ഗുരുധർമ്മ പ്രചാരണ സഭയുടെ നാല്പത്തഞ്ചാം സ്ഥാപകദിനം നാളെ
കേരള ന്യൂസ് മീഡിയ
ഗുരുധർമ്മ പ്രചാരണ സഭയുടെ നാല്പത്തഞ്ചാം സ്ഥാപകദിനം നാളെ
ആശ്രമവും സഭയും
ലോകം കണ്ട ധർമ്മ സംസ്ഥാപകന്മാരിൽ പ്രകാശ സൂര്യനാണ് ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ. പുതിയ ഒരു മാനവ ധർമ്മത്തെ ലോകത്തിന് സമർപ്പിക്കുവാൻ മഹാഗുരുവിന് കഴിഞ്ഞു. ഇതുവരെ ഉണ്ടായിരുന്ന ആചാര മാമൂലുകളെല്ലാം
ധർമ്മ പ്രകാശ ധാരയിൽ മങ്ങി പോകുകയും
അപ്രസക്തമാകുകയും ചെയ്‌തു. വിശ്വസാഹോദര്യത്തിൻ്റെ ഒരു അഭിനവ ധർമ്മം ഗുരുവിനാൽ ലോകത്ത് സംസ്ഥാപനം ചെയ്യപ്പെട്ടു. 1888 ലെ മഹത്തായ ശിവ പ്രതിഷ്‌ഠയിലൂടെ ആ ഏകത്വ സന്ദേശം ലോകം ശ്രവിച്ചു.
"ജാതി ഭേദം മതദ്വേഷം
ഏതുമില്ലാതെ സർവ്വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്"
ആ മാതൃകാസ്ഥാനം' എന്ന ലക്ഷ്യത്തിലേക്ക് ലോകത്തെ നയിക്കുകയാണ് ധർമ്മ സംസ്ഥാപകനായ ഗുരു ചെയ്‌തത്.വിവിധ നദികൾ ഒഴുകി ഒരേ സമുദ്രത്തിൽ വിലയം പ്രാപിച്ച് ഒന്നാകുന്നതുപോലെ വ്യത്യസ്‌ത വിഭാഗങ്ങളായി ജീവിക്കുന്ന എല്ലാ മനുഷ്യരും ഒരേ ദിശാ ബോധത്തോടെ ഈ മാതൃകാ സ്ഥാനത്തേക്ക് ഒഴുകി യെത്തണമെന്ന് മഹാഗുരു പ്രത്യാശിക്കുന്നു മതങ്ങൾക്കുമേലേ മതങ്ങളും രാജ്യങ്ങൾ ക്കുമേലേ രാജ്യങ്ങളും ആധിപത്യം സമബുദ്ധിയെ സ്ഥാപിക്കുവാൻ ശ്രമിക്കുന്ന പ്രവണത ഉപേക്ഷിച്ചു സമബുദ്ധിയെ കൈവരിക്കുവാൻ ഗുരു ദേവ ദർശനം പഠിപ്പിക്കുന്നു. അതറിയും തോറും മാത്സര്യവും കലഹവും താനേ ഒഴിവായി ലോകം തീരത്തേക്ക് അണയുന്നു ശാന്തി തീരത്തേക്ക് അണയുന്നു. ഈ മഹത്തായ ലക്ഷ്യത്തോടെ ഗുരു സംസ്ഥാപനം ചെയ്തതാണ് ധർമ്മത്തെ ഹൃദയത്തിലേറ്റുന്ന ശ്രീ നാരായണ ധർമ്മ പരിപാലന യോഗം .പിന്നീട് ജീവിത സായാഹ്ന വേളയിൽ സന്യാസിമാരായ ശിഷ്യന്മാരെ ചേർത്ത് ലോകനന്മയ്ക്കാ ശ്രീനാരായണ ധർമ്മ സംഘവും സ്ഥാപിച്ചു. ആ ആശ്രമ വ്യവസ്‌തയെ പാലനം ചെയ്യുന്നതിന് മാർഗ്ഗ രേഖയായി ആശ്രമം എന്ന കൃതി രചിക്കുകയും ചെയ്തു.
