*മലയാളദിനോഘോഷം നവംബര്‍ ഒന്നിന്*

Keralanewsmedia

*മലയാളദിനോഘോഷം നവംബര്‍ ഒന്നിന്*

PRESS RELEASE 28/10/2025

*മലയാളദിനോഘോഷം നവംബര്‍ ഒന്നിന്*

മലയാളഭാഷയോടുള്ള മമതനിലനിര്‍ത്തുന്നതിനൊപ്പം പ്രയോഗസ്ഫുടത ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാര്‍തലത്തില്‍നടത്തുന്ന മലയാളദിനാഘോഷവും ഭരണഭാഷാ വാരാഘോഷത്തിനും നവംബര്‍ ഒന്നിന് തുടക്കമാകും. ജില്ലാതല ഉദ്ഘാടനം രാവിലെ 11ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് നിര്‍വഹിക്കും. അധ്യാപകനും ഗ്രന്ഥകര്‍ത്താവും ഗാനനിരൂപകനുമായ ഡോ. സജിത്ത് ഏവൂരേത്ത് മുഖ്യാതിഥി ആകും. എ. ഡി. എം ജി നിര്‍മല്‍കുമാര്‍ അധ്യക്ഷനാകും. ഐപിആര്‍ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ എസ് ശൈലേന്ദ്രന്‍, കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ ആര്‍ വിമല്‍ ചന്ദ്രന്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ടോജോ ജേക്കബ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍ ഹേമന്ത് കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. വാരാഘോഷത്തിന്റെ ഭാഗമായി പ്രഭാഷണങ്ങള്‍, പ്രശ്‌നോത്തരി ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടത്തും.

 (പി.ആര്‍.കെ നമ്പര്‍ 3207/2025)  

*വിഷന്‍ 2031 സെമിനാര്‍; തൊഴിലാളികള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ്*

വിഷന്‍ 2031 ന്റെ ഭാഗമായ തൊഴിലും നൈപുണ്യവും വകുപ്പ് സംസ്ഥാനതല സെമിനാറിന്റെ പ്രചരണാര്‍ഥം ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ജില്ലാ ലേബര്‍ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ നഗരത്തിലെ തൊഴിലാളികള്‍ക്കായി ചിന്നക്കട ഡോക്ടേഴ്‌സ് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ ക്ലബില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. മേയര്‍ ഹണി ഉദ്ഘാടനം ചെയ്തു. ത്വക്ക്, കണ്ണ്, എല്ല്, ഇ.എന്‍.ടി, ജനറല്‍ വിഭാഗം പരിശോധനകളാണ് നടത്തിയത്. വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ജീവിതശൈലിരോഗ പരിശോധനയും ലഭ്യമാക്കി. സൗജന്യ മരുന്ന്‌വിതരണവും നടത്തി. 200 തൊഴിലാളികള്‍ പങ്കെടുത്തു.

റീജയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ എം ജി സുരേഷ് അധ്യക്ഷനായി. കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സി.ഇ.ഒ എ ബിന്ദു, ജില്ലാ ലേബര്‍ ഓഫീസിനെ പ്രതിനിധീകരിച്ച് സുജിത് ലാല്‍, എ സനല്‍ സലാം, മെഡിക്കല്‍ ഓഫീസര്‍ ഡോ. സാംസാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.കെ നമ്പര്‍ 3208/2025)  

*വിഷന്‍ 2031: തൊഴില്‍ - നൈപുണ്യ വികസന സെമിനാര്‍ പ്രചരണ പരിപാടികള്‍*

വിഷന്‍ 2031 തൊഴില്‍ - നൈപുണ്യവികസന സംസ്ഥാനതല സെമിനാറിന്റെ ഭാഗമായി ഒക്ടോബര്‍ 29ന് നീണ്ടകര ഫിഷിംഗ് ഹാര്‍ബര്‍ തൊഴിലാളികള്‍ പങ്കെടുക്കുന്ന വിളംബര ജാഥ വൈകിട്ട് നാലിന് നീണ്ടകരയില്‍ മത്സ്യഫെഡ് ചെയര്‍മാന്‍ ടി മനോഹരന്‍ ഉദ്ഘാടനം ചെയ്യും.

