ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓസ്ട്രേലിയന്‍ ലോകമത പാര്‍ലമെന്‍റ്:ഇത് ചരിത്ര നിമിഷം

റിപ്പോർട്ട്‌ :സജീവ് ഗോപാലൻ

ശിവഗിരി  മഠത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓസ്ട്രേലിയന്‍ ലോകമത പാര്‍ലമെന്‍റ്:ഇത് ചരിത്ര നിമിഷം
ഓസ്ട്രേലിയയിലെ വിക്ടോറിയൻ പാർലമെന്റിൽ നടന്ന സർവമത സമ്മേളന ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്ത വിക്ടോറിയൻ ഗവ:പ്രീമിയർ ജസീന്ത അലന് ശിവഗിരി മഠത്തിന്റെ ഉപഹാരമായി റിസർവ് ബാങ്ക് പുറത്തിറക്കിയ ഗുരുദേവ നാണയത്തിന്റെ സെറ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമിയും ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും ചേർന്ന് സമ്മാനിച്ചപ്പോൾ

മെൽബൺ: ലോകസൗഹാർദ്ദത്തിന്റെയും ഐക്യത്തിന്റെയും പുതുചലനമായി മനുഷ്യകുലത്തിന്റെ പരസ്പര ബഹുമാനത്തെയും സഹവർത്തിത്വത്തെയും കുറിച്ച് ആഴത്തിൽ ആലോചിപ്പിക്കുന്നതായിരുന്നു ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ മെൽബണിലെ വിക്ടോറിയൻ പാർലമെന്റിൽ നടന്ന ആസ്ട്രേലിയൻ ലോകമതപാർലമെന്റ്. ദൈവദശകം പ്രാർത്ഥനയോടെയാണ് സമ്മേളനം സമാരംഭിച്ചത്. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം ഓസ്‌ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയയുടെ ഗവ. പ്രീമിയർ ജസീന്ത അലൻ ഉദ്ഘാടനം ചെയ്തു. .ധർമ്മസംഘം ട്രസ്റ്റ് ജനറൽസെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ.ശശി തരൂർ ഗുരുവിന്റെ മതദർശനം അവതരിപ്പിച്ചു. ഗുരുവിന്റെ ചിത്രം ആലേഖനം ചെയ്ത ആസ്ട്രേലിയൻ സർക്കാർ സ്മാരക സ്റ്റാമ്പ് വേദിയിൽ ജസീന്ത അലൻ പ്രകാശനം ചെയ്തു. മന്ത്രി ഇൻഗ്രിഡ് സ്റ്റിട്ട്, ഗവ. വിപ്പ് ലീ ടർലാമീസ്, വ്യവസായ പ്രാദേശിക വികസന മന്ത്രി ജാക്ലിൻ സിസ്, പാർലമെന്ററി സെക്രട്ടറി ഷീന വാട്ട്, ഡെപ്യൂട്ടി സ്പീക്കർ മാട്ട് ഫ്രിഗൽ, ഉക്രേനിയൻ കത്തോലിക്ക അപ്പസ്തോലിക് വിസിറ്റേറ്റർ മൈക്കോള കർദ്ദിനാൾ ബൈചോക്ക്, ക്വാങ് മിൻ ബുദ്ധസന്യാസി ഫ്യൂക് ടാൻ തിച്ച്, അൽബേനിയൻ മുസ്ലീം സൊസൈറ്റി ഓഫ് ഷെപ്പാർട്ടൺ പ്രതിനിധി ഇമാം ഹിസ്‌നി മെർജ, സിക്ക് മത സന്യാസി ദിഗമദുല്ലെ വിമലാനന്ദ നായക തേരോ, ഔംസായി സന്സ്ഥാൻ പ്രതിനിധി കിരുബാശങ്കർ നടരാജൻ അയ്യ,സീ ചെങ് ഖോർ മോറൽ അപ്ലിഫ്റ്റിംഗ് സൊസൈറ്റിപ്രതിനിധി സ്റ്റീഫൻ ചെവ്, ഗുരുദ്വാര ശ്രീ ഗുരുനാനാക്ക് ദർബാർ ഓഫീസർ ഭായ് ബീർ സിംഗ് , ഫാ.ജോസി.കെ കുര്യാക്കോസ് (കത്തോലിക്കാ സഭ),ഫാ.ഫിലിപ്പ് മാത്യു(മാർത്തോമ്മാ ചർച്ച്),ഫാ.ജിബിൻ സാബു(ഓർത്തഡോക്സ് ചർച്ച്), ഫാ.ലിനു ലൂക്കോസ്(ഓർത്തഡോക്സ്),ഫാ.ജിജി മാത്യു(ഓർത്തഡോക്സ്),പാസ്റ്റർ ജേക്കബ് സൈമൺ(പെന്തക്കോസ്ത്),ഫാ ഡെന്നിസ് വി കെ: യാക്കോബായ തുടങ്ങിയവർ സംസാരിച്ചു. ചൈനീസ്, ശ്രീലങ്കൻ,സിക്ക്, മാർത്തോമ പെന്തക്കോസ്ത്, ഹിന്ദുമത നേതാക്കന്മാർ തുടങ്ങിയവർ മാനവികത, ലോകസൗഹാർദ്ദം, ഐക്യം, സമാധാനം, കാരുണ്യം എന്നി വിഷയങ്ങളിൽ പ്രഭാഷണം നടത്തി.സ്വാമി സച്ചിദാനന്ദ തയ്യാറാക്കിയ ശ്രീനാരായണ ഗുരൂസ് വിഷൻ ഓഫ് യൂണിവേഴ്സൽ ബ്രതർഹുഡ്, മങ്ങാട് ബാലചന്ദ്രൻ തയ്യാറാക്കിയ ശ്രീനാരായണ ഗുരു ദി പ്രോഫെറ്റ് ഓഫ് ദി പീസ് എന്നീ ഗ്രന്ഥങ്ങൾ ചടങ്ങിൽ പ്രകാശനം ചെയ്തു. മലയാളികളല്ലാത്തവരും പതിനാറോളം മതങ്ങളുടെ പ്രതിനിധികളുമായി എൺപതോളം മതപണ്ഡിതന്മാർ മത ദർശനങ്ങൾ അവതരിപ്പിച്ചു.ആലുവ സർവ്വമതസമ്മേളനശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ആസ്ട്രേലിയയിൽ ലോകമതപാർലമെന്റ് സംഘടിപ്പിച്ചത്.

