റഷ്യയിൽ വൻ ഭൂചലനം

Keralam

റഷ്യയിൽ വൻ ഭൂചലനം

*റഷ്യയിൽ വൻ ഭൂചലനം, പിന്നാലെ സുനാമി*

റഷ്യയുടെ കിഴക്കൻ മേഖലയിലുണ്ടായ വൻ ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും സുനാമി തിരമാലകൾ ആഞ്ഞടിച്ചു. 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണിത്. വടക്കൻ പസഫിക് മേഖലയിലാണ് സുനാമിയുണ്ടായത്. അലാസ്ക, ഹവായ്, ന്യൂസിലൻഡിന് തെക്ക് തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പുണ്ട്. ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയം ഒഴിപ്പിച്ചു. എത്രത്തോളം നാശനഷ്ടമുണ്ടായെന്ന റിപ്പോർട്ടുകൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.

ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ കണക്കനുസരിച്ച് ഏകദേശം 30 സെന്റീമീറ്റർ ഉയരമുള്ള സുനാമി തിരമാലകൾ ഹൊക്കൈഡോയുടെ കിഴക്കൻ തീരത്തുള്ള നെമുറോയിൽ ആഞ്ഞടിച്ചു. റഷ്യയുടെ കുറിൽ ദ്വീപുകളിലെ പ്രധാന വാസസ്ഥലമായ സെവെറോ-കുരിൽസ്കിന്‍റെ തീരപ്രദേശത്ത് സുനാമി തിരമാലകൾ ആഞ്ഞടിച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. ഹവായ്, ചിലി, ജപ്പാൻ, സോളമൻ ദ്വീപുകളിലെ ചില തീരപ്രദേശങ്ങളിൽ കടൽനിരപ്പിൽ നിന്ന് 1 മുതൽ 3 മീറ്റർ വരെ ഉയരമുള്ള തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. റഷ്യയുടെയും ഇക്വഡോറിന്റെയും ചില തീരപ്രദേശങ്ങളിൽ 3 മീറ്ററിൽ കൂടുതൽ ഉയരമുള്ള തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. റഷ്യയിലെ കംചട്ക ഉപദ്വീപിലാണ് ഭൂകമ്പമുണ്ടായത്. പസഫിക് സമുദ്രത്തിലെ പെട്രോപാവ്ലോവ്സ്-കംചാറ്റ്സ്കി നഗരത്തിന് തെക്കുകിഴക്കായി 126 കിലോമീറ്റർ അകലത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.