കൊല്ലം പി ആർ ഡി വാർത്തകൾ

Keralanewsmedia

കൊല്ലം പി ആർ ഡി വാർത്തകൾ

*PRESS RELEASE KOLLAM* 13.01.2026

*കശുവണ്ടി ഇനി കെ-സ്റ്റോറുകളിലൂടെയും*

*സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജി. ആര്‍. അനില്‍ നിര്‍വഹിച്ചു*

കശുവണ്ടിമേഖലയുടെ വിപണിസാധ്യത ഉയര്‍ത്തുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ. കശുവണ്ടിവികസന കോര്‍പറേഷന്റെ ഉത്പന്നങ്ങള്‍ കെ-സ്റ്റോറുകള്‍വഴി ലഭ്യമാക്കുന്ന പദ്ധതിയിലൂടെയാണ് ലക്ഷ്യംകാണുക. പുതുപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലം പുത്തന്‍നട കെ-സ്റ്റോറില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ നിര്‍വഹിച്ചു. 

 

ഗ്രാമപ്രദേശങ്ങളിലേക്ക് കെ-സ്റ്റോറുകള്‍ വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. സൗകര്യങ്ങള്‍ ലഭ്യമായ എല്ലാ റേഷന്‍കടകളും കെ-സ്റ്റോറുകളാക്കും. ബാങ്കിംഗ് സേവനങ്ങള്‍ റേഷന്‍കടകളിലൂടെ ലഭ്യമാക്കാന്‍ 19 ബാങ്കുകളുമായി ധാരണയായി. സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ കൂടുതലായി ജനങ്ങളിലേക്ക് എത്തിക്കുകയാണ്. ഉത്സവകാലത്ത് പൊതുവിതരണകേന്ദ്രങ്ങളിലൂടെ 300 കോടി രൂപയുടെ വില്‍പന നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. 

എം.നൗഷാദ് എം.എല്‍.എ അധ്യക്ഷനായി. മേയര്‍ എ.കെ.ഹഫീസ് ആദ്യ വില്‍പന നടത്തി. എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍.ലതാദേവി, കശുവണ്ടിവികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്.ജയമോഹന്‍, റേഷനിംഗ് കണ്‍ട്രോളര്‍ സി.വി.മോഹന്‍കുമാര്‍, തെക്കേവിള ഡിവിഷന്‍ കൗണ്‍സിലര്‍ ദീപിക പ്രമോജ്, താലൂക്ക് സപ്ലൈ ഓഫീസര്‍ വൈ. സാറാമ്മ തുടങ്ങിയവര്‍ പങ്കെടുത്തു. (പി.ആര്‍.കെ നമ്പര്‍ 100/2026)

*കുളക്കട കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇന്‍ഡി വില്ലേജ് ഉദ്ഘാടനം* 

കുളക്കട കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഇന്‍ഡി വില്ലേജ് പ്രൊജക്റ്റ്, ഓട്ടോമൊബൈല്‍ നൈപുണ്യ കോഴ്‌സുകള്‍ ലഭ്യമാക്കുന്ന ആര്‍ സി സി എസ് കമ്പനി എന്നിവയുടെ ഉദ്ഘാടനം ജനുവരി 15ന് രാവിലെ 10.30ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. ഉന്നത വിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു അധ്യക്ഷയാകും. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ബിന്ദു ലക്ഷ്മി, കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പ്രിയ, വാര്‍ഡംഗം എസ് സുജിത്ത്കുമാര്‍, അസാപ് കേരള മാനേജിങ് ഡയറക്ടര്‍ ഉഷ ടൈറ്റസ്, സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ അനൂപ് അംബിക, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. (പി.ആര്‍.കെ നമ്പര്‍ 101/2026)

*മില്‍ക്കത്തോണ്‍: ക്ഷീരസംഗമം 'പടവ്' മിനി മാരത്തണിന് തുടക്കം* 

ക്ഷീരമേഖലയെ സംബന്ധിച്ച അറിവ് പകരുന്നതിനും നൂതനസാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്നതിനുമായി ക്ഷീരവികസന വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന ക്ഷീരസംഗമം 'പടവ് 2026' ന്റെ പ്രചരണാര്‍ഥം ക്ഷീരവികസന വകുപ്പ് 'മില്‍ക്കത്തോണ്‍' മിനി മാരത്തണ്‍ സംഘടിപ്പിച്ചു. കൊല്ലം ബീച്ചില്‍ മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ചിന്നക്കട റസ്റ്റ് ഹൗസ് വരെയുള്ള ട്രാക്കില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ജനുവരി 18 മുതല്‍ 21 വരെ ആശ്രാമം മൈതാനത്താണ് പടവ് നടക്കുക.  

