സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കുമായി സാമൂഹ്യ നിയമ ബോധവൽക്കരണ പരിപാടി; 'മാറ്റൊലി 2026' സംഘടിപ്പിച്ചു*
Keralanewsmedia
കേരള ന്യൂസ് മീഡിയ
*വാർത്താക്കുറിപ്പ് 2*
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കോട്ടയം
*സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കുമായി സാമൂഹ്യ നിയമ ബോധവൽക്കരണ പരിപാടി; 'മാറ്റൊലി 2026' സംഘടിപ്പിച്ചു*
കോട്ടയം: സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും സാമൂഹ്യ-നിയമ അവബോധം വർധിപ്പിക്കുന്നതിനായി നിയമ വകുപ്പിന്റെ നേതൃത്വത്തിൽ 'മാറ്റൊലി 2026' ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ പ്ലാനിങ് കമ്മിറ്റി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ. എം. ദിലീപ് ഉദ്ഘാടനം ചെയ്തു.
സ്ത്രീസുരക്ഷ, അവകാശബോധം, സാമൂഹ്യനീതി തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ അറിവ് കൈവരിക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.രണ്ട് സെക്ഷനുകളിലായി ബോധവൽക്കരണ ക്ലാസുകൾ നടന്നു. ആദ്യ സെക്ഷനിൽ ''ഇന്ത്യൻ ഭരണഘടനയും പുതിയ ക്രിമിനൽ നിയമങ്ങളും ഉറപ്പാക്കുന്ന സ്ത്രീ സുരക്ഷിതത്വം'' എന്ന വിഷയത്തിൽ അഡ്വ. വി. ഭുവനേന്ദ്രൻ നായരും രണ്ടാം സെഷനിൽ ''സ്ത്രീ ശാക്തീകരണത്തിൽ പ്രത്യേക നിയമങ്ങൾ വഹിക്കുന്ന പങ്ക്'' എന്ന വിഷയത്തിൽ റിട്ട. അഡീഷണൽ നിയമ സെക്രട്ടറി കെ. പ്രസാദും ക്ലാസ് അവതരിപ്പിച്ചു.
അഡീഷണൽ നിയമ സെക്രട്ടറി ഷിബു തോമസ്, നിയമ സെക്രട്ടറി കെ. ജി. സനൽകുമാർ, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പ്രകാശ് ബി. നായർ, അസിസ്റ്റന്റ് ലീഗൽ ഓഫീസർ കെ. പി. ആലീസ് തുടങ്ങിയവർ പങ്കെടുത്തു.
(കെ.ഐ.ഒ.പി.ആർ 264/2026)
*അപേക്ഷ ക്ഷണിച്ചു*
കോട്ടയം: കേരള സ്റ്റേറ്റ് മീഡിയേഷൻ ആൻഡ് കൺസീലിയേഷൻ സെന്ററിൽ (കെഎസ്എംസിസി) മീഡിയേറ്റേഴ്സ് ഒഴിവിലേക്ക് നിയമനം നടത്തും. ജില്ലയിലെ ആകെ ഒഴിവുകൾ: അഞ്ച്. 15 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ള അഭിഭാഷകർക്ക് അപേക്ഷിക്കാം. നിർദിഷ്ട മാതൃകയിലുള്ള അപേക്ഷകൾ മാർച്ച് 11 വൈകുന്നേരം അഞ്ചിനു മുൻപായി അതത് ജില്ലാ മീഡിയേഷൻ സെന്ററിൽ അപേക്ഷ നൽകണം. വിശദവിവരങ്ങൾ https://ksmcc.keralacourts.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ:04842394554
(കെ.ഐ.ഒ.പി.ആർ 265/2026)
ഹരിതകേരളം മിഷൻ: ഫോട്ടോഗ്രാഫി,റീൽസ് മത്സരം
കോട്ടയം: ദേശീയ പരിസ്ഥിതി സമ്മേളനത്തോടനുബന്ധിച്ച് ഹരിത കേരളം മിഷൻ ഫോട്ടോഗ്രാഫി, റീൽസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഹരിതകേരളം, വെള്ളം, വൃത്തി, വിളവ് എന്ന വിഷയത്തിൽ കേരളത്തിലെ പരിസ്ഥിതി പുനസ്ഥാപനം മുൻനിർത്തി ഹരിതസമൃദ്ധിയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുടെ നേർക്കാഴ്ച നൽകുന്ന ഫോട്ടോകളും റീലുകളാണ് മത്സരത്തിന് അയക്കേണ്ടത്. ക്യാമറയിലും മൊബൈൽ ഫോണിലും പകർത്തിയിട്ടുള്ള ചിത്രങ്ങളും റീലുകളും മത്സരത്തിന് അയക്കാം. എൻട്രികൾക്കൊപ്പം ഹ്രസ്വവിവരണവും ഉൾപ്പെടുത്തണം. വിജയികൾക്ക് കാഷ്പ്രൈസ് അടക്കമുള്ള സമ്മാനങ്ങൾ. ഫെബ്രുവരി 17 വരെ ഓൺലൈനായി എൻട്രികൾ സമർപ്പിക്കാം. വിശദവിവരങ്ങൾക്കു ഫോൺ:9447587632. വെബ്സൈറ്റ്:www.haritham.kerala.gov.in
(കെ.ഐ.ഒ.പി.ആർ 266/2026)
വികസന സെമിനാർ
കോട്ടയം: ജില്ലാ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതി രൂപീകരണത്തോടനുബന്ധിച്ചുള്ള വികസന സെമിനാർ ചൊവ്വാഴ്ച(ഫെബ്രു. 10) രാവിലെ 11.00 മണിക്ക് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും.
(കെ.ഐ.ഒ.പി.ആർ 267/2026)













