*കശുവണ്ടി തൊഴിലാളികളുടെ മക്കൾക്ക് ഉപഹാരവും ക്യാഷ് അവാർഡും നൽകി ആദരിച്ചു*
Keralanewsmedia
കാഷ്യു കോർപ്പറേഷൻ ‘മികവ് 2025’
*കശുവണ്ടി തൊഴിലാളികളുടെ മക്കൾക്ക് ഉപഹാരവും ക്യാഷ് അവാർഡും നൽകി ആദരിച്ചു*
ചിത്രം - സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ്റെ ‘മികവ്’ 2025 വിദ്യാഭ്യാസ അവാർഡുകളുടെ വിതരണം ചെയർമാൻ എസ് ജയമോഹൻ നിർവഹിക്കുന്നു
കൊല്ലം : ആനന്ദക്കണ്ണീർ കാഴ്ച മറച്ച ചടങ്ങിൽ സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ്റെ ‘മികവ്’ 2025 വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ അവാർഡ് വിതരണം ഉദ്ഘാടനം ചെയ്തു. കശുവണ്ടി വികസന കോർപറേഷൻ തൊഴിലാളികളുടെ മക്കളിൽ വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2016 മുതൽ നടപ്പാക്കിയ സാന്ത്വനം പദ്ധതിയിലൂടെ 881 തൊഴിലാളികളുടെ മക്കൾക്ക് ധനസഹായമായി 36.25 ലക്ഷം രൂപ വിതരണം ചെയ്യാൻ കഴിഞ്ഞത് ചരിത്ര നേട്ടമാണെന്നും എസ് ജയമോഹൻ അഭിപ്രായപ്പെട്ടു.
കാഷ്യൂ കോർപ്പറേഷൻ ഭരണസമിതി 2016 മുതൽ നടപ്പിലാക്കിവരുന്ന പദ്ധതിയാണ് ‘ മികവ് ’ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികൾക്കും എം.ബി.ബി.എസിന് അഡ്മിഷൻ ലഭിക്കുന്ന കുട്ടികൾക്കുമാണ് ഉപഹാരങ്ങളും ക്യാഷ് അവാർഡും നൽകി വരുന്നത്. ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികൾക്ക് 5000 രൂപ വീതവും, എം.ബി.ബി.എസ് ന് അഡ്‌മിഷൻ നേടുന്ന കുട്ടികൾക്ക് 25,000 രൂപ വീതവുമാണ് സഹായം നൽകുന്നത്.
ഈ കാലയളവിൽ 14 കുട്ടികൾക്ക് എം.ബി.ബി.എസി ന് ഇ എസ് ഐ മെഡിക്കൽ കോളേജുകളിൽ അഡ്‌മിഷൻ നേടിയെടുക്കാൻ സഹായിക്കുകയും അവർക്ക് പഠനസഹായം എന്ന നിലയിൽ ക്യാഷ് അവാർഡും നൽകി വരുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു ഫുൾ എ പ്ലസ് വാങ്ങുന്ന കുട്ടികൾക്ക് ധനസഹായമായി നൽകിവന്നിരുന്ന 1000 രൂപ 5000 രൂപയായി ഉയർത്തി.
പ്ലസ് ടു വിന് ഫുൾ എ പ്ലസ് വാങ്ങിയ 125 കുട്ടികൾക്കും, എസ്.എസ്.എൽ.സി ക്ക് ഫുൾ എ പ്ലസ് വാങ്ങിയ 612 കുട്ടികൾക്കും 5000 രൂപ വീതം നൽകി. സിബിഎസ്ഇ, ഐസിഎസ്ഇയിൽ ഉന്നത വിജയം നേടിയ 6 കുട്ടികൾക്കും, പട്ടിക വിഭാഗത്തിൽ നിന്നും എസ്.എസ്.എൽ.സി ക്ക് ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച 45 കുട്ടികൾക്കും, പ്ലസ് ടു വിന് ഉന്നത വിജയം നേടിയ പട്ടിക വിഭാഗത്തിൽപ്പെട്ട 26 കുട്ടികൾക്കും ഐഐടി / എൻ ഐ ടി എന്നിവിടങ്ങളിൽ അഡ്‌മിഷൻ ലഭിച്ച 11 കുട്ടികൾക്കും, എം.ബി.ബി.എസിന് അഡ്മിഷൻ ലഭിച്ച 14 കുട്ടികൾക്കും, കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും വിവിധ വിഷയങ്ങളിൽ റാങ്ക് നേടിയ 5 കുട്ടികൾക്കും ഉൾപ്പെടെ 881 തൊഴിലാളികളുടെ മക്കൾക്കാണ് ഒമ്പതര വർഷക്കാലം കൊണ്ട് ഈ നിലയിൽ പ്രോത്സാഹന അവാർഡ് നൽകി ആദരിച്ചത്.
യോഗത്തിൽ കൊമേഴ്സ്യൽ മാനേജരും സാന്ത്വനം പ്രസിഡൻ്റുമായ വി ഷാജി അധ്യക്ഷത വഹിച്ചു. പേഴ്സണൽ മാനേജരും സാന്ത്വനം സെക്രട്ടറിയുമായ അജിത്.എസ് സ്വാഗതവും, എക്സിക്യൂട്ടീവ് അംഗം സിബി ബിഎൻ നന്ദിയും പറഞ്ഞു. കോർപ്പറേഷൻ ഡയറക്‌ടർ ബോർഡ് മെമ്പറൻമാരായ ജി. ബാബു, ബി. സുചീന്ദ്രൻ, അഡ്വ. ശൂരനാട് എസ്. ശ്രീകുമാർ, സജി ഡി. ആനന്ദ്, പ്രൊഡക്ഷൻ മാനേജർ എ ഗോപകുമാർ, ഫിനാൻസ് മാനേജർ രാജാശങ്കരപ്പിള്ള, സിഡിസി സാന്ത്വനം എക്സിക്യൂട്ടീവ് അംഗങ്ങൾ, ജീവനക്കാർ, തൊഴിലാളികൾ എന്നിവരും സംബന്ധിച്ചു.













