മഹാസമാധിയില്‍ നിന്നും കോട്ടയത്തേക്ക് ധര്‍മ്മപതാക ഘോഷയാത്ര : തയ്യാറെടുപ്പുകളായി

കേരളം

മഹാസമാധിയില്‍ നിന്നും കോട്ടയത്തേക്ക് ധര്‍മ്മപതാക ഘോഷയാത്ര : തയ്യാറെടുപ്പുകളായി

ശിവഗിരി : മഹാസമാധിയില്‍ നിന്നും ഞായറാഴ്ച രാവിലെ കോട്ടയത്തേക്ക് ധര്‍മ്മപതാകാ ഘോഷയാത്രയ്ക്കുള്ള തയ്യാറെടുപ്പുകളായി. ശ്രീനാരായണ സാംസ്കാരിക സമിതിയുടെ വാര്‍ഷിക നഗറില്‍ ഉയര്‍ത്തുന്നതിനുള്ള പതാകയാണ് ഘോഷയാത്രയായി പുറപ്പെടുക. 9,10 തീയതികളിലാണ് കോട്ടയത്ത് സമിതി വാര്‍ഷികം. ചെമ്പഴന്തി ഗുരുകുലത്തില്‍ നിന്നാകും കൊടിക്കയര്‍ അന്ന് രാവിലെ മഹാസമാധിയില്‍ എത്തിക്കുക. സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് കൊടിക്കയര്‍ വാഹന ഘോഷയാത്രയായി എത്തിക്കുന്നത്. മഹാസമാധിയില്‍ നിന്നും ധര്‍മ്മപതാക കൈമാറുന്നതിന്‍റെ ഭാഗമായുള്ള മുന്നൊരുക്കങ്ങള്‍ക്ക് സമിതി കേന്ദ്ര നേതാക്കളില്‍ ഒരാളും മുന്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലറുമായ ഡോ. പി. ചന്ദ്രമോഹന്‍റെ നേതൃത്വത്തില്‍ വര്‍ക്കലയിലെ പ്രവര്‍ത്തകര്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. പതാകയും കൊടിക്കയറും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഭക്തിനിര്‍ഭരമായ സ്വീകരണങ്ങളെ തുടര്‍ന്നാകും എത്തിക്കുക. മഹാസമാധിയില്‍ വച്ച് സന്യാസി ശ്രേഷ്ഠരില്‍ നിന്നും സമിതി സംസ്ഥാന പ്രസിഡന്‍റ് രതീഷ്. ജെ. ബാബു, ജനറല്‍ സെക്രട്ടറി കെ. കെ. കൃഷ്ണകുമാര്‍, ട്രഷറര്‍ വി. സജീവ്, ജനറല്‍ കണ്‍വീനര്‍ പി. ജി. രാജേന്ദ്ര ബാബു എന്നിവര്‍ ഏറ്റുവാങ്ങും. തുടര്‍ യാത്രയ്ക്ക് മേഖലാ സെക്രട്ടറി എം.എന്‍ മോഹനന്‍, അഡ്വ. എല്‍. പ്രസന്നകുമാര്‍ മറ്റ് കേന്ദ്ര ഭാരവാഹികളും നേതൃത്വം നല്‍കും.