ശബരിമലയിൽ ഇതുവരെ ഉണ്ടാകാത്ത തിരക്ക്, ഇപ്പോഴുള്ളത് അപായകരമായ ജനക്കൂട്ടം. ഇവരെല്ലാം ക്യൂ നിൽക്കാതെ എത്തിയവർ: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ

റിപ്പോർട്ട് :സജീവ് ഗോപാലൻ

ശബരിമലയിൽ ഇതുവരെ ഉണ്ടാകാത്ത തിരക്ക്, ഇപ്പോഴുള്ളത് അപായകരമായ ജനക്കൂട്ടം. ഇവരെല്ലാം ക്യൂ നിൽക്കാതെ എത്തിയവർ: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ

ശബരിമല: മണ്ഡലകാല സീസൺ തുടങ്ങി രണ്ടാം ദിവസം തന്നെ മുൻപ് എങ്ങുമില്ലാത്ത തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ.ഇപ്പോഴുള്ളത് അപായകരമായ ജനക്കൂട്ടമാണ്. ഇവരെല്ലാം ക്യൂനിൽക്കാതെ എത്തിയവരാണെന്നും ഇത്തരത്തിലുള്ള ആൾക്കൂട്ടം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും തിരക്ക് നിയന്ത്രിക്കാൻ സത്വരനടപടി സ്വീകരിക്കുമെന്നും ജയകുമാർ പറഞ്ഞു.

അതേസമയം, ശബരിമലയിൽ ദർശന സമയം നീട്ടിയതായി അറിയിച്ചു. ഇന്ന് 2വരെ ദർശനം അനുവദിക്കുന്നതായിരിക്കും.

സന്നിധാനത്ത് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പൊലീസിന്റെനിയന്ത്രണം പാളിയതോടെ പതിനെട്ടാം പടിക്ക് മുൻപിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡും തീർത്ഥാടകർ മറികടന്നിരിക്കുന്ന സ്ഥിതി ഗതിയിലേക്ക് എത്തിയിരിക്കുകയാണ്.ഇപ്പോൾ പതിനഞ്ച് മണിക്കൂർ വരെയാണ് ഭക്തർ ക്യൂനിൽക്കുന്നതെന്ന് ജയകുമാർ പറഞ്ഞു.

അത് ഒഴിവാക്കുന്നതിൻ്റെ ഭാഗമായി ഭക്തരെ ക്യൂ കോംപ്ലക്സിൽ ഇരുത്താൻ നടപടിയെടുക്കും. അത് നാളെ മുതൽ നിലവിൽ വരും.

ക്യൂ കോംപ്ലക്സിൽ നിൽക്കുന്ന ഭക്തർക്ക് കുടിവെള്ളവും മറ്റ് സൗകര്യങ്ങളും ഒരുക്കും.പമ്പയ്ക്ക് പുറമെ നിലയ്ക്കലിലും സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങൾ നാളെ മുതൽ ആരംഭിക്കും.

7 സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങളാണ് നാളെ മുതൽ നിലയ്ക്കലിൽ ആരംഭിക്കുകയെന്നു ജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു.