സായാഹ്ന വാർത്തകൾ
Keralanewsmedia
*പൊതു വിദ്യാഭ്യാസരംഗത്ത് മുന്നേറ്റം തുടരുന്നു: മന്ത്രി വി ശിവൻകുട്ടി*
_പരവൂർ തെക്കുംഭാഗം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ബഹുനില മന്ദിരം; ശിലാസ്ഥാപനം നിർവഹിച്ച് മന്ത്രി_
ദേശീയ കണക്കെടുപ്പുകളിൽ ഉൾപ്പെടെ കേരളത്തിന്റെ പൊതു വിദ്യാഭ്യാസമേഖല മുന്നേറ്റം തുടരുകയാണ് എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പരവൂർ തെക്കുംഭാഗം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ പുതുതായി നിർമ്മിക്കുന്നബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനവും നിർമ്മാണ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
2016 മുതൽ സംസ്ഥാനത്തെ പൊതു പൊതുവിദ്യാഭ്യാസ മേഖലയിലെ 47 ലക്ഷം വിദ്യാർത്ഥികൾക്കായി മികച്ച അടിസ്ഥാന-ഭൗതിക സാഹചര്യങ്ങൾ ഒരുക്കുകയാണ്. ഇതുവരെ 5,000 കോടി രൂപയുടെ നിർമാണ പ്രവർത്തികൾ നടപ്പാക്കി. പുതുതായി നിർമ്മിക്കുന്ന മിക്ക സ്കൂളുകളിലും ലിഫ്റ്റ്, ശീതികരണ സംവിധാനങ്ങളുള്ള ക്ലാസ് മുറികൾ എന്നിവയുണ്ടാകും. 45,000 സ്മാർട്ട് ക്ലാസ്സ്‌റൂമുകളും ഒരുക്കി. അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനൊപ്പം വിദ്യാർത്ഥികളുടെ പഠനമികവ് വർധിപ്പിക്കാൻ ഒൻപതാം ക്ലാസ്സ് വരെ നിലനിന്നിരുന്ന 'ഓൾ പാസ്സ്' സമ്പ്രദായം നിർത്തലാക്കി. കുട്ടികളുടെ പഠനനിലവാരം കൂടുതൽ മെച്ചപ്പെടുത്താനും അവരുടെ ഭാവി സുരക്ഷിതമാക്കാനും അധ്യാപകരുടെയും മാതാപിതാക്കളുടെയും കൂട്ടായ പ്രവർത്തനം ആവശ്യമാണന്നും കൂട്ടിച്ചേർത്തു.
ജി എസ് ജയലാൽ എം എൽ എ അധ്യക്ഷനായി. പരവൂർ നഗരസഭ ചെയർപേഴ്സൺ പി ശ്രീജ, സ്ഥിരം സമിതികളുടെ അധ്യക്ഷരായ വി. അംബിക, എസ് ഗീത, എസ് ശ്രീലാൽ, എ മിനി, ജെ ഷെരീഫ്, നഗരസഭ അംഗം ജെ.സനൽലാൽ, തെക്കും ഭാഗം എച്ച്. എസ്. എസ് പ്രിൻസിപ്പൽ ഡോ എൽ മായ, ഹെഡ്മിസ്ട്രസ് എ.പി ശ്രീകല വിദ്യാകിരണം മിഷൻ കോഡിനേറ്റർ കിഷോർ കൊച്ചയം, രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
*കെ എസ് ആർ ടി സി പ്രതിദിനയാത്രക്കാരുടെ എണ്ണം ഒരു ലക്ഷമായി വർധിച്ചു: മന്ത്രി കെ ബി ഗണേഷ് കുമാർ*
_പുനലൂരിൽ പുതിയ സർവീസുകളുടെ ഉദ്‌ഘാടനവും ഡിപോയുടെ നവീകരണ പ്രഖ്യാപനവും നിർവഹിച്ചു_
കെ എസ് ആർ ടി സി യിലെ പ്രതിദിനയാത്രക്കാരുടെ എണ്ണം ഒരു ലക്ഷമായി വർധിക്കുകയും ചരിത്രത്തിലാദ്യമായി 1.19 കോടി രൂപ വരുമാനവും ലഭിച്ചെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. പുനലൂർ കെഎസ്ആർടിസി ഡിപ്പോയിൽനിന്ന് പുതുതായി ആരംഭിക്കുന്ന വിവിധ സർവീസുകളുടെ ഉദ്‌ഘാടനവും ഡിപ്പോയുടെ നവീകരണത്തിനായി അഞ്ചു കോടി രൂപയുടെ പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ വിവിധ ബസ് സ്റ്റേഷനുകളുടെ വികസനത്തിന് സർക്കാർ 120 കോടി രൂപ വകയിരുത്തി. കൊട്ടാരക്കര, കായംകുളം, തൃശ്ശൂർ, കൊല്ലം, ആറ്റിങ്ങൽ, എറണാകുളം, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി എന്നീ സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തികൾ ഉടനെ ആരംഭിക്കും. പുനലൂർ, ആര്യങ്കാവ്, കുളത്തൂപ്പുഴ എന്നീ ഡിപ്പോകളിൽ കമ്പ്യൂട്ടറൈസേഷൻ നടപ്പാക്കാൻ ഭരണാനുമതിയായി. പുനലൂരിലെ മലയോര പ്രദേശങ്ങളിലേക്ക് സർക്കുലർ സർവീസ് ഏർപ്പെടുത്തി; വിജയമായാൽ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. കിഴക്കൻ മലയോര പ്രദേശങ്ങളിലും തീരപ്രദേശത്തുമുള്ള യാത്രക്കാർക്ക് കൂടുതൽ മിനി ബസ് സർവീസ് ഏർപ്പെടുത്തും. ജീവനക്കാർക്കായി ഒരു കോടി രൂപയുടെ ഇൻഷുറൻസ് പദ്ധതി നടപ്പാക്കി. ട്രാവൽ കാർഡ് പദ്ധതിയുടെ ഭാഗമായി അഞ്ചു ലക്ഷം കാർഡുകൾ പുറത്തിറക്കും. ഡിപ്പോകളിലെ പ്രവർത്തനം മെച്ചപ്പെടുത്താനും സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കാനും സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കും; ജീവനക്കാർക്ക് ശീതീകരിച്ച വിശ്രമ മുറികൾ ഒരുക്കി. പുതുതായി ആരംഭിച്ച പല സർവീസുകൾക്കും മികച്ച പ്രതികരണം ലഭിക്കുകയാണ്. മൂന്നാറിൽ തുടങ്ങിയ ഡബിൾ ഡെക്കർ ബസ് സർവീസിലൂടെ കെ എസ് ആർ ടി സിക്ക് ലഭിക്കുന്ന പ്രതിദിന ലാഭം 48,000 രൂപയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പുനലൂർ- കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് സർവീസ്, പുനലൂർ ടൗൺ സർക്കിൾ സർവീസ്, പുനലൂർ മൂന്നാർ ഫാസ്റ്റ് പാസഞ്ചർ സർവീസ്, കുളത്തൂപ്പുഴ ആര്യങ്കാവ് ഡിപ്പോകളിൽ നിന്ന് തുടങ്ങുന്ന പ്രാദേശിക സർവീസുകൾ എന്നിവയാണ് പുതുതായി ആരംഭിക്കുന്ന സർവീസുകൾ.
പി.എസ് സുപാൽ എം.എൽ.എ അധ്യക്ഷനായി. പുനലൂർ നഗരസഭ ചെയർപേഴ്സൺ കെ പുഷ്പലത, വൈസ് ചെയർപേഴ്സൺ രഞ്ജിത്ത് രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എൻ കോമളകുമാർ, വികസന സമിതി അംഗങ്ങളായ പ്രിയ പിള്ള, പി.എ. അനസ്, വസന്ത രാജൻ, കനകമ്മ, ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി അജിത്ത്, വൈസ് പ്രസിഡന്റ് രാജി, പഞ്ചായത്ത് അംഗങ്ങളായ ആർ മഞ്ജു, ഡോൺ പി. രാജ്, പുനലൂർ അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ ബി എസ് ഷിജു, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
*ലോക ഹൃദയദിനം: സി പി ആർ പരിശീലനവുമായി ആരോഗ്യ വകുപ്പ്*
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ലോക ഹൃദയ ദിനമായ സെപ്റ്റംബർ 29ന് രാവിലെ 10 ന് പൊതുജനങ്ങൾ, ഫയർ സ്റ്റേഷൻ ജീവനക്കാർ, ജിം നടത്തിപ്പുകാർ, റെയിൽവേ ജീവനക്കാർ, ടൂറിസ്റ്റ് ഗൈഡുകൾ, വനം വകുപ്പ് ജീവനക്കാർ, ഓട്ടോ ടാക്സി തൊഴിലാളികർ, മാധ്യമ പ്രവർത്തകർ, ആശുപത്രി ജീവനക്കാർ, മത്സ്യതൊഴിലാളികൾ എന്നിവർക്കായി സി പി ആർ പരിശീലനം നൽകുന്നു. ജില്ലയിൽ സിവിൽ സ്റ്റേഷൻ, പ്രസ് ക്ലബ്, എ ആർ ക്യാമ്പ്, ഫയർ സ്റ്റേഷൻ, ജില്ലാ ഡി.വി.സി യൂണിറ്റ്, റെയിൽവേ സ്റ്റേഷൻ, ശക്തികുളങ്ങര ഹാർബർ, അഞ്ചാലുംമൂട്, തെന്മല പാലരുവി, കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷൻ, കുളക്കട സി എച്ച് സി, മേലില കുടുംബാരോഗ്യ കേന്ദ്രം, പാരിപ്പള്ളി മെഡിക്കൽ കോളജ് എന്നിവടങ്ങളിലാണ് പരിശീലനം നൽകുക.
