പുതിയ ക്രിമിനൽ നിയമങ്ങളിലെ പരിശീലനം പൂർത്തിയായി
Keralanewsmedia
പുതിയ ക്രിമിനൽ നിയമങ്ങളിലെ പരിശീലനം പൂർത്തിയായി
രാജ്യത്ത് പുതുതായി പ്രാബല്യത്തിൽ വന്ന ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പോലീസ് ഉദ്യോഗസ്ഥർക്കായി അഞ്ചുദിവസത്തെ പരിശീലന പരിപാടി തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിങ് കോളേജിൽ പൂർത്തിയാക്കി. പോലീസ് ട്രെയിനിങ് കോളേജും ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റും (ബി.പി.ആർ & ഡി), ഏൺസ്റ്റ് ആൻഡ് യംഗ് എൽ.എൽ.പി.യും സംയുക്തമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. വിവിധ ജില്ലകളിൽ നിന്നുള്ള 51 പോലീസ് ഉദ്യോഗസ്ഥരാണ് പരിശീലനത്തിൽ പങ്കെടുത്തത്.
സെപ്റ്റംബർ 15 മുതൽ 19 വരെ നടന്ന പരിശീലനം, ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്.), ഭാരതീയ നാഗരിക സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്.), ഭാരതീയ സാക്ഷ്യ അധിനിയം (ബി.എസ്.എ.) എന്നീ പുതിയ നിയമങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് സമഗ്രമായ അറിവ് നൽകുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. പുതിയ നിയമ ചട്ടക്കൂടിലെ പ്രധാന നടപടിക്രമങ്ങളും മാറ്റങ്ങളും ഉൾക്കൊള്ളിച്ചുള്ള ക്ലാസുകളാണ് നടന്നത്. സെമിനാറുകൾക്കും കേസ് അധിഷ്ഠിത ചർച്ചകൾക്കും പ്രാധാന്യം നൽകിയതിലൂടെ ഫീൽഡ് പ്രവർത്തനങ്ങളിൽ നിയമങ്ങൾ ഫലപ്രദമായി പ്രയോഗിക്കാൻ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുക എന്നതും പരിപാടിയുടെ ലക്ഷ്യമായിരുന്നു.
സമാപന സമ്മേളനത്തിൽ സംസാരിച്ച ഉന്നത ഉദ്യോഗസ്ഥർ, പുതിയ നിയമങ്ങൾ ജൂലൈ 1 മുതൽ നടപ്പാക്കുന്ന സാഹചര്യത്തിൽ, പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർക്ക് പോലീസ് സേനയിലുടനീളം അറിവ് പങ്കുവെക്കുന്നതിൽ നിർണായകമായ പങ്കുവഹിക്കാനുണ്ടെന്ന് ഓർമ്മിപ്പിച്ചു.
പ്രവീൺ എസ് ആർ
ഡെപ്യൂട്ടി ഡയറക്ടർ