"യദ്വതത്രൈവതദ്വശ്ച
സ്ത്രീണാം പുംസാം പൃഥക് പൃഥക്
വിദ്യാലയാ ദിശിദിശി
ക്രിയാന്താമാശ്രമാ: സഭ:"
ഈ ആശ്രമത്തിനു കീഴിൽ ദേശംതോറും വിദ്യാലയങ്ങളും ധർമ്മ പ്രചരണത്തിനായി സഭകളും സ്ഥാപിക്കണമെന്ന് ഗുരു നിഷ്‌കർഷിക്കുന്നു. ഗുരുവിന്റെ അദ്യാത്മ കേന്ദ്രമായ ആശ്രമത്തിന് കീഴിൽ ആത്മീയ സംസ്കാരം ഉൾകൊണ്ടുകൊണ്ട് ജീവിത വിശുദ്ധിയോട് കൂടി ലോകത്ത് ധർമ്മ പ്രചരണം നിർവഹിക്കുന്ന ഗുരുഭക്തൻമാരുടെ കൂട്ടായ്‌മയാണ് ഗുരുധർമ്മ പ്രചരണ സഭഗുരുവിന്റെ വിശുദ്ധമായ ജീവചരിത്രത്തിലൂടെയും കൃതികളിലൂടെയും തിരുവായ് മൊഴികളിലൂടെയും ഒരു തേൻ വണ്ടിനെ പോലെ സഞ്ചരിച്ച് ശേഖരിക്കുന്ന അമൃതമായ തേൻ കണങ്ങൾ സംസാരതാപം കൊണ്ട് പൊള്ളലേറ്റവർക്കായി ലേപനം ചെയ്യുവാൻ സാധിക്കുമ്പോഴാണ് ഒരു ഗുരു ധർമ്മ പ്രചാകരന് ധന്യത ഉണ്ടാകുക.18-04-1981 ൽ കൂടിയ ശ്രീനാരായണ ധർമ്മ
പ്രചാര ശിബിരം ശുപാർശ ചെയ്‌തതിൻ്റെ അടിസ്ഥാനത്തിൽ 1981 മെയ് മാസം 24 ന് കൂടിയ ശ്രീനാരായണ ട്രസ്റ്റ് ബോർഡ് നിശ്ചയപ്രകാരം രൂപം നൽകിയിട്ടുള്ളതാണ് ഈ സംഘടന.സഭയിൽ അംഗങ്ങളായി ചേരുന്ന ഓരോ വ്യക്തിയും സത്യപ്രതിജ്ഞ എടുക്കേണ്ടതുണ്ട്.
സത്യപ്രതിജ്ഞ
"ഞാൻ എന്റെ ജീവിതത്തിൽ മദ്യം ഉണ്ടാക്കുകയോ, കൊടുക്കുകയോ, കുടിക്കുകയോ ചെയ്യുന്നതല്ല. ഗുരുദേവൻ സങ്കല്‌പിച്ചിട്ടുള്ള ഏക ലോക ഭാവന നടപ്പിലാക്കുവാൻ ശ്രമിക്കുന്നതാണ്. വർണ്ണ വർഗ്ഗ രഹിതമായ ഒരു സമൂഹ സൃഷ്ടിക്കു വേണ്ടി ഞാൻ പ്രയത്നിക്കുന്നതാണ്. ഗുരുദേവദർശനം ജീവിതത്തിൽ പകർത്തി സ്നേഹത്തോടും വിട്ടുവീഴ്ചയോടും കൂടി ജീവിതം സൗഭാഗ്യകരമാക്കുവാൻ പരിശ്രമിക്കുന്നതും ശിവഗിരിമഠത്തിൻ്റെ തീരുമാനങ്ങൾക്കു വിധേയമായി പ്രവർത്തിച്ചുകൊള്ളാമെന്നും ഞാൻ ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു"