(പി.ആര്‍.കെ നമ്പര്‍ 3209/2025)  

*വെളിയം ഫെസ്റ്റ് : വിറ്റുവരവ് 4,56,720 രൂപ*

വെളിയം പ്രദര്‍ശന-വിപണന മേളയിലൂടെ കുടുംബശ്രീ നേടിയത് 4,56,720 രൂപയുടെ വിറ്റുവരവ്. സമഗ്ര കൊട്ടാരക്കര പദ്ധതിയുടെ ഭാഗമായി വെളിയം ഗ്രാമപഞ്ചായത്തും കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായാണ് സംഘടിപ്പിച്ചത്. 30 കുടുംബശ്രീ സംരംഭക യൂണിറ്റുകള്‍ പങ്കെടുത്തു. തലവൂര്‍ പില്ലീസ് ഫുഡ്‌സ്, ഇളമാട് ഹണി ഡ്രോപ്‌സ് യൂണിറ്റുകളാണ് വിറ്റുവരവില്‍ മുന്നില്‍.

കൈത്തറി വസ്ത്രങ്ങള്‍, മറ്റ് തുണിത്തരങ്ങള്‍, നെറ്റിപ്പട്ടം മുതലായ അലങ്കാരവസ്തുക്കള്‍, കരകൗശല വസ്തുക്കള്‍, ചെറുധാന്യങ്ങള്‍, തേന്‍, ഇവയുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍, പലഹാരങ്ങള്‍, സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍, വെളിയം ജെ.എല്‍.ജി യൂണിറ്റുകളുടെ കാര്‍ഷികവിളവുകള്‍ എന്നിവ കൊണ്ട് സമ്പുഷ്ടമായിരുന്നു മേള. കുടുംബശ്രീ കണ്‍സോര്‍ഷ്യം കറി പൗഡറുകള്‍ സംരംഭകരും വിവിധ ഭക്ഷണവിഭവങ്ങള്‍ കഫെ യൂണിറ്റുകളും ഒരുക്കിയിരുന്നു.

ഓടനാവട്ടം ജംഗ്ഷനില്‍ സംഘടിപ്പിച്ച മേളയില്‍ കുടുംബശ്രീ കലാസന്ധ്യ അരങ്ങേറി. സാംസ്‌കാരിക കലാസന്ധ്യ കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അഭിലാഷ് ഉദ്ഘാടനം ചെയ്തു. വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ പ്രശാന്ത് അധ്യക്ഷനായി. 'കേരളം - ഇന്നലെ, ഇന്ന്, നാളെ' വിഷയത്തില്‍ കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എ ബിന്ദു അവതരണം നടത്തി. പി കെ അനില്‍കുമാര്‍ മുഖ്യപ്രഭാഷകനായി. ശ്രീനാരായണ കോളേജ് അസോസിയേറ്റ് പ്രൊഫ. ഡോ. പി നിത്യ വിശ്വം ക്രോഡീകരണം നടത്തി.

(പി.ആര്‍.കെ നമ്പര്‍ 3210/2025)  

*അധ്യാപക കൗണ്‍സിലര്‍ പരിശീലനത്തിന് തുടക്കമായി*

  'അധ്യാപകര്‍ ഒരു പ്രാഥമിക കൗണ്‍സിലര്‍' പദ്ധതിയുടെ പരിശീലനം ജില്ലയില്‍ ആരംഭിച്ചു. ഉദ്ഘാടനം അഞ്ചാലുംമൂട് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മേയര്‍ ഹണി നിര്‍വഹിച്ചു. മൂന്നു ദിവസമാണ് പരിശീലനം. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, സാമൂഹിക ക്ഷേമ വകുപ്പ്, സ്‌കൂള്‍ കൗണ്‍സിലേഴ്‌സ് എന്നിവര്‍ അടങ്ങുന്ന 328 പേര്‍ക്കായാണ് പരിശീലനം. 18 മാസ്റ്റര്‍ ട്രൈനേഴ്‌സ് ആണ് നയിക്കുന്നത്.

ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.ഐ. ലാല്‍, കോഡിനേറ്റര്‍ ജി ആര്‍ അഭിലാഷ് എന്നിവര്‍ നേതൃത്വം നല്‍കി. കൊല്ലം വിദ്യാഭ്യാസ ഉപജില്ല ഡെപ്യൂട്ടി ഡയറക്ടര്‍ സുനിത അധ്യക്ഷയായി. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ രഞ്ജിനി, കരിയര്‍ ഗൈഡന്‍സ് ജില്ലാ കോഡിനേറ്റര്‍ മാത്യു എബ്രഹാം, ഹൈസ്‌കൂള്‍ പ്രഥമാധ്യാപിക സജിത തുടങ്ങിയവര്‍ പങ്കെടുത്തു.  

വിദ്യാര്‍ഥിക്ക് സമഗ്രമായപിന്തുണ നല്‍കുക, മാനസികപ്രശ്‌നങ്ങള്‍ പ്രാഥമികഘട്ടത്തില്‍ തിരിച്ചറിയാനും പരിഹരിക്കാനും അധ്യാപകരെ സജ്ജരാക്കുക, കുട്ടികള്‍ക്ക് ഭയംകൂടാതെ പ്രശ്‌നങ്ങള്‍ തുറന്നുപറയാന്‍ കഴിയുന്ന, വിശ്വാസ്യതയും സൗഹൃദപരവുമായ അന്തരീക്ഷവും ക്ലാസ് മുറികളില്‍ സൃഷ്ടിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

(പി.ആര്‍.കെ നമ്പര്‍ 3211/2025)  

*ആദിവാസി ഉന്നതികളില്‍ ടിബി/ എച്ച് ഐ വി ബോധവത്ക്കരണം*

ടിബി മുക്ത് ഭാരത് ലക്ഷ്യം കൈവരിക്കുന്നതിന് ‘എല്ലാ കവലകള്‍ തോറും ടിബി / എച്ച് ഐ വി ബോധവത്കരണം' ക്യാമ്പയിന്‍ കടമാന്‍കോട്, കുളത്തൂപ്പുഴ എന്നിവിടങ്ങളില്‍ സംഘടിപ്പിച്ചു. ജില്ലാ ടിബി/എച്ച് ഐ വി നിയന്ത്രണ ഓഫീസര്‍ ഡോ. എം സാജന്‍ മാത്യൂസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി. ആര്‍ സന്തോഷ്‌കുമാര്‍ അധ്യക്ഷനായി. മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്യ, ടിബി കോര്‍ഡിനേറ്റര്‍ ജി.ശങ്കര്‍, എച്ച് എസ് സന്തോഷ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അരുണ്‍ കുമാര്‍, ബോബി ചെറിയാന്‍ , ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നസീം ഖാന്‍, എസ് ടി എസ് ആര്‍ അനന്ദു ഗോപാല്‍, ആശാ പ്രവര്‍ത്തകര്‍, എം എല്‍ എസ് പി ജീവനക്കാര്‍, ഊരുമൂപ്പ•ാരായ അപ്പുകുട്ടന്‍ കാണി, രതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.കെ നമ്പര്‍ 3212/2025)  

*ചിറ്റുമല ബ്ലോക്കില്‍ തൊഴില്‍ മേള 30 ന്* 

ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് മെഗാ തൊഴില്‍മേള ഒക്ടോബര്‍ 30ന് രാവിലെ ഒമ്പതിന് ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ.ടി.ഐയില്‍ നടക്കും. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി ദിനേശ് അധ്യക്ഷനാവും. നൂറിലധികം കമ്പനികള്‍ പങ്കെടുക്കും.

(പി.ആര്‍.കെ നമ്പര്‍ 3213/2025)  

*ഉത്സവ മേഖല*

  ചവറ പൊ•ന കാട്ടില്‍ മേക്കതില്‍ ശ്രീദേവി ക്ഷേത്രത്തിലെ വൃശ്ചക മഹോത്സവത്തോടനുബന്ധിച്ച് നവംബര്‍ 17 മുതല്‍ 28 വരെ ക്ഷേത്രവും അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള പരിസര പ്രദേശങ്ങളും ഉത്സവമേഖലയായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.

ഉത്സവാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഹരിതചട്ടം കര്‍ശനമായി പാലിക്കണം. ഭക്ഷ്യസുരക്ഷ, ശബ്ദ-പരിസര മലിനീകരണം തുടങ്ങിയ വിഷയങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ കര്‍ശനനടപടി സ്വീകരിക്കണം. ക്രമസമാധാനപാലനത്തിനും ഗതാഗതനിയന്ത്രണത്തിനും ആവശ്യമായ പോലീസ് സേനയെ നിയോഗിക്കും. മദ്യവില്പനയും നിരോധിത ലഹരിവസ്തുക്കളുടെ വില്പനയും ഇല്ലെന്ന് എക്സൈസ് കമ്മീഷണര്‍ ഉറപ്പുവരുത്താനും നിര്‍ദേശിച്ചു.

