*നാളെ പിണറായി - ബിനോയ് വിശ്വം കൂടിക്കാഴ്ച*
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
*നാളെ പിണറായി - ബിനോയ് വിശ്വം കൂടിക്കാഴ്ച*
*തിരുവനന്തപുരം* :പിഎം ശ്രീയിൽ സിപിഐയെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐ സെക്രട്ടറി ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി ഫോണിൽ വിളിച്ചു. തൊട്ടടുത്ത ദിവസം നേരിട്ട് ചർച്ച നടത്താമെന്നറിയിച്ചു. കടുത്ത തീരുമാനങ്ങൾ സിപിഐയുടെ ഭാഗത്ത് നിന്ന് ഉണ്ടാവരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നാളെ മുഖ്യമന്ത്രി – ബിനോയ് വിശ്വം കൂടിക്കാഴ്ച നടന്നേക്കുമെന്നാണ് വിവരം. അതേസമയം, പിഎം ശ്രീ വിഷയം ചർച്ചചെയ്യാനുള്ള നിർണായക നീക്കത്തിലാണ് സിപിഐഎം. നാളെ സിപിഐഎം അടിയന്തര സെക്രട്ടറിയേറ്റ് യോഗം ചേരും. മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരികെ വന്നതിന് പിന്നാലെയാണിത്. ചർച്ചകൾക്ക് പിന്നാലെ സിപിഐ എന്തുതീരുമാനമാവും എടുക്കുകയെന്നതാണ് ഇനി അറിയേണ്ടത്.
പിഎം ശ്രീയില്‍ ഇടഞ്ഞുനില്‍ക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഡല്‍ഹിയില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. ഇതിന് ശേഷം പിഎം ശ്രീ വിഷയത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടില്ലെന്നായിരുന്നു എം എ ബേബി പ്രതികരിച്ചത്. സംസ്ഥാന തലത്തില്‍ ചര്‍ച്ച നടത്തി പരിഹാരം കാണട്ടെയെന്നും എം എ ബേബി പറഞ്ഞിരുന്നു. സിപിഐയുടെ ആവശ്യം സിപിഐഎം ദേശീയ നേതൃത്വം ഇടപെടണമെന്നായിരുന്നുവെന്നും സംസ്ഥാന നേതൃത്വം വിഷയത്തില്‍ പരിഹാരം കാണുമെന്നും എം എ ബേബി പറഞ്ഞിരുന്നു.