--------------------------------

മെൽബൺ: ചരിത്ര നാഴികക്കല്ലായി മാറി ആസ്ട്രേലിയയിലെ വിക്ടോറിയൻ പാർലമെന്റിൽ നടന്ന ലോകമത പാർലമെന്റ് എന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.ശ്രീനാരായണ ഗുരുദേവന്റെ തത്വദർശനം രാജ്യാതിർത്തികൾ അതിലംഘിച്ചു ലോകത്തേയ്ക്ക് കടന്ന് ചെല്ലുവാൻ ഗുരുവിന്റെ അനുഗ്രഹവിശേഷമാണ് പ്രവർത്തിച്ചുപോരുന്നത് . ഗുരുവിന്റെ ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന് എന്ന സന്ദേശവും ഒരൊറ്റ ലോകം ഒരൊറ്റ ജനത ഒരൊറ്റ നീതി എന്നുള്ള നവീനമായ വ്യഖ്യാനമാണ് ലോകമെമ്പാടും പ്രചരിക്കുന്നത്. ആലുവ സർവ്വമതസമ്മേളനാനന്തരം ഗുരു ശിവഗിരിയിൽ മതമഹാപാഠശാല സ്ഥാപിച്ചു. ഉപനിഷത്തുകളും വേദ ഗ്രന്ഥങ്ങളും ഖുർആനും ബൈബിളും എല്ലാം ഇവിടെ പാഠ്യവിഷയങ്ങളാണ്. ശിവഗിരിയിലെ ഇന്നത്തെ സ്വാമിമാർ ഇവിടെ അദ്ധ്യയനം ചെയ്താണ് ഗുരുവിന്റെ ഏകലോക സന്ദേശവുമായി ലോകമെങ്ങും സഞ്ചരിക്കുന്നതെന്നും സ്വാമി പറഞ്ഞു.

