കേരളീയ കലാപൈതൃകം അടയാളപ്പെടുത്തുന്ന ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രങ്ങളുമായി പാലക്കാട് യാക്കരയിൽ മ്യൂസിയം ഒരുങ്ങുന്നു
റിപ്പോർട്ട് :ദൗ ലത് ഷാ എം
കൊച്ചി: കേരളീയ കലാപൈതൃകം അടയാളപ്പെടുത്തുന്ന ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രങ്ങളുമായി പാലക്കാട് യാക്കരയിൽ മ്യൂസിയം ഒരുങ്ങുന്നു. ഇതിന്റെ പ്രാരംഭനടപടികൾക്ക് തുടക്കമായി. യാക്കരയിലെ വി.ടി. ഭട്ടതിരിപ്പാട് സമുച്ചയത്തിൽ ശീതീകരണ സംവിധാനവും ആധുനിക രീതിയിലുള്ള സജ്ജീകരണങ്ങളോടെയുമായിരിക്കും മ്യൂസിയം സജ്ജീകരിക്കുക.
രേഖാചിത്രകാരൻ, ചിത്രകാരൻ, ഡിസൈനർ, കാർട്ടൂണിസ്റ്റ്, കലാ സംവിധായകൻ, ശില്പി എന്നിങ്ങനെ വിവിധ മേഖലകളിൽ മുദ്ര പതിപ്പിച്ച മഹാപ്രതിഭയായ നമ്പൂതിരിയുടെ സംഭാവനകൾ കേരളത്തിലെത്തുന്ന സഞ്ചാരികൾക്കും നേരിട്ടറിയാൻ മ്യൂസിയം അവസരമൊരുക്കും.
കേരള ലളിതകലാ അക്കാദമി ഒരുക്കുന്ന സ്മാരകം മൂന്നു മാസത്തിനകം പൂർത്തിയാക്കാനാണ് ശ്രമം. നമ്പൂതിരി വരച്ച 215-ലേറെ ചിത്രങ്ങളാണ് കുടുംബാംഗങ്ങൾ കേരള ലളിതകലാ അക്കാദമിക്ക് കൈമാറുക.