ദേശീയ മാരത്തണ്‍ താരങ്ങളായ ഷീബ ജയപ്രകാശ്, നസുമുദീന്‍, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ്, ജോയിന്റ് ഡയറക്ടര്‍ ഷീബ ഖമര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ കോശി കെ. അലക്‌സ്, സുലേഖ നായര്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ തുടങ്ങിയവരും പങ്കെടുത്തു. കായിക കൂട്ടായ്മകളായ സോള്‍ ഓഫ് കൊല്ലം, ജസ്റ്റ് മൂവ് ക്ലബ്, മോര്‍ണിംഗ് വാക്ക് തൃക്കരുവ തുടങ്ങിയ ക്ലബുകളില്‍ നിന്നുള്ളവരും കൂട്ടയോട്ടത്തിനെത്തി. (പി.ആര്‍.കെ നമ്പര്‍ 102/2026)

*ക്ഷീരസംഗമത്തിന് വിളംബരമായി പാട്ടുവണ്ടിയും* 

ആശ്രാമം മൈതാനത്ത് ജനുവരി 18 മുതല്‍ 21 വരെ നടത്തുന്ന സംസ്ഥാന ക്ഷീരസംഗമം 'പടവ് 2026' ന്റെ പ്രചരണാര്‍ഥം പാട്ടുവണ്ടിയുമെത്തുന്നു. നാടന്‍ പാട്ടുകളില്‍ തുടങ്ങി വിവിധ കലാപരിപാടികളുമായാണ് വാഹനമെത്തുക. കവലകളില്‍ അരമണിക്കൂര്‍ നിര്‍ത്തിയിട്ടാകും അവതരണം. വിവിധ ക്ഷീരസംഘങ്ങളിലെ കര്‍ഷകരുമായി സംവദിക്കും. പ്രശ്നോത്തരി മത്സരവും നടത്തും. ജനുവരി 14ന് രാവിലെ 8.30 ന് ചിന്നക്കട സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഫ്ളാഗ് ഓഫ് ചെയ്യും. നാലുദിവസങ്ങളിലായി ജില്ലയിലെ എല്ലാ ബ്ലോക്കുകളും വാഹനമെത്തും. ആദ്യദിനം നടുവിലച്ചേരി, ചവറ, കരുനാഗപ്പള്ളി. 15ന് ഓച്ചിറ, ശാസ്താംകോട്ട, ചെറുമൂട്, മുഖത്തല. 16ന് ചാത്തന്നൂര്‍, കൊട്ടാരക്കര, വെട്ടിക്കവല. 17ന് പത്തനാപുരം, അഞ്ചല്‍, ചടയമംഗലം. (പി.ആര്‍.കെ നമ്പര്‍ 103/2026)

*തീവ്രത കുറഞ്ഞ എച്ച് 9 എന്‍ 2 വൈറസ് സ്ഥിരീകരിച്ചു*

ആയൂര്‍ തോട്ടത്തറ മുട്ടക്കോഴി ഹാച്ചറിയില്‍ രോഗതീവ്രതയോ വ്യാപനമോ ഇല്ലാത്ത എച്ച്9 എന്‍2 പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലെ ദേശീയ ഹൈ സെക്യൂരിറ്റി രോഗനിര്‍ണയ ലാബറട്ടറിയിലാണ് പരിശോധന നടത്തിയത്. ഇത് മനുഷ്യരിലേക്ക് പകരില്ല. 

നിരീക്ഷണം 16 പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിച്ചു. ആയൂര്‍ തോട്ടത്തറ ഹാച്ചറി സ്ഥിതി ചെയ്യുന്ന ഇളമാട് പഞ്ചായത്ത്, ഇട്ടിവ, ഇടമുളയ്ക്കല്‍, കല്ലുവാതുക്കല്‍, ഉമ്മന്നൂര്‍, കടയ്ക്കല്‍, വെളിയം, വെളിനല്ലൂര്‍, വെട്ടിക്കവല, ചടയമംഗലം, നിലമേല്‍, പൂയപ്പള്ളി, അഞ്ചല്‍, അലയമണ്‍ പഞ്ചായത്തുകള്‍ കൂടാതെ തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയായ മടവൂരും പള്ളിക്കലും നിരീക്ഷണം ശക്തമാക്കും. കുരീപ്പുഴ ടര്‍ക്കി ഫാം, കുര്യോട്ടുമല ഹൈടെക് ഫാം എന്നിവിടങ്ങളിലും സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി.ഷൈന്‍കുമാര്‍ അറിയിച്ചു. (പി.ആര്‍.കെ നമ്പര്‍ 104/2026)

