ്ടാക്കുന്ന ആനയാണ് KM1. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ എല്ലാ മാർഗനിർദേശങ്ങളും പാലിച്ചായിരിക്കും ദൗത്യം നടപ്പാക്കുക. ആനയ്ക്ക് അമിത സമ്മർദ്ദം ഉണ്ടാകാത്ത വിധം റേഡിയോ കോളർ ഘടിപ്പിച്ച് തുടർ നിരീക്ഷണവും ഉറപ്പാക്കും.
വനം വകുപ്പ് റിപ്പോർട്ടിൽ, വനാതിർത്തിയിൽ സ്ഥാപിച്ചിട്ടുള്ള വിവിധ പ്രതിരോധ സംവിധാനങ്ങൾ തകർത്താണ് KM1 ജനവാസ മേഖലയിലേക്ക് കടക്കുന്നതെന്ന് വ്യക്തമാക്കുന്നു. പ്രകോപനങ്ങളൊന്നുമില്ലാതെ വീടുകൾക്കും കൃഷിയിടങ്ങൾക്കും വ്യാപക നാശം വരുത്തുന്നതും വാഹനങ്ങളെ ആക്രമിക്കുന്നതും ആനയുടെ പതിവ് സ്വഭാവമായി മാറിയിട്ടുണ്ടെന്ന് റിപ്പോർട്ടിലുണ്ട്. 2008 മുതൽ ആറളം മേഖലയിലേക്ക് ഇറങ്ങുന്ന ആനക്കൂട്ടത്തിലെ ഏറ്റവും വലിയ മോഴയാനയാണ് KM1.
2026 ഫെബ്രുവരി 27ന് പുലർച്ചെ ആറളത്ത് ആനയുടെ ആക്രമണത്തിൽ അനീഷ് എന്നയാൾ മരിച്ച സംഭവത്തിൽ കണ്ടെത്തിയ കാല്പാടുകൾ പരിശോധിച്ചപ്പോൾ അത് KM1-ന്റേതാണെന്ന് സ്ഥിരീകരിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഉത്തരവ് പ്രകാരം നടപടികൾക്ക് കണ്ണൂർ നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ മേൽനോട്ടം വഹിക്കും. ദൗത്യത്തിന്റെ ഏകോപനവും തുടർ നടപടികളും കണ്ണൂർ ഡിഎഫ്ഒ നിർവഹിക്കും. ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസറും കണ്ണൂർ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസറും നടപടികളിൽ പങ്കാളികളാകും.


Deepa Binu 










