മസാല ബോണ്ട് ഇടപാടിലെ ഇഡി നോട്ടീസ്; കിഫ്ബി നൽകിയ ഹർജി ഹൈക്കോടതി ഇടക്കാല ഉത്തരവിനായി മാറ്റി
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രിക്കുൾപ്പെടെ ഇഡി നോട്ടീസ് നൽകിയതിനെതിരെ കിഫ്ബി നൽകിയ ഹർജി ഹൈക്കോടതി ഇടക്കാല ഉത്തരവിനായി മാറ്റി. ഹർജിയിൽ അന്തിമ തീരുമാനമാകും വരെ നോട്ടീസ് നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.മസാല ബോണ്ട് വഴി സമാഹരിച്ച പണം സംസ്ഥാനത്തെ വികസന പദ്ധതികൾക്കാണ് ഉപയോഗിച്ചതെന്നാണ് കിഫ്ബി വാദം. ഇതുപയോഗിച്ച് റിയൽ എസ്റ്റേറ്റ് കച്ചവടം നടത്തിയെന്ന എൻഫോഴ്സ്സ്മെന്റ് കണ്ടെത്തൽ ശരിയല്ല. ഭൂമി വാങ്ങുകയല്ല വികസന പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കകയാണ് ചെയ്തത്. എന്നാൽ മസാല ബോണ്ടുവഴി സമാഹരിച്ച പണം വികസന പദ്ധതികൾക്കായി മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്ന് ഇഡി അറിയിച്ചു.ഇതുപയോഗിച്ച് ഭൂമി വാങ്ങിയത് നിയമപരമായി ശരിയല്ല.സർക്കാരിന്റെ കൈവശമുളള ഭൂമിയിലോ മറ്റേതെങ്കിലും ഫണ്ടുകൊണ്ട് സർക്കാരിലേക്ക് വന്ന ഭൂമിയിലോ ആയിരുന്നു മസാല ബോണ്ടിലെ പണം വിനിയോഗിക്കേണ്ടിയിരുന്നതെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ അറിയിച്ചു.