*തില്ലാന ബഡ്സ് ബി ആര്‍ സി കുടുംബശ്രീ ജില്ലാതല കലോത്സവം*

ജില്ലാതല ബഡ്സ് കലോത്സവം ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ആര്‍ വിമല്‍ചന്ദ്രന്‍ അധ്യക്ഷനായി. അഞ്ചിനും 18 നും ഇടയില്‍ പ്രായമുള്ള മത്സരാര്‍ഥികള്‍ ജൂനിയര്‍ വിഭാഗത്തിലും 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ സീനിയര്‍ വിഭാഗത്തിലുമായി 12 വ്യക്തിഗതവും മൂന്ന് ഗ്രൂപ്പ് ഇനങ്ങളിലും മത്സരങ്ങള്‍ നടന്നത്. ജില്ലയിലെ ബഡ്‌സ് സ്‌കൂള്‍ പ്രവര്‍ത്തനങ്ങളുടെ ലഘുലേഖ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എസ്. സുബോധ് ബഡ്‌സ് സ്‌കൂള്‍ അധ്യാപകര്‍ക്ക് സമര്‍പ്പിച്ചു. അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായ എ അനീസ, ബി ഉന്മേഷ്, രതീഷ്‌കുമാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ കെ സിന്ധുഷമോള്‍, സി ഡി എസ് ചെയര്‍പേഴ്സണ്‍മാര്‍, ബഡ്സ് ബി ആര്‍ സി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സമാപന സമ്മേളനം എം നൗഷാദ് എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചു. (പി.ആര്‍.കെ നമ്പര്‍ 105/2026).

*യോഗം*  

റിപ്പബ്ലിക്ക് ദിനാഘോഷങ്ങളോടനുബന്ധിച്ച് ജനുവരി 14ന് രാവിലെ 10.30ന് ജില്ലാ കലക്ടറുടെ ചേമ്പറില്‍ യോഗം ചേരും. (പി.ആര്‍.കെ നമ്പര്‍ 106/2026)

*ഗതാഗത നിയന്ത്രണം*

പത്തനാപുരം ഏനാത്ത് റോഡില്‍ ജനുവരി 14 മുതല്‍ 18 വരെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി കെ ആര്‍ എഫ് ബി-പി എം യു എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഏനാത്ത് നിന്നും പത്തനാപുരത്തേക്ക് വരുന്ന വാഹനങ്ങള്‍ കടുവത്തോട് ജംഗ്ഷന്‍- പട്ടാഴി വഴി പത്തനാപുരത്തേക്കും പത്തനാപുരത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ പട്ടാഴി വഴി ഏനാത്തും പോകേണ്ടതാണ്. (പി.ആര്‍.കെ നമ്പര്‍ 107/2026)

*സ്പോട്ട് അഡ്മിഷന്‍* 

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജില്‍ ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ ആന്‍ഡ് ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (6 മാസം), കോസ്മെറ്റോളവി ആന്‍ഡ് ബ്യൂട്ടിപാര്‍ലര്‍ മാനേജ്മെന്റ് (3 മാസം) കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജനുവരി 16ന് രാവിലെ 10ന് സ്പോട്ട് അഡ്മിഷന്‍ നടത്തും. എസ് എസ് എല്‍ സി, ആധാര്‍ പകര്‍പ്പുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമായി എത്തണം. ഫോണ്‍: 7736220294, 7907114230. (പി.ആര്‍.കെ നമ്പര്‍ 108/2026)

*സബ്സിഡി അപേക്ഷ അറിയിപ്പിന് ശേഷം*

വിമുക്തഭടന്മാര്‍/ വിധവകള്‍ക്ക് പുരപ്പുറ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് സബ്‌സിഡി അനുവദിക്കുന്നതിനുള്ള അപേക്ഷകള്‍, ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ നല്‍കേണ്ടതില്ലെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0474 -2792987. (പി.ആര്‍.കെ നമ്പര്‍ 109/2026)

*വോക്ക്-ഇന്‍-ഇന്റര്‍വ്യൂ മാറ്റി*

പത്തനാപുരം, പുനലൂര്‍ താലൂക്കുകളില്‍ പട്ടയമിഷന്റെ ഭാഗമായി ദിവസവേതനാടിസ്ഥാനത്തില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നതിന് ജനുവരി 14ന് നടത്തേണ്ട വോക്ക്-ഇന്‍-ഇന്റര്‍വ്യൂ ജനുവരി 16ലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) അറിയിച്ചു. (പി.ആര്‍.കെ നമ്പര്‍ 110/2026)