ഗുരുദേവ സമാധി 21ന് : ലോകമെമ്പാടും ആചരിക്കും.
Keralanewsmedia
ഗുരുദേവ സമാധി 21ന് : ലോകമെമ്പാടും ആചരിക്കും.
ശിവഗിരി : ശ്രീനാരായണ ഗുരുദേവന്‍റെ 98 മത് മഹാസമാധി ദിനം ഞായറാഴ്ച ലോകമെമ്പാടും ഭക്തിനിര്‍ഭരമായി ആചരിക്കുന്നതിനുള്ള തയ്യാറെടുപ്പുകളായി. ഗുരുദേവ സ്തുതിഗീതങ്ങള്‍ എവിടെയും മുഴങ്ങും. മഹാകവി കുമാരനാശാന്‍ രചിച്ച 'നാരായണ മൂര്‍ത്തേ ഗുരു നാരായണമൂര്‍ത്തേ' എന്നു തുടങ്ങുന്ന ഗുരുസ്തവം , സഹോദരന്‍ അയ്യപ്പന്‍ രചിച്ച ജരാരുജാസ്മൃതി യിലാരംഭിക്കുന്ന സമാധി ഗാനം ഉള്‍പ്പെടെ ഗുരുദേവ സന്യസ്ഥ ശിഷ്യര്‍ രചിച്ച മറ്റു ഭക്തി ഗീതങ്ങളും സമാധി ദിനത്തില്‍ നാടാകെ ഉരുവിടും.
ഗുരുദേവന്‍റെ മഹാസമാധിയാല്‍ പുണ്യം നിറഞ്ഞ ശിവഗിരിയിലേക്ക് കന്നിമാസ തുടക്കം മുതലേ ഭക്തരുടെ വന്‍ സാന്നിധ്യം അനുഭവപ്പെടുന്നുണ്ട്. ഗുരുദേവ ജയന്തി ആഘോഷം ലോകമാകെ സംഘടിപ്പിക്കപ്പെട്ട വിധം മഹാസമാധി ആചരണവും വിശ്വം നിറയുംവിധമാകും. രാജ്യ തലസ്ഥാനം ഡല്‍ഹിയിലും വിവിധ സംസ്ഥാനങ്ങളിലും ഗുരുദേവ പ്രസ്ഥാനങ്ങളും മറ്റു സാംസ്കാരിക സംഘടനകളും ഒന്നായി ചേര്‍ന്നാകും ആചരണ പരിപാടികള്‍ സംഘടിപ്പിക്കുക. യു.കെയിലെ ശിവഗിരി ആശ്രമം, യു.എ.ഇ, ബഹറിന്‍ , ഖത്തര്‍, ഒമാന്‍, സിംഗപ്പൂര്‍ തുടങ്ങി വിവിധ രാജ്യങ്ങളിലും സമാധി ദിനാചരണത്തിനുള്ള തയ്യാറെടുപ്പുകള്‍ ആയതായി ശിവഗിരിയില്‍ വിവരം ലഭിച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങളില്‍ നിന്നും ചില വിദേശരാജ്യങ്ങളില്‍ നിന്നും ഗുരുദേവന്‍റെ മഹാസമാധിസ്ഥാനത്തേക്ക് അന്നേദിവസം ഭക്തര്‍ എത്തിച്ചേരുന്നുണ്ട്.
ശിവഗിരി മഠം ശാഖാ സ്ഥാപനങ്ങളായ കുന്നുംപാറ സുബ്രഹ്മണ്യ ക്ഷേത്രം, ആലുവ അദ്വൈതാശ്രമം, കുറിച്ചി അദ്വൈതവിദ്യാശ്രമം, ഭാരതീസദനം ദിവാകരന്‍ സ്മാരക പഠനകേന്ദ്രം, അദ്വൈത വിജ്ഞാനാനന്ദാശ്രമം കരിങ്കുന്നം, ഗുരുദേവ ധര്‍മ്മശാസ്താ ക്ഷേത്രം പാമ്പാടി, ഗുരുപ്രഭാവാശ്രമം പഴഞ്ഞി, കാളീകുളങ്ങര ക്ഷേത്രം & മഠം, നരസിംഹാശ്രമം ഏരൂര്‍, രാമസ്വാമി മഠം കൊല്ലം, ശിവഗിരി ശ്രീ ബ്രഹ്മാനന്ദാലയം കോറ്റനല്ലൂര്‍, സോമശേഖര ക്ഷേത്രം പെരിങ്ങോട്ടുകര, അന്നപൂര്‍ണേശ്വരി ക്ഷേത്രം മുക്കുടം, ശ്രീനാരായണാശ്രമം ആനയറ, ശ്രീനാരായണ ധര്‍മ്മാശ്രമം ചക്കുപള്ളം , ശ്രീനാരായണഗുരു ചൈതന്യമഠം പേരാമ്പ്ര, ശ്രീനാരായണ സേവാ മന്ദിരം പൊങ്ങണംകാട് , ശ്രീരാമാനന്ദ സിദ്ധ വൈദ്യാശ്രമം കൂര്‍ക്കഞ്ചേരി, ശ്രീശങ്കരാനന്ദാശ്രമം എറണാകുളം, ശ്രീനാരായണ ഗുരുകുലം ചെമ്പഴന്തി, ശ്രീനാരായണമഠം തോട്ടുമുഖം, വിശ്വഗാജി മഠം മുഹമ്മ , ശ്രീനാരായണ വിശ്വ സംസ്കാര ഭവന്‍ കനകക്കുന്ന് തുടങ്ങിയ കേന്ദ്രങ്ങളിലും വിശേഷാല്‍ ചടങ്ങുകളോടെ സമാധി ദിനാചരണം നടക്കും. ശിവഗിരി മഠത്തില്‍ സമാധി ദിനാചരണ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , ട്രഷറര്‍ സ്വാമി ശാരദാനന്ദ എന്നിവര്‍ അറിയിച്ചു.













