പാർട്ടി ആരോടും ഒളിവിൽ കഴിയാൻ ഒന്നും പറഞ്ഞിട്ടില്ലല്ലോ, കാര്യങ്ങൾ നിയമപരമായി ചെയ്യണോ വേണ്ടയോ എന്നത് അയാളല്ലേ തീരുമാനിക്കുന്നത്'; രാഹുൽ മാങ്കൂട്ടത്തിലിനെ കുറിച്ച് ഷാഫി പറമ്പിൽ

റിപ്പോർട്ട് : സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

പാർട്ടി ആരോടും ഒളിവിൽ കഴിയാൻ ഒന്നും പറഞ്ഞിട്ടില്ലല്ലോ, കാര്യങ്ങൾ നിയമപരമായി ചെയ്യണോ വേണ്ടയോ എന്നത് അയാളല്ലേ തീരുമാനിക്കുന്നത്'; രാഹുൽ മാങ്കൂട്ടത്തിലിനെ കുറിച്ച് ഷാഫി പറമ്പിൽ

 കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ഒളിവിൽ പോയ സംഭവത്തിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എം.പി. ആരോടും ഒളിവിൽ കഴിയാൻ പാർട്ടി നിർദേശിച്ചിട്ടില്ലെന്നും, രാഹുൽ എവിടെയാണെന്ന് പാർട്ടിക്ക് അറിയില്ലെന്നും ഷാഫി പറഞ്ഞു. യുവതിയുടെ പരാതിയിൽ ലൈംഗികപീഡനക്കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയത്. അതേസമയം ഞാൻ ഈ കാര്യത്തിൽ പ്രതികരിക്കേണ്ട ആളല്ലെന്നും ഷാഫി പറഞ്ഞു.

‘പാർട്ടി അങ്ങനെ ഒരു തീരുമാനം എടുത്തിട്ടില്ല. പാർട്ടി ആരോടും ഒളിവിൽ കഴിയാൻ ഒന്നും പറഞ്ഞിട്ടില്ലല്ലോ. നിയമവഴിയിൽ എങ്ങനെയാ ചെയ്യേണ്ടത് എന്ന് വ്യക്തിപരമായി അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. കാര്യങ്ങൾ നിയമപരമായി ചെയ്യണോ വേണ്ടയോ എന്നത് അയാളല്ലേ പ്രതികരിക്കേണ്ടത്. അത് അവർ ചെയ്തോട്ടെ. ഇതിൽ ഇനി എന്തെങ്കിലും പറയണമെന്നുണ്ടെങ്കിൽ പാർട്ടി നിലപാട് പറഞ്ഞ ശേഷം അത് അറിയിക്കാം’ -ഷാഫി പറഞ്ഞു.

രാഹുലിനെതിരെ പരാതി നൽകിയ യുവതിയെ അറിയാമെന്നും അവരുടെ വിവാഹത്തിൽ താൻ പങ്കെടുത്തിരുന്നുവെന്നും കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ നേരത്തെ വ്യക്തമാക്കിയിരുന്നു. ‘അവരുടെ വിവാഹ ബന്ധം നാലുദിവസം മാത്രമേ നീണ്ടു നിന്നുള്ളൂ എന്ന് പെൺകുട്ടി ഉന്നയിച്ച വാദം ശരിയല്ല. മാസങ്ങളോളം അവർ തിരുവനന്തപുരത്ത് ഒരുമിച്ച് ഉണ്ടായിരുന്നു. ഇത് സത്യമാണ്. ഇതെനിക്കറിയാവുന്നതാണ്. മാത്രമല്ല അവർ ഇപ്പോഴും വിവാഹമോചിതരല്ല. ഗുരുവായൂരിൽ താലികെട്ടിയതാണ്’ -സന്ദീപ് വാര്യർ പറഞ്ഞു.

‘ഞാൻ അറിയാവുന്ന ഇത്രയും സത്യങ്ങൾ പറഞ്ഞില്ലെങ്കിൽ കുറ്റബോധം എന്നെ വേട്ടയാടും. അതുകൊണ്ട് മാത്രം പറഞ്ഞതാണ് . എന്നാൽ ആരോപണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പാർട്ടി ഒരു നിലപാട് എടുത്തിട്ടുണ്ട്. അതാണ് എൻ്റെ നിലപാട്. സത്യം വിജയിക്കട്ടെ…’ -സന്ദീപ് ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.