ചക്രവർ സമുദായത്തെ ഒ.ഇ.സി. പട്ടികയിൽപെടുത്തണം
കേരളം
ചക്രവർ സമുദായത്തെ ഒ.ഇ.സി. പട്ടികയിൽപെടുത്തണം: കാലതാമസം കൂടാതെ തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ തിരുവനന്തപുരം : ചക്രവർ സമുദായത്തിലുള്ള വിദ്യാർത്ഥികൾക്ക് ഒ.ഇ.സി. ക്ക് (അദർ എലിജിബിൾ കമ്മ്യൂണിറ്റീസ്) തുല്യമായ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ആറു ലക്ഷം രൂപ വരുമാനപരിധിക്ക് വിധേയമായി അനുവദിക്കുന്നത് പരിഗണിക്കണമെന്ന് അഭ്യർത്ഥിച്ച് പിന്നാക്കവികസന വകുപ്പ് ഡയറക്ടർ സർക്കാരിന് നൽകിയിട്ടുള്ള കത്തിൽ കാലതാമസം കൂടാതെ അന്തിമതീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. പിന്നാക്കവികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. പരാതിയിലെ ആവശ്യം സർക്കാരിന്റെ നയപരമായ തീരുമാനമായതിനാൽ നിർദ്ദേശങ്ങൾ നൽകാനാവില്ലെന്ന് ഉത്തരവിൽ പറഞ്ഞു. കാരക്കോണം മെഡിക്കൽ കോളേജിൽ നഴ്സിംഗിന് പ്രവേശനം നേടിയ വിദ്യാർത്ഥിയുടെ പിതാവ് സമർപ്പിച്ച പരാതിയിലാണ് നടപടി. പിന്നാക്കവിഭാഗ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ തൽസ്ഥിതി തുടരാനാണ് തീരുമാനമെന്ന് പറയുന്നു. വിഷയം പുനഃപരിശോധിക്കുന്ന വേളയിൽ പരാതിക്കാരന്റെ ആവശ്യം പരിശോധിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് വകുപ്പ് ഡയറക്ടറുടെ കത്ത് പരാതിക്കാരനായ പാറശാല സ്വദേശി പി. സുരേഷ് കുമാർ ഹാജരാക്കി. ഇതുകൂടി പരിഗണിച്ചാണ് ഉത്തരവ്. പി എം. ബിനുകുമാർ പി.ആർ. ഒ. 9447694053 03/08/2025