(പി.ആര്‍.കെ നമ്പര്‍ 3214/2025)  

*കുളത്തൂപ്പുഴയിലെ ഉന്നതികളില്‍ സഞ്ചരിക്കുന്ന റേഷന്‍ കട*

  കുളത്തൂപ്പുഴ പഞ്ചായത്തിലെ പെരുവഴിക്കാല, വില്ലുമല, രണ്ടാം മൈല്‍/ കൊളമ്പി ഉന്നതികളില്‍ സഞ്ചരിക്കുന്ന റേഷന്‍കട ഫ്‌ളാഗ് ഓഫ് പി എസ് സുപാല്‍ എം.എല്‍.എ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ നിര്‍വഹിച്ചു. പദ്ധതി പ്രകാരം എല്ലാ മാസവും അമ്പതേക്കറിലുള്ള റേഷന്‍ ഡിപ്പോയില്‍ നിന്നും റേഷന്‍ സാധനങ്ങള്‍ വാഹനം മുഖേന ഉന്നതികളില്‍ ലഭ്യമാക്കും. ഉള്‍വനപ്രദേശങ്ങളില്‍ വസിക്കുന്ന ഗോത്രവര്‍ഗ വിഭാഗത്തില്‍പെട്ട കുടുംബങ്ങള്‍ക്ക് റേഷന്‍ വാങ്ങുന്നതിനുള്ള യാത്രാ ക്ലേശവും തലച്ചുമടായി ഉന്നതികളിലേക്ക് എത്തിക്കുന്നതിനും ഇതോടെ പരിഹാരം ആകും. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈലാ ബീവി, ജില്ലാ പഞ്ചായത്ത് അംഗം കെ അനില്‍ കുമാര്‍, കുളത്തൂപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. തുഷാര, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റീന ഷാജഹാന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്. അജിത, പി. ജയകൃഷ്ണന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ ജി എസ് ഗോപകുമാര്‍, പുനലൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ പി. ചിത്ര തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.കെ നമ്പര്‍ 3215/2025)  

*അഭിമുഖം*

ചന്ദനത്തോപ്പ് സര്‍ക്കാര്‍ ബേസിക് ട്രെയിനിംഗ് സെന്ററില്‍ വിവിധ ട്രേഡുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. തസ്തികകളും യോഗ്യതയും:

ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കല്‍ പ്ലാന്റ്)- പട്ടികജാതി വിഭാഗക്കാരായിരിക്കണം. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി / എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ കെമിക്കല്‍ / പെട്രോ കെമിക്കല്‍ ടെക്നോളജി /എഞ്ചിനീയറിംഗും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഡിഗ്രി ഇന്‍ കെമിക്കല്‍/ പെട്രോ കെമിക്കല്‍ ടെക്നോളജി / എഞ്ചിനീയറിംഗും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും.

കാറ്ററിംഗ് ആന്‍ഡ് ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് - ഒ.സി, ഇ/ബി/ടി വിഭാഗക്കാരായിരിക്കണം. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി / എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമോ അല്ലെങ്കില്‍ ഹോട്ടല്‍ മാനേജ്മെന്റ്/ കാറ്ററിംഗ് ടെക്നോളജിയില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമോ അല്ലെങ്കില്‍ ഹോട്ടല്‍ മാനേജ്മെന്റ് / കാറ്ററിംഗ് ടെക്നോളജിയില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കല്‍ പ്ലാന്റ്) തസ്തികയിലേക്കുള്ള അഭിമുഖം ഒക്‌ടോബര്‍ 31 രാവിലെ 11നും, കാറ്ററിംഗ് ആന്‍ഡ് ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് ഒഴിവിലേക്കുള്ള അഭിമുഖം ഉച്ചയ്ക്ക് രണ്ടിനും നടത്തും. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം പങ്കെടുക്കണം. ഫോണ്‍: 0474 2713099.

