രാജ്യത്തെ ആദ്യത്തെ വെഹിക്കിൾ ടു ഗ്രിഡ് പദ്ധതിക്ക് തുടക്കം

Keralam

രാജ്യത്തെ ആദ്യത്തെ വെഹിക്കിൾ ടു ഗ്രിഡ്  പദ്ധതിക്ക് തുടക്കം

പ്രസിദ്ധീകരണത്തിന്

  *രാജ്യത്തെ ആദ്യ വെഹിക്കിൾ ടു ഗ്രിഡ് ബൃഹത് പദ്ധതിക്ക് തുടക്കം; കെ.എസ്.ഇ.ബിയും മുംബൈ ഐ.ഐ.ടി.യും തമ്മില്‍ ധാരണാപത്രത്തിൽ ഒപ്പുവച്ചു* വൈദ്യുത വാഹനങ്ങളും ഹരിതോർജ്ജവും സമന്വയിപ്പിക്കുന്നതിന് സഹായകമായ വെഹിക്കിൾ റ്റു ഗ്രിഡ് (V2G) ഫീൽഡ് തല പൈലറ്റ് പദ്ധതിക്ക് കെ.എസ്.ഇ.ബി.യിൽ തുടക്കമായി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ബോംബെയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. സോളാർ മണിക്കൂറുകളിൽ സുലഭമായി ലഭിക്കുന്ന വൈദ്യുതി, വൈദ്യുതവാഹനത്തിന്റെ ബാറ്ററിയിൽ ശേഖരിച്ച് ആവശ്യകത കൂടിയ പീക്ക് മണിക്കൂറുകളിൽ ഗ്രിഡിലേക്ക് തിരികെ ലഭ്യമാക്കുന്ന പദ്ധതിയാണിത്. ഫീൽഡ് തലത്തിലുള്ള വിന്യാസമുൾപ്പെടെ ഉൾക്കൊള്ളുന്ന രാജ്യത്തെ ആദ്യ ബൃഹദ്പദ്ധതിയായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. രണ്ടു ഘട്ടങ്ങളായായിരിക്കും കെ.എസ്.ഇ.ബി.യിൽ വി2ജി പദ്ധതി നടപ്പാക്കുക. ആദ്യഘട്ടമെന്ന നിലയിൽ സങ്കേതിക, റെഗുലേറ്ററി ഘടകങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് വിശദമായ സാധ്യതാപഠനം നടത്തും. തുടർന്ന് കെ എസ് ഇബിയുടെ വിതരണ ശൃംഖല പ്രയോജനപ്പെടുത്തി പൈലറ്റ് വി2ജി സംവിധാനം സ്ഥാപിക്കും. ഇതിലൂടെ പീക്ക് ഷേവിംഗ്, ഫ്രീക്വൻസി റെഗുലേഷൻ, റൂഫ് ടോപ്പ് സോളാർ ഇന്റഗ്രേഷൻ, ഡിമാൻഡ് റെസ്പോൺസ് തുടങ്ങിയവ സാധ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. വി2ജി പദ്ധതിയെക്കുറിച്ചും കേരളത്തില്‍ ഈ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ചും കെ.എസ്.ഇ.ബി. ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ മിര്‍ മുഹമ്മദ് അലി ഐ.എ.എസ്.ഉം, ഐ.ഐ.ടി. ബോംബെയിലെ അസോസിയേറ്റ് പ്രൊഫസര്‍ സാക്കീർ ഹുസൈൻ റാത്തറും തമ്മില്‍ വിശദമായ ചര്‍ച്ച നടത്തുകയുണ്ടായി. തിരുവനന്തപുരം വൈദ്യുതിഭവനിൽ നടന്ന ചടങ്ങിൽ ഐ.ഐ.ടി. ബോംബെയിലെ അസോസിയേറ്റ് പ്രൊഫസര്‍ സാക്കീർ ഹുസൈൻ റാത്തറും കെ.എസ്.ഇ.ബി. റീസ് വിഭാഗം ചീഫ് എഞ്ചിനീയറുടെ പൂർണ്ണ ചുമതലവഹിക്കുന്ന ആഷ പി.ഐ.യും ധാരണാപത്രത്തിൽ ഒപ്പുവച്ചു. സാക്കിർ ഹുസൈൻ റാത്തർ വി2ജിയുടെ സാധ്യതകൾ വിശദീകരിച്ചുകൊണ്ട് പദ്ധതി രൂപരേഖ അവതരിപ്പിച്ചു. യോഗത്തിൽ കെ.എസ്.ഇ.ബി. ഡയറക്ടർ (ജനറേഷൻ) സജീവ് ജി. അധ്യക്ഷനായി. രാജ്യത്താദ്യമായി കേരളം വി2ജി സാങ്കേതികവിദ്യയെ ഫീൽഡ്തലത്തിൽ വലിയതോതിൽ പരീക്ഷിക്കുന്നത് മികച്ച മുന്നേറ്റമാണെന്നും വൈദ്യുതി വാഹനങ്ങൾ ഗ്രിഡിന്റെ ഭാഗമാകുന്നത് വലിയ മാറ്റത്തിനു കാരണമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വൈദ്യുതപ്രസരണരംഗത്ത് സംസ്ഥാനം നേരിടുന്ന ബുദ്ധിമുട്ടുകൾ ഒരു പരിധിവരെ പരിഹരിക്കുന്നതിന് വി2ജി പദ്ധതി സഹായിക്കുമെന്നാണ് പ്രത്യാശ എന്ന് പ്രസരണവിഭാഗം ഡയറക്ടർ ശിവദാസ് എസ്. പറഞ്ഞു. കെ.എസ്.ഇ.ബി. ഇവി സെൽ ടീം ലീഡർ സിനി ജോൺ, ഇവി ആക്സിലറേറ്റർ സെൽ അസിസ്റ്റന്റ് എഞ്ചിനീയർ സജിൻ ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു. കെ.എസ്.ഇ.ബി.യിലെയും ഐ.ഐ.ടി. ബോംബെയിലെയും ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പബ്ലിക് റിലേഷൻസ് ഓഫീസർ