സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതിയുടെ മാനദണ്ഡങ്ങൾ പുറത്തിറക്കി സർക്കാർ: പെൻഷന് ആർക്കൊക്കെ അപേക്ഷിക്കാം ? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

Keralanewsmedia

സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതിയുടെ മാനദണ്ഡങ്ങൾ പുറത്തിറക്കി സർക്കാർ: പെൻഷന് ആർക്കൊക്കെ അപേക്ഷിക്കാം ?  അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

തിരുവനന്തപുരം: തദ്ദേശ

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾക്ക് മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതിയുടെ മാനദണ്ഡങ്ങൾ പുറത്തിറക്കി സർക്കാർ.സാമൂഹ്യക്ഷേമ പദ്ധതികളിൽ ഗുണഭോക്താക്കൾ അല്ലാത്ത പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്കും ട്രാൻസ് വനിതകൾക്കും പ്രതിമാസം 1000 രൂപ വീതം ലഭിക്കും.

35 മുതൽ 60 വയസ്സ് വരെയുള്ള, എഎവൈ (മഞ്ഞക്കാർഡ്), പിഎച്ച്എച്ച് ( പിങ്ക് കാർഡ്) വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം.

പൊതു മാനദണ്ഡങ്ങൾ

1. അപേക്ഷകർ മറ്റ് സാമൂഹ്യ ക്ഷേമ പദ്ധതികളിൽ ഒന്നും തന്നെ ഗുണഭോക്താക്കൾ ആകാത്തവരും അന്ത്യോദയ അന്നയോജനയിലും [എഎവൈ- മഞ്ഞ കാർഡ് മുൻഗണനാ വിഭാഗത്തിലുംപിഎച്ച്എച്ച - പിങ്ക് കാർഡ്) ഉൾപ്പെടുന്നവരുമായ 35 നും 60 നും ഇടയിൽ പ്രായമുള്ള ട്രാൻസ് വുമൺ അടക്കമുള്ള സ്ത്രീകൾ ആയിരിക്കണം.

2. പ്രസ്തുത പ്രായപരിധി കടക്കുന്ന ദിവസം മുതൽ ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല.

3. സംസ്ഥാനത്തു സ്ഥിരതാമസം ഉള്ളവർക്ക് മാത്രമായിരിക്കും ആനുകൂല്യം ലഭിക്കുന്നത്.

4. പദ്ധതിയുടെ പ്രതിമാസ അനുകൂല്യം 1000 രൂപ (ആയിരം രൂപ) ആയിരിക്കും.

5. വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ, വികലാംഗ പെൻഷൻ മുതലായ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെൻഷനുകൾ, വിവിധ തരം സർവീസ് പെൻഷനുകൾ, കുടുംബ പെൻഷൻ, ക്ഷേമ നിധി ബോർഡുകളിൽ നിന്നുള്ള കടുംബപെൻഷൻ, ഇപിഎഫ് പെൻഷൻ മുതലായവ ലഭിക്കുന്നവർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതല്ല.

6. സംസ്ഥാനത്തിനകത്ത് നിന്നും താമസം മാറുകയോ, കേന്ദ്ര/സംസ്ഥാന സർക്കാർ സർവീസ്, കേന്ദ്ര/സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ, പദ്ധതികൾ, സർവ്വകലാശാലകൾ, മറ്റ് സ്വയം ഭരണ/ഗ്രാന്റ് ഇൻ എയ്‌ഡ് സ്ഥാപനങ്ങൾ എന്നിവയിൽ സ്ഥിരം/കരാർ നിയമനം ലഭിക്കുകയോ ചെയ്യുന്നതോട് കൂടി അനുകൂല്യത്തിനുള്ള അർഹത ഇല്ലാതാകുന്നതാണ്.

7. അന്ത്യോദയ അന്നയോജന, മുൻഗണനാ റേഷൻ കാർഡുകൾ

നീല, വെള്ള റേഷൻ കാർഡുകൾ ആയി തരം മാറ്റപ്പെടുന്ന പക്ഷം പദ്ധതി ആനുകൂല്യത്തിനുള്ള അർഹത ഇല്ലാതാകുന്നതാണ്.

8. ഗുണഭോക്താവ് മരണപ്പെട്ടതിനു ശേഷമുള്ള ആനുകൂല്യത്തിന് അവകാശികൾക്ക് അർഹത ഉണ്ടായിരിക്കുന്നതല്ല.

9. എല്ലാ ഗൂണഭോക്താക്കളും പദ്ധതി മാനദണ്ഡങ്ങളുടെ പരിധിയിൽ വരുന്നുണ്ടെന്ന് കാണിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സത്യപ്രസ്താവന നൽകേണ്ടതാണ്.

10. ഗുണഭോക്താവ് ഒരു മാസമോ അതിലധികമോ കാലം റിമാൻഡ് ചെയ്യപ്പെടുകയോ ജയിലിൽഅടക്കപ്പെടുകയോ ചെയ്യുന്ന പക്ഷം പ്രസ്തു‌ത കാലയളവിലെ ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല.

11. പ്രായം തെളിയിക്കുന്നതിനുള്ള രേഖയായി ജനന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട് എന്നിവ ഉപയോഗിക്കാം.

ഇവയുടെ അഭാവത്തിൽ മാത്രം വയസ് തെളിയിക്കുന്നതിനു മറ്റ് രേഖകളൊന്നും ലഭ്യമല്ല എന്നുള്ള അപേക്ഷകരുടെ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ലഭിക്കുന്ന ഡോക്ടർ സർട്ടിഫിക്കറ്റ്, പ്രായംതെളിയിക്കുന്നതിനുള്ള രേഖയായി ഉപയോഗിക്കാവുന്നതാണ്.

12. അനർഹമായി ആനുകൂല്യം കൈപ്പറ്റുന്നവരിൽ നിന്നും ഇത്തരത്തിൽ കൈപ്പറ്റിയ തുക 18 ശതമാനം പലിശ സഹിതം തിരികെ ഈടാക്കുന്നതാണ്.

13. ഗുണഭോക്താക്കൾക്ക് ആധാർ അടിസ്ഥാനമാക്കിയുള്ള വാർഷിക മസ്റ്ററിങ് ഉണ്ടായിരിക്കുന്നതാണ്.