-----------------------------------

മെൽബൺ:രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കാനും മാനവരാശിയെ ഏകതയിലേക്ക് നയിക്കുവാനും

ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ നടന്ന ലോകമത പാർലമെന്റ് പോലുള്ള സമ്മേളനങ്ങൾ സഹായകമാകുമെന്നും സമാധാനത്തിന്റെ മാതൃകയാണ് ശിവഗിരി മഠം ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതെന്നും വിക്ടോറിയയുടെ ഗവ. പ്രീമിയർ ജസീന്ത അലൻ പറഞ്ഞു. വളരെക്കാലമായി ഭാരതവും ഓസ്‌ട്രേലിയയും തമ്മിൽ നയപരമായ കാര്യങ്ങളിൽ വളരെ നല്ല ബന്ധമാണ് ഉള്ളത്. നൂറ് വർഷങ്ങൾക്ക് മുൻപ് ഗുരുദേവൻ ആലുവയിൽ സംഘടിപ്പിച്ച സർവ്വമത സമ്മേളനത്തിന്റെ ശതാബ്‌ദി ആഘോഷം വിക്ടോറിയൻ പാർലമെന്റിൽ നടത്തുവാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം ഉണ്ടെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തവും ഊഷ്മളവുമാകുവാൻ വിക്ടോറിയൻ പാർലമെന്റിലൂടെ സാദ്ധ്യമായെന്നും ജസീന്ത അലൻ പറഞ്ഞു. ഭാരതവും ശിവഗിരി മഠവും സന്ദർശിക്കുന്നതിനുള്ള ധർമ്മസംഘം ട്രസ്റ്റിന്റെ ക്ഷണം സ്നേഹപൂർവ്വം സ്വീകരിക്കുന്നുവെന്നും സമയത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് തിരക്ക് പിടിച്ച ജീവിതത്തിന് ഇടയിലും എത്തിച്ചേരാൻ ശ്രമിക്കുമെന്നും അവർ പറഞ്ഞു.

---------------------------------------------------

മെൽബൺ: മതവും മതദർശനവും പഠിപ്പിക്കുന്ന സ്നേഹത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ലോകമെമ്പാടും എത്തിച്ച നന്മയുടെ നവദീപങ്ങൾ തെളിയിക്കുവാൻ ആസ്‌ട്രേലിയയിൽ നടന്ന ലോകമതപാർലമെന്റിലൂടെ സാദ്ധ്യമാകുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽസെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു . ആലുവ സർവ്വമത സമ്മേളന ശതാബ്‌ദി നിറവ് വിക്ടോറിയൻ പാർലമെന്റിൽ സമാധാനത്തിന്റെ നവീനദ്ധ്യായം രചിച്ചു. വാദിക്കാനും ജയിക്കുവാനുമല്ല അറിയുവാനും അറിയിക്കുവാനുമാണ് എന്ന സർവ്വമത സമ്മേളനത്തിന്റെ വിളംബര സന്ദേശം ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ ആഗോളതലത്തിൽ വ്യാപിപ്പിച്ചുകൊണ്ട് മത വൈരത്തിനും മത വിദ്വേഷത്തിനും എതിരെയുള്ള തയ്യാറെടുപ്പാണ് ശതാബ്‌ദി സമ്മേളനമെന്നും സ്വാമി പറഞ്ഞു.ആസ്ട്രേലിയൻ ലോകമതപാർലമെന്റ് സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി

.....................................................................

ശ്രീനാരായണഗുരു ഗ്ലോബൽ ഹാർമണി അവാർഡ് ശിവഗിരി മഠത്തിന് സമർപ്പിച്ചു. 

മെൽബൺ: ഗുരുദേവ സന്ദേശങ്ങൾക്കുള്ള കാലികമായ പ്രസക്തിയെ അംഗീകരിച്ചുകൊണ്ട് ആസ്ട്രേലിയൻ സർക്കാരിന്റെ ശ്രീനാരായണഗുരു ഗ്ലോബൽ ഹാർമണി അവാർഡ് ശ്രീനാരായണ ധർമ്മസംഘത്തിന് സമർപ്പിച്ചു. ശിവഗിരി മഠം നിർവ്വഹിച്ചു പോരുന്ന ലോകസമാധാനത്തിന്റെയും മത സമന്വയദർശനത്തിന്റെയും പ്രാധാന്യം മനസിലാക്കി ശിവഗിരി മഠത്തോടുള്ള ആദരവായണ് അവാർഡ് സമർപ്പണം നടന്നത്. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽസെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, മുൻ ട്രഷറർ സ്വാമി വിശാലാനന്ദ, സ്വാമി ധർമ്മചൈതന്യ, സ്വാമി അസംഗാനന്ദഗിരി, സ്വാമി വീരേശ്വരാനന്ദ എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ആദ്യമായാണ് ഒരു വിദേശരാജ്യം മഠത്തെ ആദരിച്ചുകൊണ്ട് ഇപ്രകാരം ഒരു പുരസ്‌കാരം നൽകുന്നത്.