ഐ എം എ, കെ ജി എം ഓ എ, ജില്ലയിലെ വിവിധ ആശുപത്രികൾ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്. ശ്വസനം/ ഹൃദയമിടിപ്പ് നിലച്ചതോ ആയ ഒരാളുടെ രക്തചംക്രമണവും ശ്വസനവും പുനഃസ്ഥാപിക്കാൻ സി പി ആറിന് കഴിയും. ഹൃദയസ്തംഭനത്തിന് ശേഷം അതിജീവന സാധ്യത ഇരട്ടിയോ മൂന്നിരട്ടിയോ വർധിപ്പിക്കാം. പ്രൊഫഷണൽ വൈദ്യസഹായം എത്തുന്നതുവരെ സി പി ആർ സുപ്രധാന പിന്തുണ നൽകും. ഗുരുതര സാഹചര്യങ്ങളായ ഹൃദയസ്തംഭനം, മുങ്ങിമരണം, ശ്വാസംമുട്ടൽ, ശ്വാസംമുട്ടൽ മൂലം ഒരാൾ പ്രതികരിക്കുന്നില്ലെങ്കിൽ, ഗുരുതരമായ പരിക്കുള്ളപ്പോൾ എല്ലാം ഒരു വ്യക്തിയെ പുനരുജ്ജീവിപ്പിക്കുന്നതിൽ സി പി ആർ നിർണായകമായതിനാലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.
*വയോജനങ്ങൾക്കായി ജില്ലാ പഞ്ചായത്തിന്റെ സീനിയേഴ്‌സ് സെന്റര്‍; ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു*
ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സീനിയേഴ്സ് സെന്റര്‍ ജില്ലാതല ഉദ്ഘാടനം ശാസ്താംകോട്ട ഇ.എം.എസ് ഗ്രന്ഥശാലയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപൻ നിർവഹിച്ചു. വയോജനങ്ങൾക്ക് സന്തോഷവും ആത്മവിശ്വാസവും തിരിച്ചുപിടിക്കാനുള്ള ഇടമായി സീനിയേഴ്‌സ് സെന്ററുകൾ മാറുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായ വയോജനങ്ങളുടെ കൂട്ടായ്മ ഗ്രന്ഥശാലകള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടത്തില്‍ ഒരു ഡിവിഷനില്‍ ഒരു സെന്റര്‍ വീതമാണ് രൂപീകരിക്കുന്നത്. സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരമുള്ളതും വയോജനകൂട്ടായ്മ ഒരുക്കാന്‍ സ്ഥലസൗകര്യമുള്ള ഗ്രന്ഥശാലകളെയാണ് പരിഗണിക്കുന്നത്.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ എസ്. കല്ലേലിഭാഗം അധ്യക്ഷനായി. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ആർ. സുന്ദരേശൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.ഗീത, ഇഎംഎസ് ലൈബ്രറി പ്രസിഡന്റ് വി. അജയകുമാർ, സെക്രട്ടറി യാസീൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി റ്റി.കെ.സയൂജ, കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ആര്‍.എസ്.അനില്‍, സെക്രട്ടറി എസ്.ശശികുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തുണ്ടില്‍ നൗഷാദ്, ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് അംഗം എസ്. നസീമ ബീവി തുടങ്ങിയവർ പങ്കെടുത്തു.













