അതിജീവനത്തിനായി കൈകോര്‍ത്ത് ശിശുക്ഷേമസമിതി*
Keralanewsmedia
PRES RELEASE 06/01/2026
*അതിജീവനത്തിനായി കൈകോര്‍ത്ത് ശിശുക്ഷേമസമിതി*
തീയായിപടര്‍ന്ന ദുരന്തത്തെ അതിജീവിക്കാനായി കുട്ടികള്‍ക്കൊപ്പം ചേരുകയാണ് ജില്ലാ ശിശുക്ഷേമസമിതി. ചിറ്റുമല ദേവീക്ഷേത്രത്തിന് പിന്നില്‍ കാഞ്ഞിരംവിള തെക്കതില്‍ താമസിച്ചിരുന്ന കാര്‍ത്തിക്കിന്റെയും കൃഷ്ണവേണിയുടെയും വീട് കഴിഞ്ഞ ജനുവരി 31ന് തീപ്പിടിത്തത്തെ തുടര്‍ന്ന് കത്തിനശിച്ച പശ്ചാത്തലത്തിലാണ് ഇടപെടല്‍. തുടര്‍ജീവിതത്തിന് കരുത്തേകുംവിധമാണ് പിന്തുണ. വീടിന്റെ പ്രമാണവും പ്രധാന രേഖകളും നശിച്ച സാഹചര്യത്തില്‍ കുട്ടികളുടെ ഒരു വര്‍ഷത്തേക്കുള്ള പഠനസാമഗ്രികള്‍ ഉള്‍പ്പടെയുള്ള ചിലവുകള്‍ ജില്ലാ ശിശുക്ഷേമസമിതി ലഭ്യമാക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുമാണ് തുക കണ്ടത്തുന്നത്. ഇവിടം സന്ദര്‍ശിച്ച് സ്ഥിതിഗതി വിലയിരുത്തിയാണ് തീരുമാനമെന്ന് സമിതി സെക്രട്ടറി ഡി. ഷൈന്‍ദേവ് വ്യക്തമാക്കി.
കുട്ടികളുടെ അച്ഛനായ രാഹുല്‍രാജ് ഡ്രൈവറാണ്. അമ്മ സ്വകാര്യ കടയിലെ ജീവനക്കാരി. നിലവില്‍ നാലംഗ കുടുംബം ബന്ധുവീട്ടിലാണ് താമസിക്കുന്നത്. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം ശാന്തന്‍, ജില്ല ശിശുക്ഷേമ സമിതി ട്രഷറര്‍ എന്‍ അജിത്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ആര്‍ മനോജ് എന്നിവരാണ് വിവരങ്ങള്‍ നേരിട്ട് വിലയിരുത്തിയത്. ശിശുക്ഷേമ സമിതിയുടെ കുട്ടികള്‍ക്കായുള്ള പ്രത്യേക പദ്ധതിയിലും കുട്ടികളെ ഉള്‍പ്പെടുത്തി. സി.വി.കെ.എം സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് ആര്‍. കാര്‍ത്തിക്, എസ്.ജെ.എം എല്‍.പി.എസിലെ മൂന്നാം ക്ലാസിലാണ് കൃഷ്ണവേണി.
(പി.ആര്‍.കെ നമ്പര്‍ 40/2026)
*നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം : പരിശീലനവും ഭവന സന്ദര്‍ശനവും തുടരുന്നു*
നവകേരള സൃഷ്ടിക്കായുള്ള ജനഹിതംതേടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം വികസനക്ഷേമ-പഠനപരിപാടി ജില്ലയില്‍ പുരോഗമിക്കുന്നു. പൊതുജനങ്ങളില്‍നിന്ന് വികസനആശയങ്ങളും നിര്‍ദേശങ്ങളും ശേഖരിച്ചുവരികയാണ്. വിവരശേഖരണത്തിന് നേതൃത്വം നല്‍കുന്നതിനായി പരിശീലനം നേടിയ ബാച്ചുകളാണ് കര്‍മസേനാംഗങ്ങളെ നയിക്കുന്നത്.
