സംസ്ഥാനത്ത് ഇന്നും മഴ തുടരും, ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്
Keralanewsmedia
തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് നൽകിയിരിക്കുന്നത്. മലയോര മേഖലകളിൽ മഴ കനത്തേക്കും.രാവിലെ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാവിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ഇന്നലെ എറണാകുളം നഗരത്തിലുൾപ്പെടെ കനത്ത മഴയാണ് ലഭിച്ചിരുന്നത്. മഴയെ തുടർന്ന് കൊച്ചിധനുഷ്കോടി ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൂമ്പൻപാറ മേഖലയിൽ മണ്ണിടിച്ചിൽ ഉണ്ടായതോടെ അടിമാലി- കല്ലാർ റോഡ് താൽക്കാലികമായി അടച്ചു. മൂന്നാർ ഭാഗത്തേക്കുള്ള വാഹനങ്ങൾ കല്ലാർകുട്ടി റോഡ് വഴി തിരിച്ചുവിടുകയാണ്.