മറ്റെല്ലാ ശ്രീനാരായണ പ്രസ്ഥാനങ്ങളിൽ നിന്നും സഭയെ വ്യത്യസ്തമാക്കുന്ന മുഖ്യ ഘടകമാണ് ഈ സത്യ പ്രതിജ്ഞ. ആർക്കും എങ്ങനെയും ജീവിച്ച് കൊണ്ടും മദ്യവും ലഹരിയും ഉപയോഗിച്ചും കച്ചവടം ചെയ്‌തും ഈ സംഘടനയിൽ ചേരുവാനോ സാധിക്കുകയില്ല. ഒരാൾക്കൂട്ടം എന്നതിൽ ഉപരി ഗുരുദർശനത്തേ ഹൃദയം പോലെ സൂക്ഷിക്കുകയും അത് അനുഷ്ടിക്കുകയും ചെയ്യുന്നവരെയുമാണ് സഭക്ക് ആവശ്യം അംഗബലം കുറവാണെങ്കിലും അവരെ ലോകം അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യും.ഒരു ധർമ്മത്തെ പ്രതിനിധാനം ചെയ്യുന്ന മഹത്തായ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുമ്പോൾ ആ ധർമ്മം അനുഷ്ടിക്കാത്തവർ, അതിന് താൽപര്യം ഇല്ലാത്തവർ ആ സംഘടനയിൽ എത്തിപ്പെട്ടാൽ എന്താണ് സംഭവിക്കുക. സംഘത്തിൻ്റെ പേരിൽ അവർക്ക്
ഇഷ്ടമുള്ളത് ചെയ്‌ത് കൂട്ടുമ്പോൾ കട്ടിയായ പുറംതോട് അവശേഷിപ്പിച്ച് അതിന്റെ ജീവൻ ഇല്ലാതെ ആവുകയാണ് ചെയ്യുന്നത്. അങ്ങനെ വരുമ്പോൾ ഈ സംഘത്തിൻ്റെ സ്ഥാപകനായ മഹാഗുരു ഉദ്ദേശിച്ച പരമവും പരിശുദ്ധവുമായ ലക്ഷ്യത്തിലേക്ക് ഉയരുവാനും സമൂഹത്തെ കൈപിടിച്ച് നടത്തുവാനും
സാധിക്കാതെ പോകുന്നു. ഈ കാലഘട്ടത്തിൻ്റെ ആവശ്യമായ ഗുരു ദർശനത്തിന് നേരിടുന്ന വെല്ലുവിളികൾ പുറത്ത് നിന്ന് ഉള്ളതിനേക്കാൾ അകത്ത് നിന്ന് തന്നെയാണ്.എന്ന വസ്‌തുത മനുഷ്യരാശിയെ സ്നേഹിക്കുന്ന ആരിലും വേദന ഉളവാക്കുന്നു. എല്ലാ മനുഷ്യരെയും സ്നേഹിക്കുവാനും സമന്വയിപ്പിക്കുവാനും ഇത്രയും വിശാലമായ ഒരു തത്ത്വദർശനം ചമയ്ക്കുവാൻ ലോകത്ത് ശ്രിനാരായണ ഗുരുദേവനല്ലാതെ മറ്റാർക്കും സാധിച്ചിട്ടില്ല. ഗുരു ഭക്തൻമാരും അനുയായികളും പോലും വേണ്ടവിധത്തിൽ അത് ഉൾക്കെള്ളുവാനോ പ്രചരിപ്പിക്കാനോ സാധിക്കാതെ പോകുന്നു. പ്രചരിപ്പിക്കുന്നതിലുപരി അത് ആചരിക്കുന്നതാണ് ജിവിത ധന്യത പകരുക. തേൻ നുകരുന്നതാണ് അത് പകരുന്നതിനേക്കാൾ ആസ്വാദ്യകരം എന്ന് എല്ലാവർക്കും അറിയാമല്ലോ.
