*കാലവര്‍ഷം: ദുരന്തപ്രതിരോധനടപടികള്‍ കൂടുതല്‍ശക്തമാക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം*
*PRESS RELEASE 04/06/2026*
*കാലവര്‍ഷം: ദുരന്തപ്രതിരോധനടപടികള്‍ കൂടുതല്‍ശക്തമാക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം*
ജില്ലയില്‍ മഴ ശക്തിപ്പെടുന്നസാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥവകുപ്പ് മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലും, ദുരന്തപ്രതിരോധനടപടികള്‍ സുശക്തമാക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. വിനോദസഞ്ചാരികളിലേക്ക് സുരക്ഷാമുന്നറിയിപ്പുകള്‍ കൃത്യമായി എത്തുന്നുണ്ടെന്ന് വിനോദസഞ്ചാര വകുപ്പും ഡി.ടി.പി.സിയും ഉറപ്പാക്കണം. വെള്ളച്ചാട്ടം, ജലാശയങ്ങളുമായിബന്ധപ്പെട്ട മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണങ്ങള്‍ഏര്‍പ്പെടുത്തണം. മുന്നറിയിപ്പുകള്‍ പിന്‍വലിക്കുന്നത്‌വരെ നിയന്ത്രണങ്ങള്‍ തുടരാനും നിര്‍ദ്ദേശമുണ്ട്.
നിര്‍മാണപ്രവര്‍ത്തനങ്ങളോഅറ്റകുറ്റപ്പണികളോനടക്കുന്ന ദേശീയ-സംസ്ഥാന പാതകളിലും മറ്റ് റോഡുകളിലും യാത്രക്കാര്‍ക്ക് വ്യക്തമായി കാണാവുന്ന സുരക്ഷാ ബോര്‍ഡുകള്‍ ഉറപ്പാക്കണം, ഇല്ലാത്ത ഇടങ്ങളില്‍ അടിയന്തരപരിശോധന നടത്തി സ്ഥാപിക്കാന്‍ റോഡ് സേഫ്റ്റി അതോറിറ്റിക്കും പൊലീസിനും നിര്‍ദേശം നല്‍കി. റോഡുകളില്‍ കുഴികളോ മറ്റ് അപകടസാധ്യതകളോ ഉള്ളയിടങ്ങളില്‍ അടിയന്തര ഇടപെടല്‍ നടത്തണം. ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ റോഡ് സേഫ്റ്റി വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്താനും തീരുമാനിച്ചു. ശക്തമായ കാറ്റില്‍ മറിഞ്ഞുവീഴാന്‍സാധ്യതയുള്ള പരസ്യബോര്‍ഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ബലപ്പെടുത്തുകയോ അഴിച്ചുമാറ്റുകയോ ചെയ്യണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. (പി.ആര്‍.കെ നമ്പര്‍ 1052/2026)
*സെന്‍സസ് ജോലിയില്‍ വീഴ്ചവരുത്തിയാല്‍ കര്‍ശനശിക്ഷാനടപടി - ജില്ലാ കലക്ടര്‍*
ദേശീയപ്രാധാന്യമുള്ളതും അത്യന്താപേക്ഷിതമായ സെന്‍സസ് ജോലിയില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പ്രിന്‍സിപല്‍ സെന്‍സസ് ഓഫീസറായ ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്. സെന്‍സസിന് നിയോഗിക്കുന്നതിനുള്ള ജീവനക്കാരുടെ വിവരങ്ങള്‍ മറച്ചുവയ്ക്കുന്നത് അനുവദിക്കില്ല, ഗുരുതരവീഴ്ചയായി കണക്കാക്കും. ജോലിനിര്‍വഹിക്കാന്‍ വിമുഖതകാട്ടുന്നതും നടപടിക്ക് ഇടയാക്കും.
അര്‍ഹതയുള്ള അവധികളുടെ സ്വഭാവവും സ്വാഭാവികതയും പരിശോധിച്ച് മാത്രം അനുമതി നല്‍കുന്നതിന് വകുപ്പ് മേധാവികള്‍ പ്രത്യേകം ശ്രദ്ധിക്കണം. ബോധപൂര്‍വും ജോലിയില്‍നിന്ന് ഒഴിവാകാനല്ല അവധിഅപേക്ഷയെന്ന് ഉറപ്പാക്കുകയും വേണം.
