വിവാഹ ആഘോഷത്തിനിടെ വരന് നേരെ ആക്രമണം, രണ്ട് കിലോമീറ്റർ അക്രമിയെ പിന്തുടർന്ന് ഡ്രോൺ
റിപ്പോർട്ട് :സജീവ് ഗോപാലൻ
മുംബൈ: മഹാരാഷ്ട്രയിലെ
അമരാവതിയിൽ വിവാഹ ആഘോഷത്തിനിടെ വരന് നേരെ ആക്രമണം.ആക്രമണത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച അക്രമിയെ ചടങ്ങ് ചിത്രീകരിച്ച ഡ്രോൺ കാമറ പിന്തുടർന്നത് രണ്ട് കിലോമീറ്ററോളം ദൂരം. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
അമരാവതിയിലെ ബദ്നേര റോഡിലെ സാഹിൽ ലോണിലാണ് സംഭവം.
സുജൽ റാം സമുദ്ര (22) എന്നയാളാണ് ആക്രമണത്തിന് ഇരയായത്. വിവാഹ വേദിയിൽ എത്തിയ യുവാവ് അതിഥികളുടെമുന്നിൽ വച്ച് സുജൽ റാം സമുദ്രയെ പലതവണ കുത്തുകയായിരുന്നു.
തുടയിലും കാൽമുട്ടിലുമാണ് യുവാവിന് പരിക്കേറ്റത്. സുജൽ റാമിന്റെ പിതാവിന് നേരെയും ആക്രമണ ശ്രമമുണ്ടായി. പിന്നീട് സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ട അക്രമിയുടെ ദൃശ്യങ്ങൾ ചടങ്ങ് ചിത്രീകരിച്ചിരുന്ന വിഡിയോ ഗ്രാഫർ പകർത്തിയത് ആക്രമണത്തിൽ നിർണായകമായി.രാഘോ ജിതേന്ദ്ര ബക്ഷി എന്ന യുവാവാണ് ആക്രമണം നടത്തിയത്. പ്രദേശത്ത് നിന്നും രക്ഷപ്പെടാൻ ശ്രമിച്ച അക്രമിയെ രണ്ട് കിലോമീറ്ററോളം ദൂരം ഡ്രോൺ പിന്തുടരുകയും ചെയ്തു.
വിവാഹ വേദിയിൽ നിന്ന് ഓടിപ്പോകുന്നതിനിടെ ഇയാളെ ഓറഞ്ച് നിറത്തിലുള്ള ഹൂഡി ധരിച്ച മറ്റൊരാൾ മോട്ടോർ സൈക്കിളിൽ ഇയാളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന ദൃശ്യങ്ങളും ഡ്രോൺ പകർത്തി.
സംഭവത്തിൽ രാഘോ ജിതേന്ദ്ര ബക്ഷിക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണംആരംഭിച്ചതായും പൊലീസ് അറിയിച്ചു.
വിവാഹവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ഒരു ഡിജെ പാർട്ടിയിൽ ഉണ്ടായ തർക്കമാണ് അക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.













