പുല്ലൂർ പെരിയയിൽ കോ- ലീ – ബി സഖ്യം സമ്പൂര്‍ണ്ണം: സ്ഥിരംസമിതിയില്‍ UDF-BJP സഖ്യത്തിന് മേല്‍ക്കൈ
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
കാസർകോഡ് പുല്ലൂർ പെരിയ പഞ്ചായത്തിൽ കോലീബി സഖ്യം സ്ഥിരീകരിച്ചു. മുഴുവൻ സ്റ്റാൻ്റിംഗ് കമ്മറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പിലും ബി ജെ പിയുടെ വോട്ട് വാങ്ങി UDF ജയിച്ചു. ഏക ബിജെപി അംഗത്തെ വോട്ട് ചെയ്ത് ജയിപ്പിച്ച് സ്റ്റാൻ്റിംഗ് കമ്മറ്റി അംഗമാക്കി യുഡിഎഫ്. പുല്ലൂർ പെരിയ പഞ്ചായത്തിൽ വികസന കാര്യ, ക്ഷേമ കാര്യ, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റികളിലാണ് യു ഡി എഫ് – ബിജെപി സഖ്യം മത്സരിച്ച് ജയിച്ചത്. മൂന്ന് സ്റ്റാൻ്റിംഗ് കമ്മറ്റികളിലെയും ഓരോ വനിതാ സംവരണത്തിൽ ബിജെപി അംഗത്തിന്റെ പിന്തുണയോടെ കഴിഞ്ഞ ദിവസം യുഡിഎഫ് വിജയിച്ചിരുന്നു. ഏക ബി ജെ പി അംഗത്തെ യുഡിഎഫ് വോട്ട് ചെയ്ത് ജയിപ്പിക്കുകയും ചെയ്തു. എൽ ഡി എഫിന് ഇവിടെയും ലഭിച്ചത് 1 സീറ്റ്. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ തെരഞ്ഞെടുപ്പിലും കോലിബി സഖ്യം തുടരാനാണ് ധാരണ. മൂന്ന് സ്റ്റാൻ്റിംഗ് കമ്മറ്റികളിലും UDF – BJP സഖ്യത്തിനാണ് മേൽക്കൈ. രണ്ടിടത്ത് ചെയർമാൻ തെരഞ്ഞെടുപ്പിൽ UDF നെ ബിജെപി പിന്തുണക്കുമ്പോൾ പ്രത്യുപകാരമായി വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റിയുടെ ചെയർമാനായി ബിജെപി അംഗത്തിന് പിന്തുണ നൽകാനാണ് ധാരണ. വൈസ് പ്രസിഡൻ്റ് നേരിട്ട് ചെയർമാനാകുന്ന കീഴ്വഴക്കമുള്ള ധനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റിയിൽ UDF ൻ്റെ എം കെ ബാബുരാജ് ചെയർമാനാകും. ഇതോടെ നാല് സ്റ്റാൻ്റിംഗ് കമ്മറ്റികളും കോലീബി സഖ്യം ഉറപ്പിക്കുകയാണ് ലക്ഷ്യം.
പ്രസിഡന്റ്, വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് സമയത്ത് തന്നെ കോ-ലീ-ബി സഖ്യം ഉറപ്പിച്ചിരുന്നുവെങ്കിലും പ്രസിഡൻ്റ് സ്ഥാനത്തെ ചൊല്ലി കോൺഗ്രസിലുണ്ടായ തർക്കത്തെ തുടർന്ന് ധാരണ നടക്കാതെ പോവുകയായിരുന്നു. LDFനും യുഡിഎഫിനും 9 സീറ്റുകളും ബി ജെ പിക്ക് ഒരു സീറ്റുമുള്ള പഞ്ചായത്തിൽ പ്രസിഡൻ്റ് സ്ഥാനം LDF നേടിയതിന് പിന്നാലെ മുഴുവൻ സ്റ്റാൻഡിങ് കമ്മിറ്റികളിലും മേൽക്കൈ നേടാൻ കോലീബി സഖ്യം ഉറപ്പിക്കുകയായിരുന്നു. പൈവളിഗെ പഞ്ചായത്തിലും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റിയിൽ LDF മേൽക്കൈ തടയാൻ മറ്റത്തൂർ മോഡലിൽ കോലീബി സഖ്യമൊരുക്കി ബിജെപി അംഗത്തെ യുഡിഎഫ് അംഗങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ചിരുന്നു.
ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റിയിൽ പൊതുവിഭാഗത്തിലുള്ള മൂന്ന് ഒഴിവിൽ ഒരു എൽഡിഎഫ് അംഗം ജയിച്ചപ്പോൾ ബിജെപി അംഗത്തിൻ്റെ പിന്തുണയിൽ 2 യുഡിഎഫ് അംഗങ്ങൾ ജയിച്ചു. 4 അംഗങ്ങളുള്ള ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റിയിലും പൊതുവിഭാഗത്തിലെ ഒഴിവുള്ള മൂന്നിൽ 2 ലും ബിജെപി പിന്തുണയിൽ യുഡിഎഫും ഒന്നിൽ എൽ ഡിഎഫും ജയിച്ചു. 5 അംഗങ്ങളുള്ള വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റിയിൽ പൊതു വിഭാഗത്തിൽ ഒഴിവുള്ള 4ൽ കോലീബി സഖ്യത്തിലൂടെ 2 യുഡിഎഫ് അംഗങ്ങൾ ജയിച്ചു.