കര്‍മസേന അംഗങ്ങള്‍ക്കുള്ള പരിശീലനം ജനുവരി ഏഴ്, എട്ട് തീയതികളിലും നടക്കും. മുഖത്തല, ചിറ്റുമല, കൊട്ടാരക്കര, പത്തനാപുരം, അഞ്ചല്‍ ബ്ലോക്കുകളിലും പരവൂര്‍, കരുനാഗപ്പള്ളി നഗരസഭകളിലുമാണ് മൂന്നാം ബാച്ച് പരിശീലനം. ജനുവരി എട്ടിന് ജില്ലയിലെ 11 അസംബ്ലി നിയോജക മണ്ഡലങ്ങളിലെയും കര്‍മസേന അംഗങ്ങള്‍ക്കുള്ള പരിശീലനം പൂര്‍ത്തിയാകും.
നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം-ഘടന, പ്രവര്‍ത്തനം, അഭിപ്രായ ശേഖരണരീതി തുടങ്ങിയവിഷയങ്ങളിലാണ് പരിശീലനം. അസംബ്ലിതല ചാര്‍ജ് ഓഫീസര്‍മാരുടെയും റിസോഴ്‌സ് പേഴ്‌സണ്‍മാരുടെയും നേതൃത്വത്തിലാണ് പരിശീലനം. വീടുകള്‍ സന്ദര്‍ശിക്കുന്ന കര്‍മസേനാംഗങ്ങള്‍ക്ക് നാടിന്റെ നല്ലഭാവിക്ക് ഗുണകരമാകുന്ന നിര്‍ദേശങ്ങളാണ് പൊതുവില്‍ ലഭിക്കുന്നത്. തൃപ്തികരമായനിലയില്‍ തുടരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയിക്കുന്നുമുണ്ട്. ക്ഷേമപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി തുടരവെ അവയ്ക്ക് മുടക്കമില്ലാത്തവിധമുള്ള ആസൂത്രണം ഉറപ്പാക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്.
(പി.ആര്‍.കെ നമ്പര്‍ 41/2026)
*ദേശീയ വിര വിമുക്ത ദിനം ജില്ലാതല ഉദ്ഘാടനം*
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദേശീയ വിരവിമുക്ത ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം സര്‍ക്കാര്‍ മോഡല്‍ ബോയ്‌സ് എച്ച് എസ് എസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ആര്‍ ലതാദേവി നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. അനു എം എസ് അധ്യക്ഷയായി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ദേവ് കിരണ്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. ലിന്‍ഡ ജോസഫ് വിഷയം അവതരിപ്പിച്ചു. സര്‍ക്കാര്‍ മോഡല്‍ ബോയ്‌സ് പ്രഥമാധ്യാപിക ഉദയാദേവി ദിനാചരണ സന്ദേശം നല്‍കി. ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. ദിവ്യ ശശി, ഡോ. ശരത് രാജന്‍ ഡോ. ക്ലെനിന്‍ ഫെറിയ , പ്രോഗ്രാം ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
(പി.ആര്‍.കെ നമ്പര്‍ 42/2026)
*കലാഭവന്‍മണി മെമ്മോറിയല്‍ നാടന്‍പാട്ട് മത്സരം*
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യൂത്ത്/ യുവ ക്ലബുകളിലെ യുവജനങ്ങള്‍ക്കായി കലാഭവന്‍ മണി മെമ്മോറിയല്‍ നാടന്‍പാട്ട് മത്സരം നടത്തും. ജില്ലയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 25,000, 10,000, 5,000 രൂപ വീതം സമ്മാനമായി നല്‍കും. ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് തൃശൂരില്‍ നടത്തുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. സംസ്ഥാനതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 1,00,000, 75,000, 50,000 രൂപ വീതവും നല്‍കും. ടീമിലെ അംഗങ്ങള്‍ 18 നും 40 നും മധ്യേ പ്രായമുള്ളവരായിരിക്കണം. സമയം 10 മിനിറ്റ്. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, ജില്ലാ പഞ്ചായത്ത് ഓഫീസ്, തേവള്ളി, കൊല്ലം വിലാസത്തില്‍ ജനുവരി 25 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0474 278440, 7510958609.
(പി.ആര്‍.കെ നമ്പര്‍ 43/2026)
*സ്വയം തൊഴില്‍ വായ്പ*
വനിതാ വികസന കോര്‍പ്പറേഷനില്‍ ജില്ലയില്‍ സ്ഥിരതാമസക്കാരായ പട്ടികജാതി പട്ടികവര്‍ഗ ന്യൂനപക്ഷ, പൊതു വിഭാഗങ്ങളിലെ വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം. പ്രായപരിധി: 18 - 55 വയസ്. നാല് മുതല്‍ എട്ട് ശതമാനം വരെ പലിശനിരക്കിലാണ് (വസ്തു ഉദ്യോഗസ്ഥ ജാമ്യവ്യവസ്ഥയില്‍) വായ്പ അനുവദിക്കുന്നത്. mithrasoft.kswdc.org മുഖേന അപേക്ഷിക്കണം. വിവരങ്ങള്‍ക്ക്: ജില്ലാ ഓഫീസ്, വനിതാ വികസന കോര്‍പ്പറേഷന്‍, രണ്ടാംനില, എന്‍ തങ്കപ്പന്‍ മെമ്മോറിയല്‍ ഷോപ്പിംഗ് കോംപ്ലക്‌സ്, ചിന്നക്കട. ഫോണ്‍: 9188606806.
