*തുല്യതാ പഠിതാക്കൾക്കുള്ള ബിരുദ പഠന ക്ലാസ്സിന്റെ ഉദ്‌ഘാടനം നിർവഹിച്ചു*
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
*തുല്യതാ പഠിതാക്കൾക്കുള്ള ബിരുദ പഠന ക്ലാസ്സിന്റെ ഉദ്‌ഘാടനം നിർവഹിച്ചു*
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ സംസ്ഥാന സാക്ഷരതാമിഷൻ സംഘടിപ്പിക്കുന്ന ഹയർ സെക്കന്ററി തുല്യതാ പഠിതാക്കൾക്കുള്ള ജില്ലാതല ബിരുദ പഠന ക്ലാസ് , ന്യൂ ഇന്ത്യ ലിറ്ററസി പദ്ധതിയുടെ ക്ലാസ്സുകളുടെ ആരംഭം, ഹയർ സെക്കന്ററി തുല്യതാ കോഴ്സ് എന്നിവയുടെ ഉദ്‌ഘാടനം ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വെർച്ച്വൽ ഹാളിൽ നടന്ന ചടങ്ങിൽ മുതിർന്ന തുല്യതാ പഠിതാക്കളെ ആദരിച്ചു.
വിവിധ മേഖലകളിൽ നിന്നുമുള്ള സാധാരണക്കാർക്ക് തുല്യതാ പരീക്ഷ മുഖേന പത്താം തരം പൂർത്തിയാക്കുവാൻ കഴിഞ്ഞതിലൂടെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. അതിൽനിന്നും ഉന്നതവിദ്യാഭ്യാസ മേഖലയിലേക്ക് കടക്കുന്നത് അഭിമാനകരമായ മുന്നേറ്റം തന്നെയാണെന്നും അതിനുവേണ്ടി വലിയ കാൻവാസാണ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സഹായത്തോടെ സാക്ഷരതാമിഷൻ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സർവകലാശാല വൈസ് ചാൻസലർ ഡോ. വി. പി. ജഗതിരാജ് മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ പഠിതാക്കൾക്കായി അസി.പ്രൊഫസർ ഡോ. മുഹ്സിന താഹയുടെ നേതൃത്വത്തിൽ പഠന കോഴ്സുകളുടെ ഓറിയന്റേഷൻ ക്ലാസുകൾ നടത്തി. മുതിർന്ന പഠിതാക്കൾക്ക് ബിരുദ പഠനത്തിനുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ബിരുദ പഠന ക്ലാസ്സിലേക്ക് 127 പഠിതാക്കളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജില്ലയിൽ വിവിധ കലാലയങ്ങളിലായി അഞ്ച് ലേണിംഗ് സെൻ്ററുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ആർ സലൂജ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത എസ്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം. ജലീൽ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, സാക്ഷരതാമിഷൻ ഡയറക്ടർ എ ജി ഒലീന, അസി. ഡയറക്ടർ ഡോ. ലിജോ പി ജോർജ്, അസിസ്റ്റൻ്റ് പ്രോജക്ട് കോ-ഓർഡിനേറ്റർ ഡോ.പി.മുരുദാസ്, ജില്ലാ കോ-ഓർഡിനേറ്റർ നിർമ്മല റേച്ചൽ ജോയ് തുടങ്ങിയവർ പങ്കെടുത്തു.