ഈശ്വര സ്വരൂപനായ ഗുരുവിനെ ആരാധിക്കുന്നതിനപ്പുറം അറിഞ്ഞ് ആരാധിക്കുവാൻ സമൂഹത്തെ പ്രാപ്‌തമാക്കുന്ന സംഘടനകൾ ധാരാളം ഉയർന്ന് വരണം. മദ്യം തുടങ്ങിയ ലഹരി വസ്‌തുക്കളുടെ ഉപയോഗവും വിപണനവും ഒരാൾക്ക് ബുദ്ധിഭ്രമത്തെ ഉണ്ടാക്കുന്നതാണ്.ആ ഭ്രമത്തെ മറികടക്കാത്ത ഒരാൾക്ക് ധർമ്മ അധർമ്മ വിവേകം സാധ്യമാവുകയില്ല. ധർമ്മാധർമ്മ വിവേകമില്ലാതെ ധർമ്മാചരണവും പ്രചരണവും എങ്ങനെ സാധിക്കും? ഈ ഒരു സമസ്യയയെ മുന്നിൽ കണ്ട് കൊണ്ടാണ് സഭയിൽ ചേര ചേരുന്നവർക്ക് സത്യപ്രതിജ്ഞ നിർബന്ധമാക്കിയത്. അങ്ങനെ പ്രതിജ്ഞ എടുത്ത ഒരാൾ ലോക നന്മക്കായ് എന്ത് പ്രവർത്തിക്കണം എന്ന് ഇതിൽ പറയുന്നു. വർഗ്ഗവർണ്ണ രഹിതമായ ഒരു സമൂഹ സൃഷ്ടിക്ക് വേണ്ടി പ്രയത്നിക്കും എന്നും മനുഷ്യൻ്റെ ജാതി മനുഷ്യത്വമാണ് അതിന് വർണ്ണമോ വർഗ്ഗമോ ഭാഷയോ ഒരു തടസ്സമാകുവാൻ പാടില്ല.മനുഷ്യനെ മനുഷ്യനായി കണ്ട് സ്നേഹിക്കുവാനുമുള്ള അറിവ് സമൂഹത്തിന് പകർന്ന് നൽകി മാനവ മൂല്യത്തിലൂടെ ശ്രേഷ്ടമായ പുതിയ ഒരു ഏകലോകം സൃഷ്ടിക്കുകയാണ് സഭയുടെ ലക്ഷ്യം.
മഹാഗുരുവിന്റെ അഷ്‌ഠ ലക്ഷ്യങ്ങളെ മുൻനിർത്തി (വിദ്യാഭ്യാസം, ശുചിത്വം, ഈശ്വര ഭക്തി, സംഘടന, കൃഷി, കച്ചവടം, ശാസ്ത്ര സാങ്കേതിക പരിശീലനം)ഊന്നി നിന്നുകൊണ്ട് സഭ വർഷം തോറും കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നു. ഈ വർഷം ആവിഷ്കരിച്ച് നടപ്പിലാക്കി കൊണ്ടിരിക്കുന്ന കർമ്മ പദ്ധതികളിൽ പ്രധാനപ്പെട്ടവ ചുവടെ ചേർക്കുന്നു:
കർമ്മ പദ്ധതികൾ
1. ഈശ്വര ആരാധന എല്ലാ ഗൃഹങ്ങളിലും ഹൃദയങ്ങളിലും എത്തിക്കുക എന്ന ഗുരു സന്ദേശം ഉൾക്കൊണ്ടുകൊണ്ട് ശ്രീനാരായണ ധർമ്മം, ശ്രീനാരായണ മാസാചരണവും, ധർമ്മചര്യയജ്ഞവും സഭയുടെ യൂണിറ്റ് തലം മുതൽ മണ്ഡലം ജില്ലാ തലം വരെ വിപുലമായി സംഘടിപ്പിക്കുക .(പ്രാർത്ഥന പ്രചാരകരെ കോഴ്‌സിലൂടെ രൂപപ്പെടുത്തി നിയോഗിക്കുക)
2. ലഹരി വിരുദ്ധ ബോധവൽകരണ സെമിനാറുകൾ ഓൺലൈനായും ഓഫ് ലൈനായും സംഘടിപ്പിക്കുക .ക്ലാസുകൾ നയിക്കാൻ പര്യാപ്തമായവരെ
വാർത്തെടുത്തു സഭയുടെ എല്ലാ പരിപാടികളിലും പ്രത്യേക ശ്രദ്ധ കൊടുത്തു നിയോഗിക്കുക.