(പി.ആര്‍.കെ നമ്പര്‍ 44/2026)
*അപേക്ഷ ക്ഷണിച്ചു*
പട്ടികജാതി - പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന വായ്പ പദ്ധതികളിലെ ജാമ്യവസ്തുവിന്റെ വിലനിര്‍ണയം നടത്തുന്നതിനായി റവന്യൂ സര്‍വീസില്‍ നിന്നും വിരമിച്ച വില്ലേജ് ഓഫീസര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, തഹസില്‍ദാര്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ, ആധാര്‍ കാര്‍ഡ്, സര്‍വീസ് സര്‍ട്ടിഫിക്കറ്റ് സഹിതം പട്ടികജാതി - പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍:. 7907748177.
(പി.ആര്‍.കെ നമ്പര്‍ 45/2026)
*വോക്ക്-ഇന്‍-ഇന്റര്‍വ്യൂ*
ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ രാത്രികാല അടിയന്തരസേവനം, അഞ്ചല്‍, ഇത്തിക്കര ബ്ലോക്കുകളിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍, ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ മൊബൈല്‍ സര്‍ജറി യൂണിറ്റ്, മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റ് പദ്ധതികളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജ•ാരെ നിയമിക്കും. ജനുവരി 12ന് രാവിലെ 10.15 മുതല്‍ 5.15 വരെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടത്തുന്ന വോക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ക്ക് 0474 2793464, 9947212100.
(പി.ആര്‍.കെ നമ്പര്‍ 46/2026)
*പുരയിടലേലം*
കിഴക്കേകല്ലട വില്ലേജിലെ 12114 തണ്ടപ്പേരില്‍ ബ്ലോക്ക് നം. 7 ല്‍ സര്‍വെ നം. 24/9 ല്‍ ഉള്‍പ്പെട്ട 04.40 ആര്‍സ് പുരയിടം ജനുവരി 28ന് രാവിലെ 11ന് കിഴക്കേകല്ലട വില്ലേജാഫീസില്‍ ലേലം നടത്തും. ഫോണ്‍ : 0474 2763736.
(പി.ആര്‍.കെ നമ്പര്‍ 47/2026)
*സഹായ ഉപകരണവിതരണം; അപേക്ഷ ക്ഷണിച്ചു*
ജില്ലയിലെ ഭിന്നശേഷി/ വയോജനങ്ങള്‍ക്കായി ആര്‍ട്ടിഫിഷ്യല്‍ ലിമ്പ്‌സ് മാന്യുഫാക്ച്ചറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്‍ഡ്യ മുഖേന സഹായ ഉപകരണങ്ങള്‍ നല്‍കുന്നു. ആവശ്യമുള്ളവര്‍ രേഖകള്‍ സഹിതം അതത് അങ്കണവാടിയുമായി ബന്ധപ്പെടണം. ഫോണ്‍: 0474 2790971.
(പി.ആര്‍.കെ നമ്പര്‍ 48/2026)
*ക്വട്ടേഷന്‍*
തേവള്ളി സര്‍ക്കാര്‍ ടൗണ്‍ യു.പി.എസിലെ പഴകിയ ഓടിട്ട കെട്ടിടം (99.06 ചതുരശ്രമീറ്റര്‍) പൊളിച്ച് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നിരതദ്രവ്യം - 1000 രൂപ. അവസാന തീയതി : ജനുവരി 16. ഫോണ്‍ : 9207396151.
(പി.ആര്‍.കെ നമ്പര്‍ 49/2026)
*യോഗം ചേരും*
കേരളോത്സവം 2025 ന്റെ ജില്ലാതല സംഘാടകസമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജനുവരി 12 ന് വൈകിട്ട് നാലിന് ചേരും.
(പി.ആര്‍.കെ നമ്പര്‍ 50/2026)