(പി.ആര്‍.കെ നമ്പര്‍ 3216/2025)  

 *ഭിന്നശേഷി സംവരണനിയമനം; വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണം*

സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണനിയമനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് യോഗ്യരായവരുടെ വിവരം https://samanwaya.kite.kerala.gov.in ല്‍ പ്രസിദ്ധപ്പെടുത്തി. ഉദ്യോഗാര്‍ഥികള്‍ക്ക് മൊബൈല്‍ നമ്പറില്‍ ലഭ്യമായ വിവരങ്ങള്‍ ഉപയോഗിച്ച് നവംബര്‍ ഏഴിനകം ലോഗിന്‍ ചെയ്ത് പ്രൊഫൈല്‍ അപ്‌ഡേറ്റ് ചെയ്യണം. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളും അപ്ലോഡ് ചെയ്ത് ഒഴിവ് വിവരങ്ങള്‍ പരിശോധിച്ച് ഓപ്ഷന്‍ ക്രമപ്രകാരം നല്‍കേണ്ടതാണ്. സാങ്കേതിക സഹായത്തിനായി അടുത്തുള്ള ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനെ സമീപിക്കാം. ഫോണ്‍: 0474 2792957, 9633366670.

(പി.ആര്‍.കെ നമ്പര്‍ 3217/2025)  

  

*കോഴ്‌സ് പ്രവേശനം*

കുളക്കട അസാപ് കേരളയില്‍ ജി.എസ്.ടി യൂസിംഗ് ടാലി കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. വിവരങ്ങള്‍ക്ക് www.asapkerala.gov.in ഫോണ്‍: 9495999672.

(പി.ആര്‍.കെ നമ്പര്‍ 3218/2025)  

*പരിശീലനം*

 കൊട്ടാരക്കരയിലെ കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലന പരിപാടികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പേപ്പര്‍ബാഗ് നിര്‍മാണം (12 ദിവസം), ഫാസ്റ്റ് ഫുഡ് നിര്‍മാണം (12 ദിവസം), സിസിടിവി ഇന്‍സ്റ്റാളേഷന്‍ ആന്‍ഡ് സര്‍വീസിംഗ് (13 ദിവസം), കൂണ്‍കൃഷി (10 ദിവസം), മൊബൈല്‍ ഫോണ്‍ സര്‍വീസിംഗ് (30 ദിവസം), ഫോട്ടോഗ്രാഫി ആന്‍ഡ് വീഡിയോഗ്രാഫി (31 ദിവസം), ഫാഷന്‍ ഡിസൈനിംഗ് (31 ദിവസം), പാവ, നെറ്റിപ്പട്ട നിര്‍മാണം (14 ദിവസം), അച്ചാര്‍, മസാല പൊടി, വിവിധയിനം പലഹാര നിര്‍മാണം (20 ദിവസം) എന്നിവയാണ് പരിശീലനങ്ങള്‍.

അപേക്ഷകര്‍ 18 നും 49നും ഇടയില്‍ പ്രായമുള്ളവരും സ്വന്തമായി സംരംഭം നടത്താന്‍ താല്‍പര്യമുള്ളവരായിരിക്കണം. ബി.പി.എല്‍ വിഭാഗം, കുടുംബശ്രീ എന്നിവര്‍ക്ക് മുന്‍ഗണന. പരിശീലനം, ഭക്ഷണം, താമസം തുടങ്ങിയവ സൗജന്യം. പേര്, മേല്‍വിലാസം, പ്രായം, ഫോണ്‍നമ്പര്‍ സഹിതം ഡയറക്ടര്‍, കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട്, പി.എം ജവാഹര്‍ നവോദയ വിദ്യാലയത്തിനു സമീപം, ഇറ്റിസി പി.ഒ. കൊട്ടാരക്കര, പിന്‍ - 691531 വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 0474-2537141, 9495245002.

(പി.ആര്‍.കെ നമ്പര്‍ 3219/2025)  

*ഇന്റര്‍നാഷണല്‍ ഡിപ്ലോമ*    

ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐ.ടി.ഐയില്‍ പ്ലസ്ടു, ഡിഗ്രി യോഗ്യതയുളളവര്‍ക്ക് ഇന്റര്‍നാഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോണ്‍: 7907853246.

(പി.ആര്‍.കെ നമ്പര്‍ 3220/2025)  

*സ്‌പോട്ട് അഡ്മിഷന്‍*  

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ ആന്‍ഡ് ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. എസ്.എസ്.എല്‍.സി, ആധാര്‍, പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ഒക്‌ടോബര്‍ 31 രാവിലെ 10ന് എത്തണം. ഫോണ്‍: 7736220294, 7907114230.

(പി.ആര്‍.കെ നമ്പര്‍ 3221/2025)