3. ഗുരുദേവ കൃതികളും ശ്രീനാരായണ ധർമ്മവും , ഗുരു സന്ദേശങ്ങളും പഠിപ്പിക്കുന്നതിനായി ജില്ലകളിലേയും മണ്ഡലങ്ങളുടേയും കീഴിൽ ശ്രീനാരായണ ദർശന പഠന കേന്ദ്രങ്ങൾ സമാരംഭിക്കുകയും മാസംതോറും ക്ലാസുകൾ സംഘടിപ്പിക്കുന്നതിന് പ്രത്യേകം സമിതിയെ രൂപീകരിക്കുക .
4. റിട്ടയർമെന്റിന് ശേഷം വിരസതയിൽ കഴിയുന്നവരെ ഗുരുദർശനത്തിലേക്ക് ആകർഷിക്കുവാൻ ഗുരു ധർമ്മ പ്രചാകരരായി നിയോഗിക്കാൻ വേണ്ടുന്ന നടപടി ക്രമങ്ങൾ സ്വീകരിക്കുക.
5. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി സ്വയം തൊഴിൽ പരിശീലനത്തിനും ഗൃഹം തോറും അടുക്കള തോട്ടങ്ങൾ നിർമ്മിക്കുന്നതിനും യൂണിറ്റുകൾ തോറും രവിവാര പാഠശാലകൾ നയിക്കുന്നതിനുമായി മാതൃസഭ പ്രവർത്തകരെ നിയോഗിക്കുക.
6. നിർദ്ധന വിദ്യാർഥികൾക്കായി സഭയുടെ ആഭിമുഖ്യത്തിൽ സൗജന്യ ട്യൂഷൻ സെൻ്ററുകൾ തുടങ്ങുക .(റിട്ട) അദ്ധ്യാപകരെ കണ്ടെത്തി പരിശീലരാക്കുക.
7. ദുരിതാശ്വാസ കമ്മിറ്റിയും ദൂരിതാശ്വാസനിധിയും രൂപീകരിക്കുക.
8. കേന്ദ്ര നേതൃത്വത്തിൻ്റെ കീഴിൽ ഗുരുദേവൻ പ്രതിഷ്‌ഠിച്ച ക്ഷേത്ര സന്നിധികളിലൂടെയും ഗുരുസന്ദർശിച്ച പുണ്ണ്യ ഗൃഹങ്ങളിലൂടേയും ഹ്രസ്വതീർത്ഥാടനങ്ങൾ സംഘടിപ്പിക്കുക .
ജാതിമതഭേതമന്യേ എല്ലാ മനുഷ്യരെയും ചേർത്ത് പ്രവർത്തിപ്പിക്കുന്ന ശിവഗിരി മഠത്തിൻ്റെ ഏക പോഷക സംഘടനയായ ഗുരുധർമ്മ പ്രചരണ സഭയിൽ ചേർന്ന് പ്രവർത്തിക്കുമ്പോൾ സാധാരണ ജീവിതത്തിനും ഉപരിയായ ലക്ഷ്യവും അർത്ഥ വ വ്യാപ്തിയും ഒരോർത്തർക്കും കൈവരുന്നു.ഗുരുവിന്റെ ലക്ഷ്യം നമ്മുടേതാവുന്നു, നമ്മുടെ ലക്ഷ്യം ഗുരുവും ആകുന്നു.ആ ലക്ഷ്യത്തിലേക്ക് ചേർന്ന് പ്രവർത്തിക്കുവാൻ സന്മനസുള്ള എല്ലാവരേയും സഹോദര്യബുധ്യാ ഈ സഭയിലേക്ക് സ്വാഗതം ചെയ്‌തു കൊള്ളുന്നു.
ഗുരുധർമ്മ പ്രചാരണ സഭയുടെ നാല്പത്തഞ്ചാം സ്ഥാപകദിനം വന്നടുക്കുമ്പോൾ ഭാരതത്തിലും വിദേശരാജ്യങ്ങളിലും ആയി ഇതുവരെ 2090 ൽ അധികം യൂണിറ്റുകൾ സഭയുടെ കീഴിൽ രജിസ്റ്റർ ചെയ്യ്തു കഴിഞ്ഞു
സ്വാമി അസംഗാനന്ദഗിരി
കേന്ദ്ര സെക്രട്ടറി
ഗുരുധർമ്മ പ്രചരണ സഭ
MOB:7012721492
Email ID:gdpssivagirimutt81@gmail.com