സെന്‍സസ് ആക്ട്, സെക്ഷന്‍ 11 പ്രകാരം സെന്‍സസ് ജോലിചെയ്യാന്‍ വിസമ്മതിക്കുക, കൃത്യവിലോപം, നിയമവിരുദ്ധമായി മനപൂര്‍വം പ്രവര്‍ത്തിക്കുക, ജീവനക്കാരുടെ വിവരങ്ങള്‍ മറച്ചുവെക്കുകയോചെയ്താല്‍ പിഴയോ പരമാവധി മൂന്ന് വര്‍ഷം വരെയുള്ള തടവോ അല്ലെങ്കില്‍ ഇവരണ്ടുമോ ലഭിക്കാവുന്ന ശിക്ഷാര്‍ഹമായ കുറ്റമാണ്. സെന്‍സസ് കാലയളവില്‍ മെഡിക്കല്‍ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയ ഗുരുതരമായമെഡിക്കല്‍ അത്യാഹിതങ്ങളിലൊഴികെയുള്ള അവധികള്‍ക്ക് നിയന്ത്രണമുണ്ടാകും എന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. (പി.ആര്‍.കെ നമ്പര്‍ 1053/2026)
*അഭയകിരണം പദ്ധതി; അപേക്ഷിക്കാം*
അശരണരായ വിധവകള്‍ക്ക് അഭയവും സംരക്ഷണവും നല്‍കുന്നവര്‍ക്ക് ധനസഹായം നല്‍കുന്ന വനിത ശിശുവികസന വകുപ്പിന്റെ അഭയകിരണം പദ്ധതിയിലേയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. www.schemes.wcd.kerala.gov.in മുഖേന ഡിസംബര്‍ 15 വരെ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് തൊട്ടടുത്ത അംഗന്‍വാടികളുമായോ ഐ സി ഡി എസ് പ്രൊജക്റ്റ് ഓഫീസുമായോ ബന്ധപ്പെടാം. ഫോണ്‍: 0474-299809.
(പി.ആര്‍.കെ നമ്പര്‍ 1055/2026)
*യോഗം ചേരും*
കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രാദേശിക വികസന പദ്ധതി (എം.പി ലാഡ്‌സ്) പ്രകാരം നടത്തുന്ന പ്രവൃത്തികളുടെ പുരോഗതി അവലോകന യോഗം ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ജൂണ്‍ എട്ട് രാവിലെ 10ന് ജില്ലാ ആസൂത്രണസമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
(പി.ആര്‍.കെ നമ്പര്‍ 1056/2026)
*അഭിമുഖം*
എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ലക്ചറര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് ജൂണ്‍ എട്ട് രാവിലെ 10 ന് അഭിമുഖം നടത്തും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബി.ടെക് ബിരുദം/തതുല്യം. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. വിവരങ്ങള്‍ക്ക് : gptcezhukone@gmail.com ഫോണ്‍: 0474 2484068. (പി.ആര്‍.കെ നമ്പര്‍ 1057/2026)
*അഭിമുഖം*
മങ്ങാട് സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം ഫിസിക്കല്‍ സയന്‍സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ അതിഥി അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ 11 രാവിലെ 10 മുതല്‍ സ്‌കൂള്‍ ഓഫീസില്‍ നടത്തും. യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
(പി.ആര്‍.കെ നമ്പര്‍ 1058/2026)
*ബാല്‍ ശക്തി, ബാല്‍ കല്യാണ്‍ പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു*
വിജ്ഞാനം, കലാകായിക സാംസ്‌കാരിക രംഗം, സാമൂഹ്യ സേവനം, ധീരത, കണ്ടുപിടുത്തം എന്നീ മേഖലകളില്‍ അസാധാരണമായി കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്ക് നല്‍കുന്ന ബാല്‍ ശക്തി പുരസ്‌കാരത്തിനായി അപേക്ഷ ക്ഷണിച്ചു. കുട്ടികളുടെ ക്ഷേമം, സംരക്ഷണം, ഉന്നമനം എന്നിവയ്ക്കായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍/ സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ https://nca-wcd.nic.in/ മുഖേന സെപ്തംബര്‍ 15നകം ലഭ്യമാക്കണം. ഫോണ്‍: 0474 2791597, 8281899461. (പി.ആര്‍.കെ നമ്പര്‍ 1059/2026)
*സൗജന്യ തൊഴില്‍ പരിശീലനം*
കൊട്ടാരക്കര കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിക്കുന്ന ഇന്‍സ്റ്റാളേഷന്‍ ആന്‍ഡ് സര്‍വീസിംഗ് ഓഫ് സി.സി.ടി.വി, സ്മോക്ക് ഡീറ്റെക്ടര്‍ (14 ദിവസം) ഫാസ്റ്റ് ഫുഡ് നിര്‍മ്മാണം (10ദിവസം), കൂണ്‍കൃഷി (10ദിവസം) എന്നീ പരിശീലന പരിപാടികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 18-50 വയസ്. അപേക്ഷകര്‍ സ്വന്തമായി സംരംഭം നടത്താന്‍ താല്‍പര്യമുള്ളവരാകണം. ബി.പി.എല്‍ വിഭാഗത്തിലുള്ളവര്‍ക്ക് മുന്‍ഗണന. ട്രെയിനിംഗ്, ഭക്ഷണം തുടങ്ങിയവ സൗജന്യമാണ്. പേര്, മേല്‍വിലാസം, പ്രായം, ഫോണ്‍നമ്പര്‍ എന്നിവ സഹിതമുളള അപേക്ഷ ഡയറക്ടര്‍, കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട്, പി.എം ജവാഹര്‍ നവോദയ വിദ്യാലയത്തിനു സമീപം ഇറ്റിസി പി.ഒ., കൊട്ടാരക്കര, പിന്‍-691531. വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0474-2537141, 9495245002.
(പി.ആര്‍.കെ നമ്പര്‍ 1060/2026)













