*ആലപ്പുഴ മെഡിക്കൽ കോളേജിലെ ട്രോമാകെയർ യൂണിറ്റും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും മന്ത്രി വീണാ ജോർജ് നാളെ ഉദ്ഘാടനം ചെയ്യും*
*ആലപ്പുഴ മെഡിക്കൽ കോളേജിലെ ട്രോമാകെയർ യൂണിറ്റും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും മന്ത്രി വീണാ ജോർജ് നാളെ ഉദ്ഘാടനം ചെയ്യും*
*56.75 കോടിയുടെ വിവിധ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 56.75 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ (മാർച്ച് 06) ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. ട്രോമാ കെയർ യൂണിറ്റ്, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്,
നവീകരിച്ച ഡയാലിസിസ് യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനവും കോളേജ് ചുറ്റുമതിൽ, പ്രധാന കവാടം എന്നിവയുടെ നിർമ്മാണോദ്ഘാടനവുമാണ് നടക്കുന്നത്. രാവിലെ 11 മണിക്ക് ആശുപത്രി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ എച്ച് സലാം എംഎൽഎ അധ്യക്ഷനാകും. മന്ത്രിമാരായ പി പ്രസാദ്, സജി ചെറിയാൻ, കെ സി വേണുഗോപാൽ എംപി എന്നിവർ മുഖ്യാതിഥികളാകും.
34.76 കോടി രൂപ ചെലവിൽ മൂന്ന് നിലകളിലാണ് ട്രോമാ കെയർ യൂണിറ്റിൻ്റെ നിർമാണം പൂർത്തിയാക്കിയത്. കാഷ്വാലിറ്റിയും എമർജൻസി മെഡിസിൻ വിഭാഗവും പുതിയ ട്രോമ കെയർ ബ്ലോക്കിലേയ്ക്ക് മാറ്റുക വഴി മെച്ചപ്പെട്ട അടിയന്തര ചികിത്സയും പരിചരണവും നൽകാൻ സാധിക്കും. സ്ഥലപരിമിതി മൂലം വീർപ്പുമുട്ടിയിരുന്ന മെഡിക്കൽ കോളേജിലെ പഴയ ഓഫീസ് മന്ദിരത്തിന് പകരം 5206 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് നാല് നിലകളിൽ പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് കം സെൻട്രൽ ലൈബ്രറി പൂർത്തീകരിച്ചത്. 20.73 കോടി രൂപ ചെലവിൽ പൂർത്തീകരിച്ച കെട്ടിടത്തിന്റെ താഴത്തെ നിലയിലും ഒന്നാം നിലയിലും സെൻട്രൽ ലൈബ്രറിയ്ക്കായി വിശാലമായ ഹാളുകളാണുള്ളത്. രണ്ടാം നിലയിൽ ഓഫീസും ആധുനികവും വിശാലമായ സ്ഥല സൗകര്യങ്ങളുമുണ്ട്.
കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്, ജില്ലാ കളക്ടർ അലക്സ് വർഗീസ് എന്നിവർ മുൻകൈയെടുത്ത് വിവിധ സ്ഥാപനങ്ങളിൽ നിന്നും കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) ഫണ്ടുകൾ മുഖേന ലഭ്യമാക്കിയ ഡയാലിസിസ് മെഷീനുകളടങ്ങിയ ഡയാലിസിസ് റൂമും ഇന്ന് ഉദ്ഘാടനം ചെയ്യും. കൂടുതൽ ഡയാലിസിസ് മെഷീനുകളോടെ ഡയാലിസിസ് യൂണിറ്റ് സജ്ജമാകുന്നത് രോഗികൾക്ക് വലിയ ആശ്വാസമാകും. ദേശീയപാത വികസനത്തെ തുടർന്ന് മെഡിക്കൽ കോളേജ് ക്യാമ്പസിൽ പുതിയ അതിർത്തികൾ നിർണ്ണയിക്കേണ്ട സാഹചര്യമുണ്ടായ പശ്ചാത്തലത്തിലാണ് ചുറ്റുമതിൽ നിർമ്മിക്കുന്നത്. കോളേജ് ചുറ്റുമതിൽ, പ്രധാന കവാടം എന്നിവയുടെ നിർമ്മാണത്തിന് 1,26,91,600 രൂപയുടെ എസ്റ്റിമേറ്റ് സർക്കാർ അംഗീകരിച്ചിട്ടുണ്ട്.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ, ജില്ലാ കളക്ടർ അലക്സ് വർഗീസ്, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ് എം പുറക്കാട്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി പദ്മകുമാർ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. എ ഹരികുമാർ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.













